കപ്പലിനുള്ളില്‍ ചെറുപ്രാണികളുടെ ആക്രമണം; ഓസ്‌ട്രേലിയയില്‍ കാറുകളുടെ ഇറക്കുമതി വൈകും

കപ്പലിനുള്ളില്‍ ചെറുപ്രാണികളുടെ ആക്രമണം;  ഓസ്‌ട്രേലിയയില്‍ കാറുകളുടെ ഇറക്കുമതി വൈകും

സിഡ്‌നി: ഓസ്ട്രേലിയയില്‍ പുതിയ കാറുകളുടെ ഇറക്കുമതി ഇനിയും വൈകും. തുറമുഖങ്ങളില്‍ നങ്കുരമിട്ടിരിക്കുന്ന കപ്പലുകളില്‍ ദുര്‍ഗന്ധം വമിക്കുന്ന ചെറുപ്രാണികളുടെ ആക്രമണം രൂക്ഷമായതിനെതുടര്‍ന്ന് അവയെ നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇറക്കുമതി വൈകുന്നത്.

ബ്രൗണ്‍ മാര്‍മറേറ്റഡ് സ്റ്റിങ്ക് ബഗ് എന്ന ഇനം ദുര്‍ഗന്ധമുള്ള ചെറുപ്രാണികളാണ് കപ്പലിനുള്ളില്‍ കയറിക്കൂടിയിരിക്കുന്നത്. സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് ഈ പ്രാണികളുടെ സീസണ്‍. ഇവയെ നശിപ്പിച്ചശേഷം മാത്രമേ കാറുകള്‍ കപ്പലില്‍നിന്നു പുറത്തിറക്കൂ.

അമേരിക്ക, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള കപ്പലുകളിലാണ് ഈ പ്രാണികളുടെ ശല്യം രൂക്ഷമായിട്ടുള്ളത്. ഈ രാജ്യങ്ങളിലെ കാര്‍ഷിക മേഖലയില്‍ വലിയ നാശമാണ് പ്രാണികള്‍ വരുത്തിവച്ചത്. ഇവയെ തുറമുഖത്തുവച്ചു തന്നെ നശിപ്പിക്കാന്‍ എല്ലാ വര്‍ഷവും ഫെഡറല്‍ ബയോസെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് കപ്പലിനുള്ളില്‍ ഫ്യൂമിഗേഷന്‍ പ്രക്രിയ നടത്താറുണ്ട്. ഇതിനു നാല് ആഴ്ച്ചകളോളം സമയം എടുക്കാറുണ്ട്.


ബ്രൗണ്‍ മാര്‍മറേറ്റഡ് സ്റ്റിങ്ക് ബഗ് മുട്ടയിടുന്നു

വിളകള്‍ നശിപ്പിക്കാനുള്ള ഇവയുടെ ശേഷി കാരണം പ്രാണികള്‍ ഓസ്‌ട്രേലിയയിലെത്തിയാല്‍ കാര്‍ഷിക മേഖലയിലും പരിസ്ഥിതിക്കും വലിയ പ്രത്യാഘാതമുണ്ടാകുമെന്നു കാര്‍ഷിക, ജല, പരിസ്ഥിതി ബയോസെക്യൂരിറ്റി മേധാവി ആന്‍ഡ്രൂ ടോംഗ് പറഞ്ഞു. ചരക്ക് കപ്പലുകളും ചരക്ക് വാഹനങ്ങളും വഴി ഇവ ഭൂഖണ്ഡങ്ങള്‍ കടന്ന് യാത്ര ചെയ്യുന്നു. ഇവയ്ക്ക് പറക്കാനും വിശാലമായ കൃഷി മേഖലകളിലുള്ള സസ്യങ്ങളെ തിന്നുനശിപ്പിക്കാനും അതിവേഗത്തില്‍ വ്യാപിക്കാനും ശേഷിയുണ്ട്.

കെട്ടിടങ്ങളിലും ഉപകരണങ്ങളിലും ഈ ചെറുപ്രാണികള്‍ വലിയ അളവില്‍ മാസങ്ങളോളം ഒളിച്ചിരിക്കും. തണുപ്പു കാലാവസ്ഥയില്‍ ജീവിക്കാനാണ് ഇവ ഏറെ ഇഷ്ടപ്പെടുന്നത്. ശത്രുവിനെ നേരിടുമ്പോഴാണ് ദുര്‍ഗന്ധം വമിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷം, ഓസ്‌ട്രേലിയയില്‍ ചരക്കുമായി എത്തിയ കപ്പലുകളില്‍നിന്ന് 232 ബ്രൗണ്‍ മാര്‍മറേറ്റഡ് സ്റ്റിങ്ക് ബഗുകളെ കണ്ടെത്തിയിരുന്നു. ഓരോ സീസണിലും കാറുകളുമായി എത്തുന്ന രണ്ടര ഡസനോളം കപ്പലുകള്‍ തുറമുഖത്ത് പിടിച്ചിട്ട് ഫ്യൂമിഗേഷന്‍ നടത്തും.

കോവിഡ് കാരണം വാഹന നിര്‍മാണവും വിതരണവും ഏറെ വൈകിയിരുന്നു. 2020 അവസാനത്തോടെ ലോകവ്യാപകമായി ചിപ്പുകളുടെ ക്ഷാമം ആരംഭിച്ചതോടെ വാഹന നിര്‍മാണ മേഖലയെയും ബാധിച്ചു. ചിപ്പ് ക്ഷാമം കാരണം വാഹന നിര്‍മാണത്തിലെ മന്ദഗതിയാണ് ബുക്കിംഗുകള്‍ക്ക് അനുസരിച്ച് വിതരണം നടത്താന്‍ കമ്പനികള്‍ക്ക് കഴിയാതെ വരുന്നത്. ഇതിനൊപ്പം കപ്പലിനുള്ളിലെ ചെറുപ്രാണികളുടെ ആക്രമണം കൂടിയായപ്പോള്‍ ഉപഭോക്താക്കള്‍ക്ക് കാറുകള്‍ കിട്ടാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.