ന്യൂഡല്‍ഹി: സിംഘു സമരകേന്ദ്രത്തില്‍ നിന്ന് കര്‍ഷകരെ നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ സിഖ് സായുധ വിഭാഗമായ നിഹാങ്ങിന്റെ മേധാവി ബാബ അമന്‍ സിങ്ങുമായി ചര്‍ച്ച നടത്തിയതായി വെളിപ്പെടുത്തല്‍. സിംഘുവില്‍ ദളിത് യുവാവ് കൊല്ലപ്പെട്ടതിനുപിന്നാലെയാണ് നിഹാങ്ങുകളുടെ ഇടപെടലിനെച്ചൊല്ലിയുള്ള പുതിയ വിവാദം.
ജൂലൈ അവസാനം കേന്ദ്ര കൃഷിസഹമന്ത്രി കൈലാഷ് ചൗധരിയുടെ ന്യൂഡല്‍ഹിയിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ബി.ജെ.പിയുടെ കിസാന്‍ മോര്‍ച്ച നേതാവ് സുഖ്മീന്ദര്‍പാല്‍ സിങ് ഗ്രെവാളും യോഗത്തില്‍ പങ്കെടുത്തു. തോമറും ബാബയും ഒന്നിച്ചു നില്‍ക്കുന്ന ചിത്രങ്ങളും പുറത്തു വന്നിരുന്നു. കര്‍ഷക പ്രക്ഷോഭത്തിന് പരിഹാരം കാണാനായിരുന്നു യോഗമെന്ന് ഗ്രെവാള്‍ പറഞ്ഞു. എന്നാല്‍, നിഹാങ് മേധാവി പങ്കെടുത്തിരുന്നില്ലെന്നാണ് മന്ത്രി തോമറുടെ ഓഫീസ് വിശദീകരിച്ചത്.
തനിക്ക് പത്ത് ലക്ഷം രൂപ വാഗ്ദാനം നല്‍കിയതായി ബാബ പറഞ്ഞു. കര്‍ഷകരെ ഒഴിപ്പിക്കാന്‍ പണവും കുതിരകളെയും വാഗ്ദാനം ചെയ്തു. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുക, താങ്ങുവില ഉറപ്പാക്കുക, സിഖ് ഗ്രന്ഥം അപമാനിച്ച വിഷയത്തില്‍ നടപടി ഉറപ്പാക്കുക, നിഹാങ്ങുകളുടെ പേരിലുള്ള കേസ് പിന്‍വലിക്കുക എന്നീ നാല് ആവശ്യങ്ങള്‍ തങ്ങള്‍ മുന്നോട്ടുവെച്ചുവെന്നും പണവാഗ്ദാനം നിരസിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ ആവശ്യം അംഗീകരിച്ചാലേ ഉപരോധ സ്ഥലത്തു നിന്ന് പിന്‍വാങ്ങൂവെന്ന് വ്യക്തമാക്കി. പത്തുപേരുടെ സംഘമായാണ് മന്ത്രിയെ കണ്ടതെന്നും ബാബ പറഞ്ഞു. കൊലപാതക കേസിലെ കുറ്റവാളിയായ പൊലീസുകാരന്‍ ഗുര്‍മീത് സിങ് പിങ്കിയും യോഗത്തില്‍ പങ്കെടുത്തു. ഇക്കാര്യം സമ്മതിച്ച ഗുര്‍മീത് പിങ്കി ബാബയെ നേരത്തേ അറിയാമെന്നും പ്രതികരിച്ചു.
ബി.ജെ.പിയുടെ കുതന്ത്രങ്ങളാണിതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ അഭിപ്രായപ്പെട്ടു. ലഖിംപുര്‍ സംഭവത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഗൂഢാലോചനയാണ് സിംഘുവിലെ കൊലപാതകം. ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് കിസാന്‍ മോര്‍ച്ച നേതാക്കളായ ബല്‍ബീര്‍ സിങ് രജേവാള്‍, ദര്‍ശന്‍പാല്‍, ഗുര്‍ണാം സിങ് ചാദുനി, ഹനന്‍മൊള്ള തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.