ചാന്‍സലര്‍ പദവി ഒഴിയുന്നതിന് മുമ്പ് ആഞ്ചല മെര്‍ക്കല്‍ വത്തിക്കാനിലെത്തും; മാര്‍പ്പാപ്പയുമായുള്ള കൂടിക്കാഴ്ച വ്യാഴാഴ്ച

 ചാന്‍സലര്‍ പദവി ഒഴിയുന്നതിന് മുമ്പ് ആഞ്ചല മെര്‍ക്കല്‍ വത്തിക്കാനിലെത്തും; മാര്‍പ്പാപ്പയുമായുള്ള കൂടിക്കാഴ്ച വ്യാഴാഴ്ച

വത്തിക്കാന്‍ സിറ്റി: സ്ഥാനമൊഴിയുന്നതിനു മുമ്പ് ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു. അടുത്ത വ്യാഴാഴ്ച മെര്‍ക്കല്‍ വത്തിക്കാനിലെത്തി മാര്‍പ്പാപ്പയെ കാണും. ജര്‍മ്മന്‍ സര്‍ക്കാരിന്റെ വക്താവ് സ്റ്റീഫന്‍ സീബര്‍ട്ടാണ് ഇക്കാര്യം അറിയിച്ചത്.

ഒന്നര പതിറ്റാണ്ട് ജര്‍മ്മനിയെ നയിച്ച ആഞ്ചല മെര്‍ക്കല്‍ പദവിയൊഴിയാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേയാണ് മാര്‍പ്പാപ്പയെ സന്ദര്‍ശിക്കുന്നത്. വത്തിക്കാനില്‍ പാപ്പയുമായി നടത്തുന്ന കൂടിക്കാഴ്ചക്ക് ശേഷം കൊളോസിയത്തിന് സമീപം സാന്‍ എജിഡിയോ എന്ന സംഘടന നടത്തുന്ന സമാധാന സമ്മേളനത്തിലും അവര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയോടൊപ്പം പങ്കെടുക്കും. ജര്‍മ്മന്‍ ചാന്‍സലര്‍ എന്ന നിലയില്‍ അവര്‍ നടത്തുന്ന അവസാനത്തെ ഔദ്യോഗിക സന്ദര്‍ശനമായിരിക്കും ഇത്.

2005ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മരണത്തിന് ഏതാനും മാസങ്ങള്‍ക്കു ശേഷമാണ് ജര്‍മ്മനിയുടെ ഭരണം ആഞ്ചല മെര്‍ക്കല്‍ ഏറ്റെടുക്കുന്നത്. ഇതിന് ശേഷം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ഭരണകാലയളവില്‍ ഒരുതവണ അവര്‍ വത്തിക്കാന്‍ സന്ദര്‍ശിച്ചിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്ഥാനാരോഹണ ബലിയില്‍ മെര്‍ക്കലിന്റെ സാന്നിധ്യമുണ്ടായിരുന്നു. പിന്നീട് മൂന്നു തവണ അവര്‍ വത്തിക്കാന്‍ സന്ദര്‍ശിച്ചു.

കഴിഞ്ഞ മാസം നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ആംഗല മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ ഇടതുപക്ഷാനുഭാവ പാര്‍ട്ടിയായ സോഷ്യല്‍ ഡെമോക്രാറ്റ്‌സിനോട് നേരിയ ഭൂരിപക്ഷത്തിന് പരാജയപ്പെട്ടിരുന്നു. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 25.7 ശതമാനവും 206 സീറ്റുകളും സോഷ്യല്‍ ഡെമോക്രാറ്റ്‌സ് പാര്‍ട്ടി നേടിയപ്പോള്‍ മെര്‍ക്കലിന്റെ പാര്‍ട്ടി 24.1 ശതമാനം വോട്ടുകള്‍ നേടി
196 സീറ്റുകളിലാണ് വിജയിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.