വണ്ണം കുറയ്ക്കാന്‍ സര്‍ജറികള്‍ ചെയ്യുന്നവര്‍ സൂക്ഷിക്കുക !

വണ്ണം കുറയ്ക്കാന്‍ സര്‍ജറികള്‍ ചെയ്യുന്നവര്‍ സൂക്ഷിക്കുക !

അമിത വണ്ണം ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ്. വണ്ണം കുറയ്ക്കുന്നതിന് വേണ്ടി ജീവിത ശൈലികളില്‍ ധാരാളം മാറ്റങ്ങള്‍ നമ്മള്‍ വരുത്താറുണ്ട്. ആരോഗ്യകരമായ രീതിയില്‍ ഇതിന് ശ്രമിക്കുന്നതാണ് ഉത്തമം. ബാലന്‍സ്ഡ് ഡയറ്റ്, കൃത്യമായ വ്യായാമം എന്നിങ്ങനെ വണ്ണം കുറയ്ക്കാന്‍ ശരിയായ മാര്‍ഗങ്ങള്‍ തന്നെ തെരഞ്ഞെടുക്കണം.

എന്നാല്‍ ചിലരെങ്കിലും ഇതിനായി സര്‍ജറികളെ ആശ്രയിക്കാറുണ്ട്. ഈ സര്‍ജറികള്‍ തന്നെ പല വിഭാഗത്തില്‍ പെടുന്നതാണ്. ഇത്തരം സര്‍ജറികള്‍ ഇന്ന് അപൂര്‍വമല്ലതാനും.  എന്നാല്‍ ഇക്കൂട്ടത്തില്‍ പെടുന്ന ഗ്യാസ്ട്രിക് ബൈപാസ് എന്ന സര്‍ജറിക്ക് പിന്നീട് ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാമെന്നാണ് പുതിയ പഠനം അവകാശപ്പെടുന്നത്. യൂണിവേഴ്സിറ്റി ഓഫ് മിഷിഗണ്‍ ഹെല്‍ത്തില്‍ നിന്നുള്ള ഗവേഷകരാണ് ഇത്തരമൊരു പഠനത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്.

വണ്ണം കുറയ്ക്കുന്നതിന് വേണ്ടി ആമാശയത്തില്‍ നടത്തുന്ന സ്ലീവ് ഗ്യാസ്ട്രെക്ടമിയും ഗ്യാസ്ട്രിക് ബൈപാസും തമ്മിലുള്ള താരതമ്യമാണ് പ്രധാനമായും പഠനം ഉയര്‍ത്തിക്കാട്ടുന്നത്. ഇവ രണ്ടുമാണ് ഏറ്റവുമധികം പേര്‍ ആശ്രയിക്കുന്ന രണ്ട് സര്‍ജറികള്‍.

ആമാശയത്തിന്റെ ഒരു ഭാഗം സര്‍ജറിയിലൂടെ നീക്കം ചെയ്ത് അതിനെ പതിനഞ്ച് ശതമാനത്തോളം ചുരുക്കിയെടുക്കുകയാണ് സ്ലീവ് ഗ്യാസ്ട്രെക്ടമിയില്‍ ചെയ്യുന്നത്. ഫലത്തില്‍ ആമാശയം ഒരു ട്യൂബ് (അല്ലെങ്കില്‍ സ്ലീവ്) പരുവത്തിലേക്കെത്തും.

അതേസമയം ആമാശയത്തെ പല അറകളാക്കി മാറ്റി അവകളെ കുടലുമായി ബന്ധപ്പെടുത്തി വെയ്ക്കുകയാണ് ഗ്യാസ്ട്രിക് ബൈപാസ് സര്‍ജറിയില്‍ ചെയ്യുന്നത്. ഇതില്‍ പിന്നീട് ആരോഗ്യപരമായ റിസ്‌കുകള്‍ ഉണ്ടാകാമെന്നാണ് പഠനം പറയുന്നത്. സ്ലീവ് ഗ്യാസ്ട്രെക്ടമിയാകുമ്പോള്‍ ആ റിസ്‌ക് ഇല്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ സ്ലീവ് ഗ്യാസ്ട്രെക്ടമിയില്‍ സര്‍ജറിക്ക് ശേഷം വീണ്ടും തുടര്‍ സര്‍ജറികള്‍ വേണ്ടിവരുന്ന സാഹചര്യമുണ്ടാകാം. പലരും ഇതിന് മടിച്ചാണ് ഗ്യാസ്ട്രിക് ബൈപാസ് തെരഞ്ഞെടുക്കുന്നതത്രേ. എന്നാല്‍ ഇതിന്റെ റിസ്‌കുകള്‍ കൃത്യമായി രോഗികളെ ധരിപ്പിക്കേണ്ടത് ഡോക്ടര്‍മാരുടെ ഉത്തരവാദിത്തം തന്നെയാണെന്നും അതിന് ശേഷവും അവരത് തെരഞ്ഞെടുക്കുകയാണെങ്കില്‍ അത് അംഗീകരിക്കാമെന്നും പഠനം പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.