ഫേസ്ബുക്കിന്റെ പ്രതിച്ഛായ ഉയര്‍ത്താനുള്ള വന്‍ നീക്കത്തില്‍ സക്കര്‍ബര്‍ഗ്;പേരും മാറിയേക്കും

ഫേസ്ബുക്കിന്റെ പ്രതിച്ഛായ ഉയര്‍ത്താനുള്ള വന്‍ നീക്കത്തില്‍ സക്കര്‍ബര്‍ഗ്;പേരും മാറിയേക്കും

ന്യൂയോര്‍ക്ക്: സാമൂഹിക മാധ്യമ ഭീമന്‍മാരായ ഫേസ്ബുക്ക് പുതിയ പേരില്‍ റീബ്രാന്‍ഡിങ്ങിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നിവയുടെ ഉടമസ്ഥത കൂടിയുള്ള ഫേസ്ബുക്ക് അതിന്റെ മാതൃകമ്പനിക്ക് പുതിയ പേര് കണ്ടെത്തിയിട്ടുണ്ടെന്നും സൂചനയുണ്ട്. ഒരു സോഷ്യല്‍ മീഡിയ കമ്പനിയായി മാത്രം ഒതുങ്ങാതെ അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് വിലയിരുത്തുന്നത്.അതേസമയം, സാങ്കേതികത്തകരാര്‍ മൂലം രണ്ടു തവണയായി മണിക്കൂറുകളോളം മാധ്യമ സേവനം നിലച്ചതിന്റെ ക്ഷീണം മാറ്റുന്നതുള്‍പ്പെടെയുള്ള ലക്ഷ്യങ്ങളുമുണ്ടത്രേ.

ഒക്ടോബര്‍ 28ന് നടക്കുന്ന ഫെയ്സ്ബുക്കിന്റെ വാര്‍ഷിക കണക്ട് കോണ്‍ഫറന്‍സില്‍ മാര്‍ക് സക്കര്‍ബര്‍ഗ് പേരുമാറ്റം പ്രഖ്യാപിക്കുമെന്നാണ് പറയുന്നത്. ഫേസ്ബുക്ക് പ്ലാറ്റ്ഫോം നിലവിലുള്ളത് പോലെ തുടരുന്നതിനാല്‍ പേര് മാറ്റം ഉപഭോക്താക്കളെ നേരിട്ട് ബാധിക്കില്ല. നിലവിലുള്ള വിവാദങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന്റെ ഭാഗമായി സോഷ്യല്‍മീഡിയ ലേബല്‍ ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്.

'മെറ്റാവേഴ്സ്' എന്ന സ്വപ്ന പദ്ധതി സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി അടുത്തയാഴ്ചയോടെ പുതിയ പേര് സ്വീകരിക്കുമെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് യുഎസ് ടെക്നോളജി ബ്ലോഗ് ആയ 'ദ വെര്‍ജ്' റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് കോടി ഡോളറാണ് മെറ്റാവേഴ്സ് പദ്ധതിക്കായി ഫേസ്ബുക്ക് നിക്ഷേപിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റിന്റെ ഭാവിയാണ് മെറ്റാവേഴ്സ് എന്നാണ് ഫേസ്ബുക്ക് മേധാവി സക്കര്‍ബര്‍ഗ് വ്യക്തമാക്കിയത്. മെറ്റാവേഴ്സിന് വേണ്ടി ഒരു പ്രൊഡക്റ്റ് ടീം രൂപീകരിക്കുമെന്ന് ഫേസ്ബുക്ക് ജൂലൈയില്‍ പ്രഖ്യാപിച്ചിരുന്നു. ഫേസ്ബുക്ക് റിയാലിറ്റി ലാബിന്റെ ഭാഗമായാണ് മെറ്റാവേഴ്സ് സംഘം പ്രവര്‍ത്തിക്കുക.

