ആവിലായിലെ വിശുദ്ധ തെരേസ: 'മാലാഖയെപ്പോല്‍ പരിശുദ്ധയായ കന്യക'

ആവിലായിലെ വിശുദ്ധ തെരേസ:  'മാലാഖയെപ്പോല്‍ പരിശുദ്ധയായ കന്യക'

അനുദിന വിശുദ്ധര്‍ - ഒക്ടോബര്‍ 15

സ്പെയിനിലെ  ആവിലായില്‍ ഡോണ്‍ ആലോന്‍സോ സാഞ്ചസിന്റെയും ഡോണ ബിയാട്രിസ് ഡവീലയുടെയും മകളായി 1515 ല്‍ തെരേസ ജനിച്ചു. ബാല്യത്തില്‍ ആത്മീയ കാര്യങ്ങളില്‍ തെരേസ അതീവ താല്‍പ്പര്യത്തോടെ പങ്കെടുത്തെങ്കിലും തന്റെ പന്ത്രണ്ടാമത്തെ വയസില്‍ അമ്മയുടെ മരണശേഷം ലൗകിക ജീവിതത്തിന്റെയും ആഡംബരത്തിന്റെയും പിന്നാലെ അവള്‍ പോയി.

ഉഴപ്പി നടന്ന മകളെ നേരെയാക്കുന്നതിനു വേണ്ടി പിതാവ് അവളെ ഒരു കോണ്‍വെന്റില്‍ നിര്‍ത്തി പഠിപ്പിക്കുവാന്‍ തീരുമാനിച്ചു. അങ്ങനെ അഗസ്തീനിയന്‍ കന്യാസ്ത്രീകളാണ് അവളെ വളര്‍ത്തിയത്. തെരേസയുടെ പിതാവിന്റെ ആ തീരുമാനം സ്വര്‍ഗസ്ഥനായ പിതാവിന്റേത് കൂടിയായിരുന്നുവെന്ന് പിന്‍കാല അനുഭവങ്ങള്‍ തെളിയിച്ചു.

സന്യസ്ത ജീവിതം നയിക്കാന്‍ ആഗ്രഹിച്ച ത്രേസ്യ 1553 ല്‍ കര്‍മ്മല സഭയിലെ അംഗമായി ചേര്‍ന്നു. ഏതാണ്ട് പതിനെട്ട് വര്‍ഷത്തോളം ശാരീരിക വേദനയും ആധ്യാത്മിക ബുദ്ധിമുട്ടുകളും അവളെ അലട്ടികൊണ്ടിരുന്നു. മലേറിയ ബാധിച്ച ത്രേസ്യാ ഏകദേശം മൂന്ന് വര്‍ഷത്തോളം ശരീരം തളര്‍ന്ന് കിടക്കയില്‍തന്നെ കഴിച്ചുകൂട്ടി. നാല്‍പ്പത്തൊന്നാമത്തെ വയസില്‍ പ്രാര്‍ഥനാ ജീവിതത്തിലേക്ക് തിരികെ പോകാനുള്ള ആത്മീയ ഉപദേശം ഒരു വൈദികന്‍ അവള്‍ക്ക് നല്‍കി.

പ്രാര്‍ഥനാ ജീവിതത്തില്‍ ആഴപ്പെടാന്‍ തുടങ്ങിയപ്പോള്‍ തന്നില്‍നിന്നും വലിയ കാര്യങ്ങള്‍ ദൈവം ആഗ്രഹിക്കുന്നു എന്ന് ത്രേസ്യ മനസിലാക്കി. അങ്ങനെയാണ് കര്‍മ്മലീത്ത സഭയുടെ സന്യാസ ജീവിതം നവീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് അവള്‍ തുടക്കമിടുന്നത്. അതൊട്ടും എളുപ്പമായിരുന്നില്ല. ത്രേസ്യയുടെ നീക്കങ്ങള്‍ അനുസരണക്കേടായും പൈശാചിക പ്രവര്‍ത്ഥങ്ങളായും സഭാവിരുദ്ധ നടപടികളായും ഒക്കെ അധികാരികള്‍ വ്യാഖ്യാനിച്ചു.

ദൈവിക പ്രചോദനത്താല്‍ പീയൂസ് നാലാമന്‍ മാര്‍പാപ്പയുടെ അനുവാദത്തോടെ അവള്‍ കര്‍മ്മലീത്ത സഭയെ നവീകരിക്കുക എന്ന ദൗത്യം ഏറ്റെടുത്തു. കഠിനമായ എതിര്‍പ്പുകളും നിരന്തര ബുദ്ധിമുട്ടുകളും തരണം ചെയ്ത് ഏതാണ്ട് 32 ഓളം പുതിയ മഠങ്ങള്‍ സ്ഥാപിച്ചു.

