ധീര സൈനികന് യാത്രമൊഴി നല്‍കി ജന്മനാട്; വൈശാഖിന്റെ മൃതദേഹം സംസ്‌ക്കരിച്ചു

 ധീര സൈനികന് യാത്രമൊഴി നല്‍കി ജന്മനാട്; വൈശാഖിന്റെ മൃതദേഹം സംസ്‌ക്കരിച്ചു

കൊല്ലം: രാജ്യത്തിന് വേണ്ടി ജീവന്‍ ബലി നല്‍കിയ ധീര സൈനികന്‍ വൈശാഖിന് യാത്രയയപ്പ് നല്‍കി ജന്മനാട്. പൂഞ്ചില്‍ പാക് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച വൈശാഖിന് അന്ത്യ യാത്രാമൊഴി നല്‍കാന്‍ ആയിരങ്ങളാണ് കൊല്ലം കുടവട്ടൂര്‍ ഗ്രാമത്തിലേക്ക് ഒഴുകിയെത്തിയത്. പാങ്ങോട് സൈനിക ക്യാമ്പില്‍ നിന്ന് വിലാപ യാത്രയായാണ് വൈശാഖിന്റെ ഭൗതികശരീരം കുടവട്ടൂരിലെ ജന്മനാട്ടിലേക്ക് എത്തിച്ചത്. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി അന്ത്യോപചാരം അര്‍പ്പിച്ചു.

വൈശാഖ് പഠിച്ച കുടവട്ടൂര്‍ എല്‍പി സ്‌കൂളിലേക്ക് വിലാപയാത്ര എത്തിയപ്പോഴേക്കും വന്ദേമാതരം വിളികളാല്‍ മുഖരിതമായിരുന്നു അന്തരീക്ഷം. പൊതുദര്‍ശനം അവസാനിപ്പിച്ച് വൈശാഖിന്റെ വീട്ടിലേക്ക് ദേശീയ പതാക പുതപ്പിച്ച് ഭൗതികശരീരം മാറ്റുമ്പോഴും വന്‍ ജനാവലി അനുഗമിച്ചു.

വൈശാഖിന്റെ അമ്മയുടെയും സഹോദരിയുടെയും സങ്കടം തടിച്ചു കൂടിയ ആള്‍ക്കൂട്ടത്തിലെ ഓരോ മനുഷ്യരുടെയും നൊമ്പരമായി. തുടര്‍ന്ന് സൈന്യത്തിലെ സഹപ്രവര്‍ത്തകര്‍ ഔദ്യോഗിക യാത്രാമൊഴി നല്‍കി. പിന്നാലെ ഭൗതിക ശരീരം സംസ്‌ക്കരിച്ചു. ഇരുപത്തി നാലാം വയസില്‍ നാടിനായി ജീവന്‍ ബലി നല്‍കിയ വൈശാഖ് ഇന്ത്യന്‍ സൈനിക ചരിത്രത്തിലെ ജ്വലിക്കുന്ന ഓര്‍മ്മയായി.

പൂഞ്ചില്‍ പാക് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു ഓഫീസറടക്കം അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. പൂഞ്ചിലെ വന മേഖലയില്‍ നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ച ഭീകരരും സൈന്യവും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. നാല് ഭീകരര്‍ ഈ മേഖലയിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം ഈ പ്രദേശത്തേക്ക് എത്തുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.