വമ്പന്‍മാരായി മുംബൈ പ്ലേ ഓഫിലേക്ക്

വമ്പന്‍മാരായി മുംബൈ പ്ലേ ഓഫിലേക്ക്

എല്ലാ മേഖലകളിലും ഏറ്റവും സ്ഥിരത പുലർത്തുന്ന ടീമായി മാറിയിട്ടുണ്ട് മുംബൈ ഇന്ത്യന്‍സ്.ബൗളിംഗില്‍ നല്ല തുടക്കം കിട്ടിയിട്ടും ബാംഗ്ലൂരിന് പിന്നീട് കാര്യമായ നേട്ടമുണ്ടാക്കാനാകാതെ പോയത് ബുംറ ഇഫക്ടുകൊണ്ടാണ്. ആദ്യ ഓവറില്‍ ഏഴ് റണ്‍സ് വഴങ്ങിയെങ്കിലും പിന്നീട് കീറോണ്‍ പൊളളാർഡിന് എപ്പോഴൊക്കെ വിക്കറ്റ് ആവശ്യമായിരുന്നോ അപ്പോഴൊക്കെ സ്ട്രൈക്ക് ചെയ്തുകൊണ്ട് ഇന്നിംഗ്സില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ ശ്രമിച്ചത് ജസ്പ്രീത് ബുംറയാണ്. മറ്റുളളവർക്കൊക്കെ പ്രഹരമേറ്റപ്പോഴും ബുംറയെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് കൃത്യമായി മനസിലാക്കികൊണ്ടാണ് പൊളളാർഡ് മുന്നോട്ട് പോയത്.

രോഹിത് ശർമ്മ എങ്ങനെയാണോ ബുംറെയെ ഉപയോഗപ്പെടുത്തിയിരുന്നത് അതുപോലെ തന്നെ, പവർ പ്ലേയില്‍ ഒരു ഓവർ, വിരാട് കോലിയുളളപ്പോള്‍ അദ്ദേഹത്തിനെതിരെ ഒരു ഓവർ, ആ ഓവറില്‍ ഒരു വിക്കറ്റും നേടുന്നു.പിന്നീട് കുറച്ചു നേരം കഴി‍ഞ്ഞ് വീണ്ടും കൊണ്ടുവരുന്നു.അവിടെ രണ്ട് വിക്കറ്റുകള്‍ നേടുന്നു. അതിലൊന്ന് ദേവ് ദത്ത് പടിക്കലിന്‍റെ വിക്കറ്റും.അതായത് മധ്യനിരയുടെ നടുവൊടിച്ചത് ബുംറയാണെന്ന് പറയാം. വിരാട് കോലി സ്വതസിദ്ധമായ ശൈലിയില്‍ നിന്നും മാറി ബുംറയ്ക്കെതിരെ ചാന്‍സെടുത്ത് ബൗണ്ടറിയ്ക്ക് ശ്രമിച്ചത് അവരുടെ താളം തെറ്റിച്ചുവെന്ന് പറയാം. ഒരു സമയത്ത് എളുപ്പത്തില്‍ മുന്നോട്ട് നീങ്ങികൊണ്ടിരുന്ന ജോഷ് ഫിലിപ്പും ദേവ ദത്ത് പടിക്കലും- അതിന് ശേഷം വിരാട് കോലി കുറച്ച് സമയം കൂടി ക്രീസില്‍ നില്ക്കുകയും എ ബി ഡി വില്ലേഴ്സ് അല്‍പം കഴിഞ്ഞു മാത്രം എത്തുകയുമായിരുന്നുവെങ്കില്‍ ഒരു സമ്മർദ്ദം മുംബൈ ബൗളേഴ്സില്‍ ഉണ്ടാവുമായിരുന്നുവെന്നുളളതാണ്. പക്ഷെ അതുണ്ടായില്ല. വില്ലേഴ്സ് വിചാരിച്ചതിനേക്കാള്‍ നേരത്തെയെത്തി. മത്സരത്തിന്‍റെ സമ്മർദ്ദം പതിവുപോലെ വിരാട് കോലിയിലേക്കും വില്ലേഴ്സിലേക്കും മാത്രമായി ചുരുങ്ങുന്നു. മറ്റുളളവർക്ക് ഉത്തരവാദിത്തമേറ്റെടുക്കാനോ മുന്നോട്ട് പോകാനോ സാധിക്കുന്നില്ല.ആരണ്‍ ഫിഞ്ചിന് പകരമെത്തിയ ജോഷ് ഫിലിപ്പ് ഒരു നല്ലപ്രകടനം കാഴ്ചവെച്ചത് മാറ്റി നിർത്തിയാല്‍ മറ്റാർക്കും കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. 180 ന് മുകളിലുളള ഒരു സ്കോറിലേക്ക് എത്തിയാല്‍ മാത്രമെ ഒരു സമ്മർദ്ദം മുംബൈ ഇന്ത്യന്‍സിന് മേലുണ്ടാക്കിയെടുക്കാന്‍ സാധിക്കുമായിരുന്നുളളൂ. ഒരു ഇരുപത് റണ്‍സ് കുറവാണ് നേടിയതെന്ന് വിലയിരുത്താം.അതിന് വഴി വച്ചത് ബുംറയാണെന്നും അനായാസം പറയാം.

