ഐപിഎല്‍ പോലുളള ടൂർണമെന്‍റുകളില്‍ പലപ്പോഴും ഒരു ടീമിന് 14 മത്സരങ്ങളാണ് ഉളളത്. പലപ്പോഴും ചില ഘട്ടങ്ങള്‍ ചില ടീമുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. അതുപോലെതന്നെ തുടക്കത്തില്‍ പരാജയപ്പെടുന്ന ടീമുകള്‍ പിന്നീട് തുടരെ മത്സരങ്ങള്‍ ജയിച്ച് ഫൈനലിലെത്തി അവിടെയും വിജയം നേടുന്നതും ഐപിഎല്ലില്‍ കണ്ടിട്ടുണ്ട്. ചെന്നൈ സൂപ്പർകിംഗ്സും മുംബൈ ഇന്ത്യന്‍സുമൊക്കെ അത്തരത്തില്‍ കടന്നുവന്നിട്ടുളള ടീമുകളാണ് പലപ്പോഴും.
എല്ലാ മത്സരങ്ങളും ജയിച്ചുവരുന്ന ചില ടീമുകള്‍ക്ക് ചെറിയ പാകപ്പിഴകള്‍ കൊണ്ട് സീസണ്‍ മൊത്തം പ്രശ്നത്തിലാവാറുമുണ്ട്. പരുക്കിന്‍റെ ചില പ്രശ്നങ്ങളൊഴിച്ചു നിർത്തിയാല്‍ എല്ലാ മേഖലകളിലും സ്ഥിരത പുലർത്തി നല്ല പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിഞ്ഞ ടീമായിരുന്നു ഡെല്‍ഹി ക്യാപിറ്റല്‍സ്.അമിത് മിശ്ര, രവിചന്ദ്രന്‍ അശ്വിന്‍, ഋഷഭ് പന്ത് ഇവരൊക്കെ പുറത്താകുമ്പോഴും ഉള്‍ക്കാമ്പുളള ടീമായതുകൊണ്ടുതന്നെ സ്ഥിരതയുളള പ്രകടനം കാഴ്ചവയ്ക്കാന്‍ അവർക്ക് കഴിഞ്ഞിരുന്നു. ആന്‍റ്ട്രിച്ച് സ്നോജയെ പുറത്തിരുത്തി ഡാനിയേല്‍ സാംസിന് ഒരു അവസരം കൊടുക്കുന്നു. വിശ്രമം അനുവദിക്കുകയെന്നുളള രീതിയിലാണ് ആ തീരുമാനമെടുത്തതെങ്കിലും അതിന് ശേഷം മൂന്നാമത്തെ തോല്‍വിയാണ് ഡെല്‍ഹി ക്യാപിറ്റല്‍സ് ഏറ്റുവാങ്ങുന്നത്. ഇതുവരെയും പ്ലേ ഓഫ് ഉറപ്പിക്കാറായിട്ടില്ല. പ്ലേ ഓഫിലേക്ക് കേറില്ലെന്ന് പറയാനാവില്ല. പക്ഷെ ഒരു മോശം കാലത്തിലൂടെയാണ് അവർ പോകുന്നത്.
