പെര്‍ത്ത്: കോവിഡ് രൂക്ഷമായ സംസ്ഥാനങ്ങളുമായുള്ള അതിര്‍ത്തികള്‍ ക്രിസ്മസിനോടനുബന്ധിച്ച് തുറക്കില്ലെന്ന പ്രഖ്യാപനവുമായി പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ പ്രീമിയര്‍. ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള അതിര്‍ത്തികള്‍ തുറക്കാനുള്ള സാധ്യതയാണ് പ്രീമിയര്‍ മാര്‍ക്ക് മക്‌ഗോവന്‍ തള്ളിക്കളഞ്ഞത്. അതിര്‍ത്തികള്‍ അടുത്ത വര്‍ഷം തുറന്നേക്കുമെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്.
അതേസമയം കോവിഡ് വ്യാപനം കുറഞ്ഞ ക്വീന്‍സ്‌ലാന്‍ഡ് സംസ്ഥാനത്തുനിന്നു വരുന്ന യാത്രക്കാര്‍ക്ക് വെള്ളിയാഴ്ച മുതല്‍ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ ക്വാറന്റീന്‍ ആവശ്യമില്ല. കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഈ ഇളവുള്ളത്.
ക്വീന്‍സ് ലാന്‍ഡിനെ അപകടസാധ്യത കുറഞ്ഞ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാലാണ് അവിടെനിന്നുള്ള യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കിയത്. പ്രതിരോധ കുത്തിവയ്പ്പ് രണ്ടു ഡോസും സ്വീകരിച്ചവര്‍ക്ക് ക്രിസ്മസിനോടനുബന്ധിച്ച് ക്വീന്‍സ്‌ലാന്‍ഡിന്റെ അതിര്‍ത്തികള്‍ തുറന്നുകൊടുക്കാനുള്ള പദ്ധതി പ്രീമിയര്‍ അന്നാസ്റ്റാസിയ പാലസ്‌ക്‌സുക്ക് കഴിഞ്ഞ ദിവസമാണ് വിശദീകരിച്ചത്.
ഈ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ തീരുമാനത്തിലേക്ക് എല്ലാവരും ഉറ്റുനോക്കിയത്. എന്നാല്‍ അതിര്‍ത്തികള്‍ തുറക്കില്ലെന്ന തീരുമാനത്തില്‍ പ്രീമിയര്‍ മാര്‍ക്ക് മക്‌ഗോവന്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
വിക്ടോറിയയിലേക്കും ന്യൂ സൗത്ത് വെയില്‍സിലേക്കുമുള്ള അതിര്‍ത്തികള്‍ തുറക്കാനുള്ള പദ്ധതി അടുത്ത വര്‍ഷത്തേക്കു മാറ്റിയതായി മക്‌ഗോവന്‍ പറഞ്ഞു. അതുവരെ വാക്‌സിനെടുത്തവര്‍ക്കും പ്രവേശനമുണ്ടാകില്ല.
12 വയസും അതിനു മുകളിലും പ്രായമുള്ള 80 മുതല്‍ 90 ശതമാനം വരെ പടിഞ്ഞാറന്‍ ഓസ്ട്രേലിയക്കാര്‍ രണ്ടു ഡോസ് കോവിഡ് വാക്‌സിനും സ്വീകരിക്കുമ്പോള്‍ അതിര്‍ത്തികള്‍ തുറക്കാനാണു തീരുമാനം.
ശരിയായ സമയത്ത് സാഹചര്യങ്ങള്‍ സുരക്ഷിതമാകുമ്പോള്‍ സര്‍ക്കാര്‍ അതിര്‍ത്തികള്‍ തുറക്കാനുള്ള ഉചിതമായ തീരുമാനമെടുക്കുമെന്നത് ജനം മനസിലാക്കണമെന്നു മക്‌ഗോവന്‍ പറഞ്ഞു. പടിക്കല്‍കൊണ്ട് കലമുടയ്ക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26