വെനിസ്വേലയില്‍ യുവ വൈദികൻ വെടിയേറ്റ് മരിച്ചു

വെനിസ്വേലയില്‍ യുവ വൈദികൻ വെടിയേറ്റ് മരിച്ചു

കോജെഡെസ്: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനിസ്വേലയില്‍ കവര്‍ച്ചക്കാരില്‍ നിന്ന് ഇടവകാംഗത്തെ രക്ഷിക്കുവാന്‍ ശ്രമിക്കുന്നതിനിടെ വൈദികന്‍ വെടിയേറ്റ്‌ മരിച്ചു. പ്രീസ്റ്റ്സ് ഓഫ് സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് (ഡെഹോണിയന്‍) സഭാംഗവും സാന്‍ കാര്‍ലോസ് രൂപതയിലെ സാന്‍ ജുവാന്‍ ബാറ്റിസ്റ്റ ഇടവക വികാരിയുമായ ഫാ. ജോസെ മാനുവല്‍ ഡെ ജീസസ് ഫെരേരയാണ് കവര്‍ച്ചക്കാരുടെ വെടിയേറ്റ്‌ കൊല്ലപ്പെട്ടത്. തന്റെ ഇടവകയില്‍പ്പെട്ട ഒരു സ്ത്രീയെ കവര്‍ച്ചക്കാരില്‍ നിന്നും രക്ഷിക്കുവാന്‍ ശ്രമിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് വെടിയേല്‍ക്കുന്നത്. സാന്‍ കാര്‍ലോസ് രൂപതാധ്യക്ഷനായ മോണ്‍. പോളിറ്റോ റോഡ്രിഗസ് മെന്‍ഡെസും മരണവിവരം സ്ഥിരീകരിച്ചിട്ടുണ്ട്.

കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്നു വളരെകുറച്ച് വിശ്വാസികളെ പങ്കെടുപ്പിച്ചു കൊണ്ട് ഒക്ടോബര്‍ 20 ചൊവ്വാഴ്ച ഫാ. ജോസെ വിശുദ്ധ കുര്‍ബാന അര്‍പ്പണം നടത്തിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. വിശുദ്ധ കുര്‍ബാനക്ക് ശേഷം വിശ്വാസികളോട് യാത്ര പറയുന്നതിനിടയിലാണ് ആയുധധാരികളായ കവര്‍ച്ചക്കാര്‍ എത്തിയത്. കുര്‍ബാനയില്‍ പങ്കെടുത്തിരുന്ന സ്ത്രീയെ കൊള്ളയടിക്കാന്‍ ശ്രമിച്ച കവര്‍ച്ചക്കാരെ തടയുന്നതിനിടയിലാണ് ഫാ. ജോസെയുടെ നെഞ്ചില്‍ വെടിയേറ്റതെന്നു രൂപതയുടെ പ്രസ്താവനയില്‍ പറയുന്നു. ഒട്ടും വൈകാതെ തന്നെ സാന്‍ കാര്‍ലോസ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഒക്ടോബര്‍ 21 ബുധനാഴ്ച സാന്‍ ജുവാന്‍ ബാറ്റിസ്റ്റ ഇടവക ദേവാലയ സെമിത്തേരിയില്‍ മൃതദേഹം സംസ്കരിച്ചു.

തന്റെ മരണം വരെ ഫാ. ജോസെ സല്‍പ്രവര്‍ത്തിയായിരുന്നു ചെയ്തിരുന്നതെന്നു ബിഷപ്പ് മോണ്‍. പോളിറ്റോ ഏജന്‍സിയ ഫിദെസിനു നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ കുറിച്ചു. കാരക്കാസില്‍ പോര്‍ച്ചുഗീസ് ദമ്പതികളുടെ മകനായി ജനിച്ച ഫാ. ജോസെ 2009 ഡിസംബര്‍ 19-നാണ് തിരുപ്പട്ട സ്വീകരണം നടത്തിയത്. സാന്‍ ജുവാന്‍ ബാറ്റിസ്റ്റ ഇടവകയില്‍ സേവനം ചെയ്യവേ കോളനി കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട പഴയ ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫാ. ജോസെ തുടക്കം കുറിയ്ക്കുകയായിരിന്നു. സാന്‍ കാര്‍ലോസ് രൂപതയുടെ പ്രേഷിത-അജപാലക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നതും ഫാ. ജോസെയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.