ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് നാല് എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ സാധ്യത. കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ചര്‍ച്ചകളാണ് ഡല്‍ഹിയില്‍ നടക്കുന്നത്. എംപിമാരുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം എഐസിസി നേതൃത്വമാണ് കൈക്കൊള്ളുക.
അതേസമയം തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന കെ. സുധാകരന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച മാറ്റി വച്ചു. ഇത് ചൊവ്വാഴ്ച നടക്കുമെന്നാണ് വിവരം. നാളെയും മറ്റന്നാളും നടക്കുന്ന ചര്‍ച്ചകള്‍ക്കൊടുവിലായിരിക്കും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുക. കണ്ണൂര്‍ എംപിയും കെപിസിസി മുന്‍ അധ്യക്ഷനുമായ കെ. സുധാകരന്‍ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കണമെന്ന ആഗ്രഹം നേരത്തെ തന്നെ പ്രകടമാക്കിയിരുന്നു. എന്നാല്‍ ഇതില്‍ സംസ്ഥാന നേതൃത്വത്തിന് കടുത്ത വിയോജിപ്പുണ്ട്. സംസ്ഥാനത്ത് എംപിമാര്‍ ആരും മത്സരിക്കുന്നതിനോടും സംസ്ഥാന നേതൃത്വത്തിന് താല്‍പര്യമില്ല.
വടകര എംപി ഷാഫി പറമ്പില്‍ കണ്ണൂര്‍ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മത്സരിച്ചേക്കുമെന്നാണ് സൂചന. ഷാഫിയെ പോലെ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന ഒരു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചാല്‍ പിണറായി വിജയനെ മണ്ഡലത്തില്‍ തന്നെ തളച്ചിടാമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. കോഴിക്കോട് എംപി എം.കെ രാഘവന്‍ കോഴിക്കോട് നോര്‍ത്തിലും ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശ് കോന്നിയിലും ജനവിധി തേടിയേക്കും. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല.
രണ്ട് ദിവസത്തിനകം സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാകുമെന്നാണ് കെ.സി വേണുഗോപാല്‍ പ്രതികരിച്ചത്. നാല് എംപിമാര്‍ മത്സരിക്കുകയാണെങ്കില്‍ കെ.സി വേണുഗോപാലിനും ഇളവ് വേണമെന്നാണ് അദേഹത്തിന്റെ അനുകൂലികള്‍ ആവശ്യപ്പെടുന്നത്.
അതേസമയം എംപിമാര്‍ മത്സരിച്ചാല്‍ തങ്ങള്‍ മത്സര രംഗത്ത് നിന്ന് പിന്‍മാറുമെന്ന മുന്നറിയിപ്പ് സംസ്ഥാന നേതൃത്വത്തിലെ ചില പ്രമുഖര്‍ എഐസിസിയെ അറിയിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.