ക്രൈസ്തവരുടെ പോരാട്ടം തിന്മയുടെ ശക്തികള്‍ക്കെതിരെ; അതിന് സഭകള്‍ ഒന്നിക്കണം: ഇത് കാലത്തിന്റെ മുന്നറിയിപ്പാണ്

ക്രൈസ്തവരുടെ പോരാട്ടം തിന്മയുടെ ശക്തികള്‍ക്കെതിരെ;  അതിന് സഭകള്‍ ഒന്നിക്കണം: ഇത് കാലത്തിന്റെ മുന്നറിയിപ്പാണ്

ജഡ രക്ത വാഹിയായ മറ്റൊരു മനുഷ്യനോടും ഏതെങ്കിലും വിധത്തിലുള്ള ഒരു പോരാട്ടമല്ല നമുക്കുള്ളത്. നമ്മുടെ പോരാട്ടം പൈശാചിക ശക്തികളുടെ പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാര ലോകത്തിന്റെ അധിപന്മാര്‍ക്കും തിന്മയുടെ ശക്തികള്‍ക്കും എതിരേയാണ്.

കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളില്‍ നിന്നുള്ള വിശ്വാസികള്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിച്ച് തങ്ങള്‍ നേരിടുന്ന പൊതുവായ വിഷയങ്ങളുടെ പേരില്‍ പ്രതികരിക്കുന്ന ചിത്രം വളരെ പ്രതീക്ഷാ നിര്‍ഭരമായ ഒരു കാഴ്ചയായിരുന്നു. ഒരു ആത്മീയ സമ്മേളനത്തിന് ഒരുമിച്ചുകൂടാന്‍ കഴിയാത്തവര്‍ ഒരു പ്രതിസന്ധി ഘട്ടത്തിലെങ്കിലും ഒരുമിച്ചുകൂടിയിരിക്കുന്നു എന്നത് ശുഭകരം തന്നെ.

തങ്ങള്‍ നേരിടുന്ന പ്രതികൂലങ്ങളില്‍ അനുകമ്പയോടെ കൂടെ നില്‍ക്കാന്‍ മാധ്യമങ്ങളോ രാഷ്ട്രീയക്കാരുടെ പിന്തുണയോ ഇല്ല. ഇവിടെ നാം തനിച്ചാണ് എന്ന ഭാരത ക്രൈസ്തവന്റെ ഈ വൈകിയ വേളയിലെങ്കിലുമുള്ള തിരിച്ചറിവ് വരുവാനുള്ള നല്ല നാളുകളുടെ തുടക്കമാകട്ടെ.

ക്രിസ്തു വിശ്വാസത്തെ ദൃശ്യവേദ്യമാക്കുന്നതിനും അതിനെ അനുദിന ആരാധനാ ജീവിതത്തില്‍ ആവിഷ്‌കരിക്കുന്നതിനും ക്രൈസ്തവ സഭകള്‍ക്ക് പരമ്പരാഗതമായ സമ്പ്രദായങ്ങളുണ്ട്. വിശ്വാസ വിഷയങ്ങളിലുള്ള പ്രകടമായ ഈ വൈവിധ്യങ്ങളും അതിനു വിവിധ സഭകള്‍ നല്‍കുന്ന ദൈവശാസ്ത്ര വ്യാഖ്യാനങ്ങളും ക്രൈസ്തവ സഭകളെ തമ്മില്‍ ഭിന്നിപ്പിച്ചു നിര്‍ത്തിയ ഒരു ഘടകമാണ്. വിശ്വാസവിഷയങ്ങളില്‍ സഭകള്‍ വച്ചുപുലര്‍ത്തുന്ന സത്യസന്ധമായ തീഷ്ണതയാണ് വാസ്തവത്തില്‍ സഭകളെ ഇതിനു പ്രേരിപ്പിക്കുന്നത് എന്ന് നിഷ്പക്ഷമായി നിരീക്ഷിച്ചാല്‍ മനസിലാകും.

ഇതുകൂടാതെ മനുഷ്യവംശം കടന്നുവന്ന വ്യത്യസ്ത കാലഘട്ടങ്ങളുടെയും സംസ്‌കാരങ്ങളുടെയും സ്വാധീനവും കാലാകാലങ്ങളില്‍ ക്രൈസ്തവ തത്വദര്‍ശനങ്ങളിലുണ്ടായ വളര്‍ച്ചയും അവയുടെ പ്രയോഗങ്ങളുമെല്ലാം വിവിധ സഭകളെ അകലങ്ങളിലേക്ക് തള്ളി മാറ്റിയ ഘടകങ്ങളാണ്. സഭകള്‍ തമ്മില്‍ വച്ചുപുലര്‍ത്തുന്ന ഈ അകലം ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് ഭാരത സഭകളെ, പ്രത്യേകിച്ച് കേരളത്തിലെ ക്രൈസ്തവ സഭകളെയാണ്.

