താജ്മഹലിനുള്ളില്‍ കാവിക്കൊടി പറത്തി

താജ്മഹലിനുള്ളില്‍ കാവിക്കൊടി പറത്തി

ആഗ്ര: “താജ്മഹല്‍ ശരിക്കും തേജോ മഹാലയ എന്ന ശിവക്ഷേത്രം ആയിരുന്നു” എന്നവകാശപ്പെട്ട് വിജയദശമി ദിനത്തില്‍ താജ്മഹലിനുള്ളില്‍ കാവിക്കൊടി പറത്തി.  താജ്മഹലിനുള്ളില്‍ കാവിക്കൊടിയുമായി ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍.

വിജയദശമി ദിനത്തിലാണ് നാല് പേര്‍ താജ്മഹലിനുള്ളില്‍ പ്രവേശിച്ച് കൊടി പറത്തിയത്. ഹിന്ദു ജാഗരണ്‍ മഞ്ചിന്‍റെ ആഗ്ര പ്രസിഡന്‍റ് ഗൌരവ് താക്കൂറിന്‍റെ നേതൃത്വത്തിലായിരുന്നു കാവിക്കൊടി പറത്തല്‍. താജ്മഹല്‍ ശരിക്കും തേജോ മഹാലയ എന്ന ശിവക്ഷേത്രം ആയിരുന്നുവെന്ന് ഗൌരവ് താക്കൂര്‍ അവകാശപ്പെട്ടു.

ഇതിനകം അഞ്ച് തവണ താജ്മഹലിനുള്ളിലെത്തി താന്‍ ശിവ ഭഗവാനോട് പ്രാര്‍ഥിച്ചിട്ടുണ്ട്. ഹിന്ദുക്കള്‍ക്ക് ഈ സ്മാരകം കൈമാറുന്നത് വരെ ഇത് തുടരുമെന്നും ഗൌരവ് താക്കൂര്‍ വ്യക്തമാക്കി. കാവിക്കൊടി പറത്തിയതിന്‍റെ ദൃശ്യങ്ങളും ചിത്രീകരിച്ചിട്ടുണ്ട്.

വീഡിയോയില്‍ ഗൌരവ് താക്കൂര്‍ താജ് കോമ്പൌണ്ടില്‍ ഒരു ബെഞ്ചില്‍ ഇരിക്കുന്നത് കാണാം. അടുത്തൊരാള്‍ കാവിക്കൊടി പിടിച്ച് നില്‍ക്കുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരാളാണ് വീഡിയോ ചിത്രീകരിച്ചത്. യുവാക്കളുടെ കയ്യിലുണ്ടായിരുന്നത് ആര്‍എസ്എസ് കൊടി അല്ലെന്നും വിജയ ദശമി പതാകയാണെന്നുമാണ് ബിജെപി നേതാവ് മനീഷ് ശുക്ല പറഞ്ഞത്.

ഇത് എപ്പോഴാണ് സംഭവിച്ചത് എന്ന് അറിയില്ലെന്നും ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും സിഐഎസ്എഫ് കമാന്‍ഡന്‍റ് രാഹുല്‍ യാദവ് പ്രതികരിച്ചു.

“താജ് കോമ്പൌണ്ടില്‍ പേന പോലും സുരക്ഷാ കാരങ്ങളാല്‍ വിലക്കിയിട്ടുണ്ട്. ദൃശ്യങ്ങള്‍ യഥാര്‍ഥമാണെങ്കില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിനും മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചതിനും യുവാക്കള്‍ക്കെതിരെ കോസെടുക്കാവുന്നതാണ്”- പേര് വെളിപ്പെടുത്താതെ ലക്നൌവിലെ ഒരു പൊലീസ് ഓഫീസര്‍ പറഞ്ഞെന്ന് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.