കാന്‍ബറ: ചന്ദ്രനില്‍ ചരിത്രം കുറിക്കുകയെന്ന ലക്ഷ്യവുമായി ഓസ്‌ട്രേലിയയും ബഹിരാകാശ പേടകം നിര്‍മിക്കാനൊരുങ്ങുന്നു. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ സഹകരണത്തോടെയാണ് ഓസ്‌ട്രേലിയ ബഹിരാകാശ പേടകം നിര്‍മിക്കുന്നത്. ഈ ദശകത്തില്‍തന്നെ ചന്ദ്രനിലേക്ക് പേടകം വിക്ഷേപിക്കുകയാണ് ഓസ്‌ട്രേലിയന്‍ ബഹിരാകാശ ഏജന്‍സിയുടെ ലക്ഷ്യം.
ഫെഡറല്‍ സര്‍ക്കാരാണ് ഇതുമായി ബന്ധപ്പെട്ട കരാര്‍ നാസയുമായി ഒപ്പിട്ടത്. ഓസ്‌ട്രേലിയന്‍ ബിസിനസുകാരുടെ പിന്തുണേയാടെയായിരിക്കും ശാസ്ത്രജ്ഞര്‍ പേടകം നിര്‍മിക്കുന്നത്. 2026-ല്‍ ചാന്ദ്ര ദൗത്യമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനാണ് ലക്ഷ്യമിടുന്നത്.
ചന്ദ്രനിലെ ഓക്‌സിജന്‍ ആറ്റങ്ങള്‍ അടങ്ങുന്ന മണ്ണ് ശേഖരിക്കുകയാണ് പേടകത്തിന്റെ ദൗത്യം. മണ്ണില്‍ നിന്ന് ഓക്‌സിജന്‍ വേര്‍തിരിച്ചെടുക്കാനുള്ള പ്രത്യേക ഉപകരണങ്ങളും പേടകത്തിലുണ്ടാകും. ബഹിരാകാശത്ത് മനുഷ്യജീവിതം സാധ്യമാക്കാന്‍ ഓക്‌സിജന്‍ എങ്ങനെ സഹായിക്കുമെന്ന് പഠനം നടത്തും.
ബഹിരാകാശ മേഖലയില്‍ 2018 ജൂലൈ മുതല്‍ 700 ദശലക്ഷത്തിലധികം ഡോളര്‍ സര്‍ക്കാര്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും ഈ പുതിയ കരാര്‍ ഓസ്‌ട്രേലിയയിലെ വ്യവസായ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു.
ഭാവിയില്‍ കൂടുതല്‍ ഗവേഷണത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഈ ചാന്ദ്ര ദൗത്യത്തിലൂടെ കഴിയും. ഇത്തരം പദ്ധതികളുടെ പ്രയോജനം ഓസ്‌ട്രേലിയക്കാര്‍ക്കു ലഭിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പാക്കും. ബഹിരാകാശ മേഖലയില്‍ കൈയ്യൊപ്പു ചാര്‍ത്താന്‍ ഓസ്ട്രേലിയയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച അവസരമാണിതെന്നും മോറിസണ്‍ പറഞ്ഞു.
2030 ആകുമ്പോഴേക്കും ബഹിരാകാശ മേഖലയിലെ ഓസ്‌ട്രേലിയയുടെ സാന്നിധ്യം മൂന്നിരട്ടിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിലൂടെ ഉയര്‍ന്ന തൊഴില്‍ നൈപുണ്യം ആവശ്യമുള്ള 20,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. വ്യവസായങ്ങള്‍ക്കും ഈ പദ്ധതി കരുത്തേകും. 50 മില്യണ്‍ ഡോളറാണ് സര്‍ക്കാര്‍ ഈ ദൗത്യത്തിനായി വകയിരുത്തിയിട്ടുള്ളത്. 20 കിലോഗ്രാമില്‍ താഴെ ഭാരമുള്ള പേടകമാണ് നിര്‍മിക്കുന്നത്.
പേടകം വികസിപ്പിക്കുന്നതിനുള്ള ദൗത്യത്തിന്റെ ഭാഗമാകാന്‍ ബിസിനസുകാര്‍ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കും ഈ വര്‍ഷം അവസാനം മുതല്‍ അപേക്ഷിക്കാന്‍ കഴിയും. വിജയികളാകുന്നവരില്‍നിന്ന് പദ്ധതിക്കായി സാമ്പത്തിക സംഭാവന സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.