വിശ്വാസ പ്രഖ്യാപനങ്ങളുടെ പേരില്‍ ക്രൈസ്ത വസഭകളില്‍ നിറഞ്ഞു നില്‍ക്കുന്ന വൈവിധ്യങ്ങള്‍ ത്രീത്വദൈവ വിശ്വാസത്തിന്റെ പ്രത്യേകതയാണ്. വാസ്തവത്തില്‍ ഈ പ്രത്യേകതയാണ് ഇതര മതവിശ്വാസങ്ങളില്‍ നിന്ന് ക്രൈസ്തവികതയെ വ്യത്യസ്തമാക്കുന്നത്.

കൃപാ വരങ്ങളില്‍ വൈവിധ്യം പ്രകടിപ്പിക്കുന്നത് ഒരേ ആത്മാവാണെന്നും ശുശ്രൂഷകളില്‍ വൈവിധ്യം പ്രകടിപ്പിക്കുന്നത് ഒരേ കര്‍ത്താവു തന്നെയാണെന്നും പ്രവൃത്തികളില്‍ വൈവിധ്യമുണ്ടെങ്കിലും എല്ലാവര്‍ക്കും എല്ലാറ്റിലും പ്രചോദനം നല്‍കുന്ന ദൈവം ഒന്നുതന്നെയാണെന്നും (1 കൊറി 12: 4-6) വചനം അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു.

ദൈവ സ്ഥാപിതമാണ് ക്രൈസ്തവ സഭയിലെ വൈവിധ്യങ്ങള്‍. വൈവിധ്യങ്ങളുടെ മധ്യേയും സഭകള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത് ക്രിസ്തു എന്ന തായ്ത്തണ്ടിനോട് ചേര്‍ന്നു നില്‍ക്കുന്ന വിവിധ ശാഖകളാണ് തങ്ങളെന്ന ഏകതാബോധമാണ്.

അടിമത്വം - സ്വതന്ത്ര്യം എന്ന പ്രകടമായ സാമൂഹിക വ്യസ്ഥിതികള്‍ക്കു മധ്യേയും യഹൂദന്‍ - യവനന്‍ എന്ന സാംസ്‌കാരിക വൈവിധ്യങ്ങള്‍ക്കു മധ്യേയും സ്ത്രീ -പുരുഷന്‍ എന്ന മാനുഷിക പ്രത്യേകതകള്‍ക്കിടയിലും നാമെല്ലാവരും ക്രിസ്തുവില്‍ ഒന്നാണ് എന്ന ഏകതാബോധം ഉയര്‍ത്തിപ്പിടിക്കാന്‍ ആഹ്വാനം ചെയ്യുന്ന വചനത്തിലെ ആത്മാവിനെ ഉള്‍ക്കൊള്ളാന്‍ സാധിച്ചാല്‍ സഭകളുടെ വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് ഒന്നിച്ചുനില്‍ക്കാന്‍ ക്രൈസ്തവര്‍ക്ക് കഴിയും.

സഭകളുടെ താത്വിക വ്യാഖ്യാനങ്ങള്‍ക്കും ആരാധനാ സമ്പ്രദായങ്ങള്‍ക്കും അപ്പുറത്ത് ക്രിസ്തുവില്‍ തങ്ങളെല്ലാം ഒന്നാണ് എന്ന തിരിച്ചറിവാണ് ഇനിയുള്ള കാലത്തിന് ശക്തി പകരേണ്ടത്. അതിനൊരു തുടക്കമായിരുന്നു സെക്രട്ടേറിയറ്റു പടിക്കല്‍ നടന്ന ധര്‍ണ.

കേരളത്തിലെ വിവിധ സാംസ്‌കാരിക, ദൈവശാസ്ത്ര പശ്ചാത്തലത്തിലുള്ള ക്രൈസ്തവ സമൂഹമായ നമ്മള്‍ ഒരു ശരീരത്തിന്റെ ഭാഗമാണെന്ന (എഫേസ്യര്‍ 4:25) അടിയുറച്ച ബോധ്യത്തോടെ നില്‍ക്കുമെങ്കില്‍ ഒരു വഴിയായി നമുക്കെതിരേ വരുന്ന പ്രതിലോമ ശക്തികള്‍ പലവഴിയായി ഓടുന്നത് നാം കാണും. കാലഘട്ടത്തിന്റെ വെല്ലുവിളികളെ ഒരുമിച്ചു നേരിടാന്‍ തയ്യാറായാല്‍ അത്ഭുതങ്ങളും മുന്നേറ്റങ്ങളും നമുക്ക് നേരിട്ട് കാണാന്‍ സാധിക്കും.

സീയോന്‍ പര്‍വ്വതനിരകളില്‍ പെയ്തിറങ്ങുന്ന ഹെര്‍മോന്‍ തുഷാരം പോലെ ഉന്നതത്തില്‍ നിന്നും പെയ്തിറങ്ങുന്ന അനുഗ്രങ്ങളും അനന്തമായ ദൈവിക ജീവനും പകരപ്പെടുന്നത് സഹോദരന്മാര്‍ ഏകമനസോടെ ഒരുമിച്ചു വസിക്കുന്നിടത്താണ് എന്നു സങ്കീര്‍ത്തനത്തില്‍ (133) പാടുന്നു. നാം വിഘടിച്ചു നില്‍ക്കേണ്ടവരല്ല, ഒരുമിച്ച് മുന്നേറേണ്ടവരാണ്.

