ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള എല്‍പിജി വിതരണം തടസപ്പെട്ടതോടെ ബദല്‍ മാര്‍ഗം തേടി കേന്ദ്ര സര്‍ക്കാര്‍. ഇറക്കുമതി സ്രോതസുകള്‍ വൈവിധ്യവല്‍ക്കരിക്കാനാണ് സര്‍ക്കാര്‍ നീക്കംം. ഇതിന്റെ ഭാഗമായി അമേരിക്ക, നോര്‍വേ, കാനഡ, റഷ്യ എന്നി രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ പാചകവാതകം എത്തിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി.
ലോകത്തെ രണ്ടാമത്തെ വലിയ എല്‍പിജി ഇറക്കുമതിക്കാരായ ഇന്ത്യ തങ്ങളുടെ ആവശ്യത്തിന്റെ 60 ശതമാനത്തിനും ആശ്രയിച്ചിരുന്നത് ഗള്‍ഫ് രാജ്യങ്ങളെയാണ്. രാജ്യത്തെ 33.3 കോടി ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് തടസമില്ലാതെ സിലിണ്ടറുകള്‍ ലഭ്യമാക്കുമെന്നാണ് കേന്ദ്രത്തിന്റെ ഉറപ്പ്. ഇതിനായി പ്രത്യേക അധികാരം ഉപയോഗിച്ച് ആഭ്യന്തര റിഫൈനറികളില്‍ എല്‍പിജി ഉല്പാദനം പരമാവധി ഉയര്‍ത്താന്‍ എണ്ണ കമ്പനികള്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യവസായ ആവശ്യങ്ങള്‍ക്കുള്ള വിഹിതം വെട്ടിക്കുറച്ച് ആ ഗ്യാസ് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി വക മാറ്റാനാണ് തീരുമാനം.
കൂടാതെ സിലിണ്ടറുകള്‍ പൂഴ്ത്തിവെയ്ക്കുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് നിരീക്ഷണം ശക്തമാക്കും. ഗാര്‍ഹിക വിതരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഹോട്ടല്‍, റെസ്റ്റോറന്റ് മേഖലയില്‍ എല്‍പിജി വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാണിജ്യ ആവശ്യത്തിനുള്ള എല്‍പിജിയുടെ 20 ശതമാനം മാത്രമേ നിലവില്‍ ലഭ്യമാക്കൂ.
പ്രതിസന്ധി മറികടക്കാന്‍ ഹോട്ടലുകള്‍ക്ക് മണ്ണെണ്ണ, കല്‍ക്കരി, ബയോഗ്യാസ് എന്നിവ ഉപയോഗിക്കാന്‍ അനുമതി നല്‍കി. മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ വഴി ഇതിന് പ്രത്യേക അനുമതി നല്‍കാനും പരിസ്ഥിതി മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.