ന്യൂസിലാന്‍ഡില്‍ ഇന്ദ്രജാലത്തിന്റെ മാന്ത്രികചെപ്പ് തുറക്കുന്ന 'വിസ്മയ സ്വാന്തനം' കലാമേള 23ന്

ന്യൂസിലാന്‍ഡില്‍ ഇന്ദ്രജാലത്തിന്റെ മാന്ത്രികചെപ്പ് തുറക്കുന്ന 'വിസ്മയ സ്വാന്തനം' കലാമേള 23ന്

വെല്ലിംഗ്ടണ്‍: ഇന്ദ്രജാലത്തിന്റെ മാന്ത്രികചെപ്പ് തുറന്ന് മുതുകാടും ഭിന്നശേഷിയുള്ള കുട്ടികളും ചേര്‍ന്നൊരുക്കുന്ന ഓണ്‍ലൈന്‍ മാജിക് ഷോ 'വിസ്മയ സാന്ത്വനം' ഒക്ടോബര്‍ 23-ന് അരങ്ങേറും. ന്യൂസിലാന്‍ഡിലെ മലയാളികളുടെ കൂട്ടായ്മയായ നവോദയ ന്യൂസീലാന്‍ഡിന്റെ ആഭിമുഖ്യത്തിലാണു പരിപാടി. ഭിന്നശേഷിയുള്ള കുട്ടികളുടെ പുനരധിവാസം ലക്ഷ്യമിട്ടാണു പരിപാടി സംഘടിപ്പിക്കുന്നത്.

ന്യൂസിലാന്‍ഡ് സമയം വൈകിട്ട് ഏഴിനും ഇന്ത്യന്‍ സമയം രാവിലെ 11.30 നുമാണ് പരിപാടി. മുതുകാടിന്റെയും ഭിന്നശേഷിയുള്ള കുട്ടികളുടെയും ജാലവിദ്യകളും കലാപരിപാടികളും ഉണ്ടാകും

ഡിഫറന്റ് ആര്‍ട്ട് സെന്ററിന്റെ വെബ്‌സൈറ്റിലൂടെയും നവോദയയുടെ ഫേസ്ബുക്ക് പേജിലൂടെയും രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഓണ്‍ലൈനിലൂടെ ഈ ദൃശ്യവിരുന്ന് ആസ്വദിക്കാം. ഭിന്നശേഷിയുള്ള കുട്ടികള്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കാനും അവര്‍ക്ക് സാന്ത്വനമാകാനുമായി തയാറാക്കിയിട്ടുള്ളതാണ് ഈ പ്രത്യേക ഇന്ദ്രജാല പരിപാടി. വിര്‍ച്വല്‍ റിയാലിറ്റിയുടെ സാങ്കേതിക മികവില്‍ ഇന്ദ്രജാലവും സംഗീതവും നൃത്തവും സംയോജിപ്പിച്ചാണ് കലാമേള.

ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വിദഗ്ധ പരിശീലനത്തിലൂടെ തൊഴില്‍ ഉറപ്പാക്കുന്ന യൂണിവേഴ്‌സല്‍ എംപവര്‍ സെന്റര്‍ പദ്ധതിയുടെ ധനശേഖരണാര്‍ത്ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്. മാജിക് അക്കാദമിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഈ സെന്ററില്‍ ഭിന്നശേഷിയുള്ളവരുടെ സര്‍വോന്മുഖമായ വളര്‍ച്ചയ്ക്ക് ഉതകുംവിധം നിരവധി ട്രെയിനിംഗ് സെന്ററുകളും കലാവതരണ വേദികളും ഉള്‍പ്പെടുന്നു.

ഇന്ദ്രജാലം, സംഗീതം, നൃത്തം, അഭിനയം, ചിത്രരചന, സിനിമാ നിര്‍മാണം, ഉപകരണസംഗീതം എന്നീ വിഭാഗങ്ങളില്‍ പരിശീലനം നടത്തിയവരാണ് വേദിയിലെത്തുന്നത്. സഹായിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി https://www.differentartcentre.com/vismayasaanthwanam/newzealand/16102021 എന്ന ലിങ്ക് സന്ദര്‍ശിക്കുക.

ന്യൂസിലാന്‍ഡിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ നവോദയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ന്യൂസിലാന്‍ഡ് നവോദയ ഭാരവാഹികള്‍ പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളിലും സിംഗപ്പുരിലുമൊക്കെ സംഘടിപ്പിച്ച വിസ്മയ സ്വാന്തനം പരിപാടിക്ക് വലിയ തോതിലുള്ള പിന്തുണയാണു ലഭിച്ചിട്ടുള്ളത്. ഇതു ന്യൂസിലാന്‍ഡിലും തുടരാനാണ് തങ്ങളുടെ ശ്രമമെന്നു നവോദയ ഭാരവാഹികള്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.