സീസണിലെ ആദ്യ മത്സരം തോറ്റ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശർമ്മയില്ലാതെ പ്ലേ ഓഫിലേക്ക് പോകുന്ന ആദ്യ ടീമായി മാറിയിരിക്കുന്നു. അവിടെ നിർണായകമായത് ഇന്ത്യന്‍ ടീമിലില്ലാത്ത ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി മാറിയ സൂര്യകുമാർ യാദവിന്‍റെ പ്രകടനം തന്നെയാണ്. ഇന്ത്യന്‍ സെലക്ടർമാർക്കുളള നല്ല സന്ദേശമായി കൂടി അത് കാണാം. ടീം സമ്മർദ്ദത്തിലാകുമ്പോള്‍ ആ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് അദ്ദേഹം ബാറ്റ് ചെയ്യുന്നു. അണ്‍ ഓർത്തഡോക്സായി ഷോട്ടുകള്‍ പായിക്കാന്‍ സാധിക്കുന്ന താരമാണ് സൂര്യകുമാർ യാദവ്. ബാംഗ്ലൂരിനെതിരെയും അത്തരത്തിലുളള പ്രകടനമാണ് അദ്ദേഹത്തില്‍ നിന്നുണ്ടായത്. ക്വിന്‍റണ്‍ ഡീ കോക്കിനെ നഷ്ടമായിട്ടും പിന്നീട് വന്ന സ്പിന്നേഴ്സിനും മുംബൈ ഇന്ത്യന്‍സിന് മേല്‍ സമ്മർദ്ദം ചെലുത്താന്‍ സാധിക്കുമായിരുന്നു. എന്നാല്‍ യുസ് വേന്ദ്ര ചാഹലിനെതിരെ അതിമനോഹരമായി ബാറ്റ് ചെയ്ത് മുംബൈയുടെ പ്രധാന ബൗളറെ സമ്മർദ്ദത്തിലാക്കാന്‍ സൂര്യകുമാർ യാദവിന് കഴിഞ്ഞു. പേടിച്ചു നില്‍ക്കാതെ ബൗളർമാരെ സമ്മർദ്ദത്തിലാക്കാന്‍ കഴിയുന്നുവെന്നുളളത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശോഭിക്കാനുളള അദ്ദേഹത്തിന്‍റെ പ്രതിഭ തന്നെയാണ് വെളിവാക്കുന്നത്. മുംബൈ ഇന്ത്യന്‍സ് നിരയില്‍ ആരെ പുറത്താക്കിയാല്‍ ജയിക്കാന്‍ സാധിക്കുമെന്നുളള ട്രോളുകളൊക്കെ കാണുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. അത്രയും സ്ഥിരതയും ശക്തിയുമുളള ടീമായി മാറിയിരിക്കുന്നു മുംബൈ ഇന്ത്യന്‍സ് എന്ന്. രോഹിത് ശർമ്മയുടെ അഭാവത്തിലും ഇഷന്‍ കിഷനും സൗരഭ് തിവാരിയും ശോഭിക്കാതിരുന്നിട്ടും മുംബൈ ഇന്ത്യന്‍സ് ടീം തകർന്നുപോയില്ലെന്ന് മാത്രമല്ല നല്ല പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. അതുതന്നെയാണ് മുംബൈയെ മികച്ച ടീമാക്കി മാറ്റുന്നതെന്നും വിലയിരുത്താം.

കീറോണ്‍ പൊളളാർഡിനും ഹർദ്ദിക് പാണ്ഡ്യയ്ക്കും കാര്യമായി ഒന്നും ചെയ്യേണ്ടി വന്നില്ലെങ്കിലും അവരെ കൃത്യമായി ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയിലുളള ടീം ഘടന. തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടാലും ധൈര്യസമേതം ക്രീസിലേക്ക് ഇറക്കിവിടാന്‍ കൃണാല്‍ പാണ്ഡ്യ. മുംബൈയുടെ ബാറ്റിംഗ് നിരയിലുളള ഈ ഫ്ളക്സിബിലിറ്റിയാണ് അവരുടെ പ്രകടത്തിന്‍റെ കാതല്‍. ആർക്കൊക്കെ എന്തൊക്കെ ഉത്തരവാദിത്തങ്ങളാണ് നല്കിയിട്ടുളളത് അതവർ കൃത്യമായി ചെയ്യുന്നു. ഒരാളുടെ പ്രകടനം നിറം മങ്ങിയാലും മറ്റൊരാള്‍ അത് മറികടക്കുന്നു. ടീമി‍ന്‍റെ പ്രകടനത്തിന്‍റെ സ്ഥിരതയാണ് മുംബൈയെ ഈ സീസണിലെ മികച്ച ടീമാക്കുന്നതെന്ന് നിസ്സംശയം പറയാം.

സ്കോർ RCB 164/6 (20)MI 166/5 (19.1)
സോണി ചെറുവത്തൂർ
(കേരളാ രഞ്ജി ടീം മുന്‍ ക്യാപ്റ്റന്‍ , ഗോള്‍ഡ് 101.3 കമന്‍റേറ്റർ)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.