എന്നാല്‍, ഇക്കാര്യത്തില്‍ ഫേസ്ബുക്കിന്റെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.പേര് മാറ്റത്തോടെ ഫെയ്സ്ബുക്ക് ആപ്പ് അതിന്റെ മാതൃകമ്പനിക്ക് കീഴിലാകും. വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം, ഒക്കുലസ് തുടങ്ങിയ അവരുടെ സേവനങ്ങളും ഈ മാതൃകമ്പനിക്ക് കീഴില്‍ വരും. ബ്രാന്‍ഡ് നെയിം മാറ്റത്തോടെ സ്മാര്‍ട്ട്ഫോണ്‍ അടക്കമുള്ള ഡിജിറ്റല്‍ ഉത്പന്നങ്ങളുടെ നിര്‍മാണത്തിലേക്ക് കടക്കാന്‍ സക്കര്‍ബര്‍ഗ് ആഗ്രഹിക്കുന്നുവെന്നാണ് വിവരം. അടുത്തിടെ റെയ്ബാനുമായി ചേര്‍ന്ന് ചില ഉത്പന്നങ്ങള്‍ അവര്‍ അവതരിപ്പിച്ചിരുന്നു.

'വിസില്‍ ബ്ലോവര്‍' വരുത്തി വച്ച
ദോഷത്തിനും പരിഹാരക്രിയ

ഈ മാസാദ്യം മുതല്‍ ഫേസ്ബുക്ക് നിരന്തരം വിവാദത്തിലായിരുന്നു. ഏഴ് മണിക്കൂറോളം ലോകം മുഴുവന്‍ ഫേസ്ബുക്ക്, വാട്ട്‌സാപ്പ് സേവനങ്ങള്‍ നിലച്ചതായിരുന്നു വലിയ ചര്‍ച്ചയായ ഒരു വിഷയം. പക്ഷേ, അതിനെക്കാള്‍ വലിയ പ്രതിസന്ധിയാണ് പിന്നീട് ഫേസ്ബുക്ക് അഭിമുഖീകരിച്ചത്.ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള പ്ലാറ്റ് ഫോമുകള്‍ വിദ്വേഷം വളര്‍ത്തുകയും, കുട്ടികളുടെ മാനസികാരോഗ്യത്തെ ഹാനികരമാക്കുകയും ചെയ്യുന്നുവെന്ന ഗുരുതര ആരോപണവുമായി മുന്‍ ജീവനക്കാരി രംഗത്തെത്തി.

ആദ്യം താനാരാണെന്ന് വെളിപ്പെടുത്താതിരുന്ന വിസില്‍ബ്ലോവര്‍ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ തുടര്‍ന്നു പങ്കെടുത്തു. ഫേസ്ബുക്കിലെ ഉയര്‍ന്ന ജീവനക്കാരിയായിരുന്ന ഫ്രാന്‍സെസ് ഹോഗന്‍ ആണ് വിസില്‍ ബ്ലോവര്‍.സര്‍ക്കാരുകളുടെയോ സ്വകാര്യ വ്യക്തികളുടേയോ സംഘങ്ങളുടെയോ സ്ഥാപനങ്ങളില്‍ നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ അധികൃതര്‍ക്ക് രഹസ്യ വിവരം നല്‍കാന്‍ തയാറാകുന്ന അതത് സ്ഥാപനങ്ങളിലെ ജീവനക്കാരാണ് വിസില്‍ബ്ലോവര്‍മാര്‍ എന്ന് വിശേഷിപ്പിക്കുന്നത്.

ഫേസ്ബുക്ക് 'സുരക്ഷയേക്കാള്‍ പ്രാധാന്യം നല്‍കിയത് ലാഭത്തിനായിരുന്നു,' എന്നാണ് ഹോഗന്‍ പ്രധാനമായും ആരോപിച്ചത്.37 വയസ്സുകാരിയായ ഡാറ്റാ ഗവേഷക ഹേഗന്‍, ഗൂഗിള്‍, പിന്‍ട്രസ്റ്റ് കമ്പനികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേരിക്കന്‍ വാര്‍ത്താ ചാനല്‍ സി.ബി.എസിന്റെ അന്വേഷണാത്മക ജേണലിസം പരിപാടി സിക്സ്റ്റി മിനിറ്റ്‌സില്‍ ആണ് ഹേഗന്‍, താനാണ് വിസില്‍ബ്ലോവര്‍ എന്ന് വെളിപ്പെടുത്തിയത്.
കമ്പനിയെ നിയന്ത്രിക്കണമെന്ന്് ഹേഗന്‍ ആവശ്യപ്പെട്ടു.