സഭകളുടെയും റീത്തുകളുടെയും പാരമ്പര്യ ബോധ്യങ്ങളുടെയും വൈവിധ്യങ്ങളുടെ മധ്യേ ക്രിസ്തുവില്‍ ഒന്നായി നിലനിന്നുകൊണ്ട് വെല്ലുവിളികളെ നേരിടാനുള്ള തയ്യാറെടുപ്പാണ് നമുക്കു വേണ്ടത്. കേരളത്തില്‍ ക്രൈസ്തവ സമൂഹം നേരിടുന്ന എല്ലാ സാമൂഹിക, രാഷ്ട്രീയ വെല്ലുവിളികളെയും നന്മയ്ക്കായി പരിണമിപ്പിക്കുവാന്‍ ദൈവത്തിനു സാധിക്കുമെന്ന അടിയുറച്ച പ്രത്യാശയും ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്.

റീത്തുകളുടെ പേരില്‍, വിശ്വാസ വിഷയങ്ങളുടെ വ്യാഖ്യാനങ്ങളുടെ പേരില്‍, പാരമ്പര്യങ്ങളുടെയും പാരമ്പര്യേതര കാഴ്ചപ്പാടുകളുടെയും പേരില്‍ വിഘടിച്ചു നിന്നാല്‍ അടുത്ത നൂറ്റാണ്ടില്‍ നമ്മുടെ വിശ്വാസ ദീപശിഖയേന്താന്‍ ആരും ഉണ്ടാകില്ല എന്ന തിരിച്ചറിവ് ഓരോ ക്രിസ്ത്യാനിക്കും ഉണ്ടാകണം. സഭാ വ്യത്യാസത്തിന്റെ പേരില്‍ മറ്റൊരു ക്രൈസ്തവനെ ശത്രുവിനെപ്പോലെ കാണുകയും ആക്ഷേപിക്കുകയും ചെയ്യുന്ന കഴിഞ്ഞകാല നിലപാടുകള്‍ തിരുത്താന്‍ ഈ തലമുറ തയ്യാറാകണം.

ക്രൈസ്തവ സമൂഹത്തെ തമ്മില്‍ ഭിന്നിപ്പിക്കുന്ന എല്ലാ പ്രസ്താവനകളില്‍ നിന്നും സകല എഴുത്തുകാരും പ്രസംഗകരും പിന്‍വാങ്ങുകയും അതിനു തുനിയുന്നവരെ ഒറ്റപ്പെടുത്തുകയും വേണം. ഇത് നിലനില്‍പ്പിനുവേണ്ടിയുള്ള ഈ പോരാട്ടത്തിന്റെ സമയമാണ്.

ജഡ രക്ത വാഹിയായ മറ്റൊരു മനുഷ്യനോടും ഏതെങ്കിലും വിധത്തിലുള്ള ഒരു പോരാട്ടമല്ല നമുക്കുള്ളത്. നമ്മുടെ പോരാട്ടം പൈശാചിക ശക്തികളുടെ പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാര ലോകത്തിന്റെ അധിപന്മാര്‍ക്കും തിന്മയുടെ ശക്തികള്‍ക്കും എതിരേയാണ്. ഈ ശക്തികള്‍ പ്രകോപിതരാക്കി ഇളക്കി വിടുന്ന കുറെ മനുഷ്യരെയെല്ല, അവര്‍ക്കു പിന്നിലുള്ള ദുരാത്മാക്കളെയാണ് നാം തിരിച്ചറിയേണ്ടത്.

അതിനാല്‍ സത്യം കൊണ്ട് അരമുറുക്കി, നീതിയുടെ കവചം ധരിച്ച്, സമാധാന സുവിശേഷത്തിന്റെ പാദരക്ഷകളും വിശ്വാസത്തിന്റെ പരിചയും രക്ഷയുടെ പടത്തൊപ്പിയും ദൈവവചനമാകുന്ന ആത്മാവിന്റെ വാളും കൈയിലേന്തി വേണം ദുര്‍ദിനങ്ങളെ നാം ഭേദിച്ച് മുന്നേറേണ്ടത്. ഈ പോര്‍ക്കളത്തില്‍ പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും പിന്‍ബലം വേണം. ഉപവാസവും പ്രാര്‍ത്ഥനയുമില്ലാതെ ഇന്ന് നാം നേരിടുന്ന എതിരാളികളെ ഉച്ഛാടനം ചെയ്യാന്‍ കഴിയില്ല എന്ന തിരിച്ചറിവാണ് ക്രൈസ്തവ സഭയ്ക്ക് ഇനി ഉണ്ടാകേണ്ടത്.

മാത്യൂ ചെമ്പുകണ്ടത്തില്‍



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.