കര്‍മ്മലീത്ത സഭയുടെ നല്ല തുടക്കം അമ്മ ത്രേസ്യയുടെ ഈ നവീകരണ പ്രവര്‍ത്തങ്ങളിലൂടെയാണ്. യൂറോപ്പില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള ഇതര മതസ്ഥരുള്‍പ്പെടെ അമ്മ ത്രേസ്യയുടെ പുസ്തകങ്ങള്‍ വായിക്കുകയും അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുകയും ചെയ്തിട്ടുണ്ട്. പ്രാര്‍ഥനയെക്കുറിച്ചും ആത്മീയ ജീവിതത്തെക്കുറിച്ചുമുള്ള വിശുദ്ധ തെരേസയുടെ പഠനങ്ങള്‍ സന്യസ്തര്‍ക്ക് മാത്രമല്ല ആത്മീയ ജീവിതം നയിക്കാനാഗ്രഹിക്കുന്ന ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്.

ജീവിതാവസാനം വരെ കര്‍മ്മനിരതയായിരുന്ന ത്രേസ്യാ, നവീകൃത സന്ന്യാസ സമൂഹങ്ങളുടെ സ്ഥാപനവുമായി ബന്ധപ്പെട്ട് കിഴക്കന്‍ സ്പയിനിലെ അല്‍ബായിലേക്ക് നടത്തിയ വിഷമ പൂര്‍ണമായ ഒരു യാത്രക്കിടയില്‍ തീര്‍ത്തും അവശയായി. 1582 ഒക്ടോബര്‍ നാലിന് ''ദൈവമേ, ഞാന്‍ തിരുസഭയുടെ ഒരു മകളാണ്'' എന്ന് ഉച്ചരിച്ചു കൊണ്ട് അവള്‍ സ്വര്‍ഗീയ പിതാവിങ്കലേക്ക് മടങ്ങി.

സ്‌പെയിനിലെ അല്‍ബായിലുള്ള കര്‍മ്മല പള്ളിയുടെ അള്‍ത്താരയിലെ ഉന്നത പീഠത്തില്‍ ആണ് വിശുദ്ധയുടെ ഭൗതിക ശരീരം അടക്കം ചെയ്തത്. പതിനഞ്ചാം ഗ്രിഗോറിയോസ് മാര്‍പ്പാപ്പ 1622 ലാണ് തെരേസയെ വിശുദ്ധ പദവിയിലേക്കുയര്‍ത്തിയത്.

ആവിലായിലെ തെരേസയെ 'മാലാഖയെപ്പോല്‍ പരിശുദ്ധയായ കന്യക' എന്ന വിശേഷണത്തോട് കൂടിയാണ് സഭ ആദരിക്കുന്നത്. പരിശുദ്ധ പിതാക്കന്മാരാല്‍ നമുക്ക് അറിവായിട്ടുള്ളതും ക്രമരഹിതവും അവ്യക്തവും നിഗൂഢവുമായ ആന്തരിക ജീവിതത്തിന്റെ രഹസ്യങ്ങള്‍ ക്രമവും വ്യക്തവുമാക്കിയത് വിശുദ്ധയാണ്.

തെരേസയുടെ രചനകളെല്ലാം തന്നെ ആധ്യാത്മിക നിഗൂഢതയുടെ ഇതിഹാസങ്ങളാണ്. ഫ്രാന്‍സിസ് ഡി സാലസ്, അല്‍ഫോന്‍സസ് ലിഗോരി തുടങ്ങിയ പില്‍ക്കാല ആചാര്യന്മാര്‍ എല്ലാവരും തന്നെ വിശുദ്ധയുടെ അദ്ധ്യാത്മദര്‍ശന രീതിയെ അംഗീകരിച്ചിട്ടുണ്ട്. ജീവിതം കൊണ്ടും പ്രബോധനങ്ങള്‍ കൊണ്ടും വിശുദ്ധിയുടെ പടവുകള്‍ താണ്ടിയ ആളാണ് ആവിലായിലെ വിശുദ്ധ തെരേസ. 1970 ല്‍ വിശുദ്ധ കത്രീനയ്‌ക്കൊപ്പം വിശുദ്ധ തെരേസയും കത്തോലിക്കാ സഭയിലെ വേദപാരംഗതയായി ഉയര്‍ത്തപ്പെട്ടു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ആഫ്രിക്കനായ അജിലെയൂസ്

2. ബഥീനിയായിലെ എവുത്തീമിയൂസ്

3. മാര്‍സെ ബിഷപ്പായിരുന്ന കന്നാത്തൂസ്

5. റോമാക്കാരനായ ഫൊര്‍ത്തുണാത്തൂസ്

6. ലിയോണ്‍സ് ബിഷപ്പായിരുന്ന ആന്റെയോള്‍.

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.