ഏക സമ്പാദ്യമായ ഭൂമിയും വിറ്റ് കോടിക്കണക്കിന് മരങ്ങള്‍ നട്ടവളര്‍ത്തിയ 83-കാരന്‍; ഇത് പ്രകൃതി സ്‌നേഹത്തിന്റെ അറിയാക്കഥ

ഏക സമ്പാദ്യമായ ഭൂമിയും വിറ്റ് കോടിക്കണക്കിന് മരങ്ങള്‍ നട്ടവളര്‍ത്തിയ 83-കാരന്‍;  ഇത് പ്രകൃതി സ്‌നേഹത്തിന്റെ അറിയാക്കഥ

പ്രകൃതിയെക്കുറിച്ചും പ്രകൃതി സംരക്ഷണത്തെക്കുറിച്ചും എല്ലാം വാതോരാതെ സംസാരിക്കുന്നവര്‍ നമുക്കിടയില്‍ ധാരാളമുണ്ട്. എന്നാല്‍ സംസാരത്തിലും ചില പ്രഖ്യാപനങ്ങളിലും മാത്രം ഒതുങ്ങിപ്പോവുകയാണ് പരിസ്ഥിതി സ്‌നേഹവും പ്രകൃതി സംരക്ഷണവും ഒക്കെ. ഇവരില്‍ നിന്നെല്ലാം വ്യത്യസ്തനാകുകയാണ് ഒരാള്‍ പരിസ്ഥിതിയുടെ സംരക്ഷണത്തിനു വേണ്ടി ഉള്ളതെല്ലാം വിറ്റും മരങ്ങള്‍ നട്ടുപിടിപ്പിച്ച ഒരു മനുഷ്യനുണ്ട്. ദരിപാലി രാമയ്യ.

എണ്‍പത്തിമൂന്ന് വയസ്സ് പ്രായമുണ്ട് ദരിപാലി രാമയ്യക്ക്. ഒരു കോടിയിലേറെ മരങ്ങളാണ് ഇതിനോടകംതന്നെ ഇദ്ദേഹം നട്ടുവളര്‍ത്തിയത്. മരം രാമയ്യ, വനജീവി രാമയ്യ എന്നിങ്ങനെയൊക്കെ ഇദ്ദേഹം അറിയപ്പെടുന്നു. തെലുങ്കാനയിലെ ഖമാം ജില്ലയിലാണ് ദരിപാലി രാമയ്യയുടെ സ്വദേശം. വാര്‍ധക്യത്തിലും പ്രകൃതിയെ സ്വന്തമായി കണ്ട്, തന്നാലാവും വിധി സംരക്ഷണം ഒരുക്കുന്ന രാമയ്യക്ക് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.


വെറുതെ ഒരു നേരം പോക്കിനു വേണ്ടിയല്ല രാമയ്യ മരങ്ങള്‍ നട്ടു വളര്‍ത്തുന്നത്. അത് അദ്ദേഹത്തിന്റെ ജീവിതാഭിലാഷമാണ്. മരങ്ങള്‍ നട്ടു പിടിപ്പിക്കാന്‍ ഒരു പ്രത്യേക സ്ഥലമൊന്നും രാമയ്യക്ക് ഇല്ല. ഏത് സ്ഥലത്തും അദ്ദേഹം മരങ്ങള്‍ നടും. ഒരുകാലത്ത് സൈക്കിളില്‍ രാമയ്യ വൃക്ഷത്തൈകളുമായി പോകുമ്പോള്‍ ഭ്രാന്താണെന്ന് പറഞ്ഞ് പലരും കളിയാക്കിയിരുന്നു. എന്നാല്‍ പ്രകൃതിയോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹം കണക്കിലെടുത്ത് രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കിയപ്പോഴാണ് പലരും രാമയ്യയുടെ മഹത്വം തിറിച്ചറിയുന്നത്. എത്രമരങ്ങള്‍ നട്ടുവെന്ന് അറിയില്ലെങ്കിലും തെലുങ്കാനയിലെ ഓരോ മൂന്നു പേര്‍ക്കും ഒരു മരം എന്ന കണക്കില്‍ അദ്ദേഹം മരങ്ങള്‍ നട്ടിട്ടുണ്ടെന്നാണ് പലരും പറയുന്നത്.

ചെറുപ്പത്തില്‍ തന്റെ അമ്മ പച്ചക്കറികള്‍ നടുന്നത് രാമയ്യ വീക്ഷിക്കുമായിരുന്നു. ആ നല്ല ശീലം കണ്ടു വളര്‍ന്നതുകൊണ്ടുതന്നെ അത് ഹൃദയത്തിലേറ്റുകയും ചെയ്തു അദ്ദേഹം. പത്താംക്ലാസു വരെയാണ് രാമയ്യ സ്‌കൂളില്‍ പോയിട്ടുള്ളത്. എങ്കിലും പുസ്തകങ്ങള്‍ ഏറെ വായിക്കാറുണ്ട് അദ്ദേഹം. ഇപ്പോഴും ആ ശീലം തുടരുകയും ചെയ്യുന്നു. പലയിടത്തും മരങ്ങള്‍ ഇല്ലാതാവുന്നത് ശ്രദ്ധയില്‍ പെട്ടു തുടങ്ങിയപ്പോള്‍ മുതല്‍ക്കാണ് രാമയ്യ മരത്തൈകള്‍ നട്ടുവളര്‍ത്താന്‍ തീരുമാനിച്ചത്. അതും ആരുടേയും സഹായമില്ലാതെ. തനിക്ക് ആകെയുണ്ടായിരുന്ന സമ്പാദ്യമായ മൂന്നേക്കര്‍ ഭൂമി പോലും വിറ്റ് അദ്ദേഹം മരത്തൈകള്‍ വാങ്ങി, പലയിടങ്ങളിലായി നട്ടു.


ഭാര്യക്കൊപ്പം ചെറിയ ഒരു രണ്ടുമുറി വീട്ടിലാണ് രാമയ്യയുടെ താമസം. മരങ്ങള്‍ നട്ടു വളര്‍ത്തേണ്ട ആവശ്യകത വ്യക്തമാക്കുന്ന പ്ലക്കാര്‍ഡുകള്‍ കൊണ്ടാണ് രാമയ്യയുടെ വീട് അലംകൃതമായിരിക്കുന്നത്. കൂറ്റന്‍ കെട്ടിടങ്ങള്‍ നാട്ടില്‍ തലയുയര്‍ത്തുമ്പോഴും നഷ്ടമാകുന്ന പച്ചപ്പ് തിരികെ കൊണ്ടുവരണം എന്നതാണ് ഈ എണ്‍പത്തിമൂന്നുകാരന്റെ ജീവിതാഭിലാഷം. രമയ്യ വലിയ പ്രചോദനമാണ് നമ്മുടെ സമൂഹത്തില്‍. കാരണം പ്രകൃതി സ്‌നേഹത്തിന്റെ അവിസ്മരണീയമായ മാതൃകയാണ് അദ്ദേഹത്തിന്റെ ജീവിതം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.