'സുരക്ഷിതത്തേക്കാള്‍ പ്രധാനം ലാഭമാണെന്ന് ഫേസ്ബുക്ക് വീണ്ടും വീണ്ടും തെളിയിച്ച് കൊണ്ടിരിക്കുകയാണ്. നമ്മുടെ സുരക്ഷ വിറ്റ് ലാഭമാക്കി അവര്‍ അഭിവൃദ്ധിപ്പെട്ട് കൊണ്ടിരിക്കുകയാണ്.'-- ഹോഗന്‍ അഭിമുഖത്തില്‍ പറഞ്ഞു.ഇന്ന് നിലനില്‍ക്കുന്ന ഫേസ്ബുക്കിന്റെ പതിപ്പ് നമ്മുടെ സമൂഹത്തെ കീറിമുറിക്കുകയും അതുവഴി ലോകമെമ്പാടും വംശീയ അക്രമണങ്ങള്‍ക്ക് പ്രേരണ നല്‍കുകയും ചെയ്യുന്നുണ്ട്. -- അവര്‍ വെളിപ്പെടുത്തി.

ഫേസ്ബുക്ക്, അതിന്റെ ഉല്‍പ്പന്നമായ ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ളവയിലൂടെ കൗമാരക്കാരില്‍ മാനസിക സമ്മര്‍ദ്ദം ഉള്‍പ്പെടെ സൃഷ്ടിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഹോഗന്‍ രേഖകളിലൂടെ വാദിക്കുന്നത്.'ഫേസ്ബുക്ക് എല്ലാം മനസിലാക്കി കൊണ്ട് അവരുടെ അല്‍ഗോരിതം മാറ്റിയാല്‍ ജനങ്ങള്‍ സൈറ്റില്‍ ചെലവിടുന്ന സമയം കുറയും. അതുപോലെ തന്നെ അവര്‍ ക്ലിക്ക് ചെയ്യുന്ന പരസ്യങ്ങളുടെ എണ്ണവും കുറയും. അങ്ങനെയാകുമ്പോള്‍ അവര്‍ക്ക് ലഭിക്കുന്ന പണവും കുറവായിരിക്കും.'

2020ല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പ് കാലത്ത്, അത്തരം ഉള്ളടക്കം അവതരിപ്പിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തിനെ കുറിച്ച് കമ്പനിക്ക് ബോധ്യം വരികയും അതുകൊണ്ട് തന്നെ അത്തരം നടപടികള്‍ കുറയ്ക്കാനായി സുരക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കുകും ചെയ്തിരുന്നുവെന്നും അവര്‍ പറഞ്ഞു.തെരഞ്ഞെടുപ്പ് കാലം കഴിഞ്ഞതോടെ നേരെ വിപരീതമായി. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും അവര്‍ ഓഫാക്കി. മറിച്ച് സുരക്ഷിതത്തേക്കാള്‍ അപ്പുറം അവര്‍ തങ്ങളുടെ വളര്‍ച്ചക്ക് മുന്‍ഗണന നല്‍കി എന്നും പറയാം. അതിനുവേണ്ടി അവര്‍ തങ്ങളുടെ ക്രമീകരണങ്ങളെല്ലാം മാറ്റുന്നുമുണ്ട്. ഇത് ജനാധിപത്യത്തോടുള്ള വഞ്ചനയാണെന്നാണ് ഞാന്‍ കണക്കാക്കുന്നത്.'-- അവര്‍ വ്യക്തമാക്കി.

'ഒരു ഉപയോക്താവ് കൂടുതല്‍ ഉള്ളടക്കങ്ങളെ തേടി പോകുന്തോറും ഫേസ്ബുക്കിന് ലഭിക്കുന്ന പണവും കൂടുന്നു. അതുപോലെ തന്നെ കൂടുതല്‍ പ്രകോപിപ്പിക്കുന്ന കാര്യങ്ങളില്‍ കൂടുതല്‍ ഇടപഴകാന്‍ സാഹചര്യങ്ങള്‍ ഉണ്ടാകുകയും ഉപഭോഗം വര്‍ധിക്കുകയും ചെയ്യുന്നു,' -- ഹോഗന്‍ വിശദീകരിച്ചു.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.