കഴിഞ്ഞ രണ്ട് പരാജയങ്ങള്‍ക്ക് ശേഷം ഇരുന്ന് ചിന്തിക്കാന്‍ അവസരമുണ്ടായെന്ന് ശ്രേയസ് അയ്യർ പറഞ്ഞുവെങ്കിലും ഒരു ഭയവും സമ്മർദ്ദവും ഇല്ലാതെ കളിച്ച സണ്‍റൈസേഴ്സ് ഹൈദരാബാദിനുമുന്നില്‍ അടി പതറുകയായിരുന്നു. ചില കാര്യങ്ങളിലെ തീരുമാനങ്ങള്‍ അവർക്ക് പിഴച്ചുവെന്ന് പറയേണ്ടിവരും. ആന്‍റ്ട്രിച്ച് സ്നോജയുടേയും കഗിസോ റബാഡയുടേയും തുടക്കത്തിലെ പന്തുകളെ സധൈര്യം നേരിട്ട ഡേവിഡ് വാർണറാണ് ഇത്രയും നല്ല ടോട്ടലിലേക്ക് സണ്‍റൈസേഴ്സിനെ എത്തിച്ചത്. എല്ലാവരേയും അമ്പരിപ്പിച്ച പ്രകടനം വൃദ്ധിമാന്‍ സാഹയുടേതാണ്. അദ്ദേഹം വളരെ കുറഞ്ഞ സ്ട്രൈക്ക് റേറ്റിലാണ് മധ്യനിരയില്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോയിരുന്നത്. കഴിഞ്ഞ മത്സരത്തില്‍ 14 റണ്‍സെടുക്കുന്നതിനിടെ ഏഴ് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ മധ്യനിരയില്‍ ഒരു പരിചയസമ്പത്തിന്‍റെ കുറവുണ്ടെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലായിരിക്കാം വൃദ്ധിമാന്‍ സാഹയിലേക്ക് അവരുടെ തീരുമാനം പോയത്. മറ്റൊരു പ്രധാനപ്പെട്ട കാരണം ജോണി ബെയർസ്റ്റോയെ കളിപ്പിക്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്‍ വേണം. വൃദ്ധിമാന്‍ സാഹയ്ക്ക് മധ്യനിരയില്‍ പവർ പ്ലേ ഓവേഴ്സ് കഴിഞ്ഞാല്‍ ബുദ്ധിമുട്ടാകും എന്നുളളതുകൊണ്ട് അദ്ദേഹത്തിന് ഓപ്പണിംഗിലും അവസരം കൊടുക്കുകയാണുണ്ടായത്. ഏറ്റവും നിർണായകമായ കാര്യം ജെയ്സണ്‍ ഹോള്‍ഡറെന്ന വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റനെ കളിപ്പിക്കാന്‍ വേണ്ടിയാണ് ജോണി ബെയർസ്റ്റോയെ പുറത്തിരുന്നത്. കെയ്ന്‍ വില്ല്യംസണ്‍ കൂടിയെത്തുമ്പോള്‍ മധ്യനിര ശക്തിപ്പെടുകയും ചെയ്യും. അങ്ങനെയുളള ഒരു കൂട്ടുകെട്ട് പരീക്ഷിച്ച സണ്‍റൈസേഴ്സ് ഹൈദരാബാദിന് വലിയ നേട്ടമാണ് ഉണ്ടായത്. വലിയൊരു സ്കോറിലേക്ക് എത്താന്‍ സാധിക്കുന്നു. 160 എന്ന സ്കോറാണെങ്കില്‍ പോലും റാഷിദ് ഖാനെപോലൊരു ബൗളറുളളപ്പോള്‍, ജെയ്സണ്‍ ഹോള്‍ഡർ ഫോമിലേക്ക് എത്തുമ്പോള്‍, നട് രാജിന്‍റെ യോർക്കറുളളപ്പോള്‍ സണ്‍റൈസേഴ്സിനെ പിടിച്ചുകെട്ടുകയെന്നുളളത് എളുപ്പമല്ല. ഡേവിഡ് വാർണറെന്ന ക്യാപ്റ്റന്‍റെ ആവേശവും പ്രചോദനവും എടുത്തുപറയേണ്ടതാണ്.
ഓരോ വിക്കറ്റ് വീഴുമ്പോഴും ബാറ്റ് ചെയ്യുമ്പോഴുമെല്ലാം ഊർജ്ജം ടീം അംഗങ്ങളിലേക്ക് പകർന്ന് കൊടുക്കാന്‍ ഡേവിഡ് വാർണർക്ക് സാധിക്കുന്നുണ്ടെന്നുളളതാണ് അവരുടെ അടിത്തറ. അദ്ദേഹം നല്കിയ ആ ധൈര്യം ടീം ഏറ്റെടുത്തു. വൃദ്ധിമാന്‍ സാഹ, മനീഷ് പാണ്ഡെ എല്ലാവരും ആ ധൈര്യം ഏറ്റെടുത്ത് പൊരുതിയെന്നുളളത് ഡെല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിന്‍റെ പ്രത്യേകതയാണെന്ന് പറയാം.
സ്കോർ SRH 219/2 (20)DC 131 (19)
സോണി ചെറുവത്തൂർ
(കേരളാ രഞ്ജി ടീം മുന്‍ ക്യാപ്റ്റന്‍ , ഗോള്‍ഡ് 101.3 കമന്‍റേറ്റർ)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.