വിശുദ്ധ ഫ്രൂമെന്റിയൂസ്: അബീസിനിയക്കാരുടെ അബ്ബാ സലാമ

വിശുദ്ധ ഫ്രൂമെന്റിയൂസ്:  അബീസിനിയക്കാരുടെ അബ്ബാ സലാമ

അനുദിന വിശുദ്ധര്‍ - ഒക്ടോബര്‍ 27

ടൈറില്‍ നിന്നുള്ള ഫിനീഷ്യന്‍ സഹോദരന്‍മാരാണ് എദേസിയൂസും ഫ്രൂമെന്റിയൂസും. അബീസിനിയായില്‍ ക്രൈസ്തവ വിശ്വാസം എത്തിച്ചത് ഈ സഹോദരങ്ങളാണ്. ചെറുപ്പത്തില്‍ അമ്മാവനായ മെട്രോപിയൂസിനൊപ്പം ഇരുവരും എ.ഡി 316 ല്‍ അബീസിനിയായിലേക്കൊരു കടല്‍ യാത്ര നടത്തി.

യാത്രാ മധ്യേ ഭക്ഷണം ശേഖരിക്കുന്നതിനായി ചെങ്കടലിന്റെ ഒരു തീരത്ത് അവരുടെ കപ്പല്‍ അടുത്തപ്പോള്‍ കാട്ടാള വര്‍ഗത്തില്‍പ്പെട്ട ചിലര്‍ എദേസിയൂസിനെയും ഫ്രൂമെന്റിയൂസിനെയുമൊഴികെ കപ്പലിലെ മുഴുവന്‍ യാത്രക്കാരെയും കൊലപ്പെടുത്തി. ബാലന്മാരായ എദേസിയൂസിനെയും ഫ്രൂമെന്റിയൂസിനെയും പിടികൂടി അടിമകളാക്കി അക്‌സുമിലെ രാജാവിന്റെ പക്കല്‍ എത്തിച്ചു. അധികം താമസിയാതെ തന്നെ ബാലന്മാര്‍ രാജാവിന്റെ പ്രീതി പിടിച്ചു പറ്റി. പിന്നീട് രാജാവ് ഇവരെ വിശ്വസ്ത പദവികളില്‍ നിയമിച്ചു.

രാജാവിന്റെ മരണശേഷം വിധവയായ രാജ്ഞി തന്റെ മകനായ ഇറാസനെസിനെ പഠിപ്പിക്കുന്നതിനും രാജ്യഭരണത്തില്‍ തന്നെ സഹായിക്കുന്നതിനുമായി ഇവരെ ചുമതലപ്പെടുത്തി. ഈ കാലഘട്ടത്തില്‍ തങ്ങളുടെ സ്വാധീനമുപയോഗിച്ച് അവര്‍ ക്രിസ്തുമതം പ്രചരിപ്പിച്ചു. ആദ്യമായി അവര്‍ ക്രിസ്ത്യന്‍ വ്യാപാരികളെ പ്രോത്സാഹിപ്പിക്കുകയും പൊതുസ്ഥലങ്ങളില്‍ കൂടിച്ചേരുന്നതിനും അവിടെ വച്ച് തങ്ങളുടെ ആരാധനകള്‍ നടത്തുന്നതിനും വേണ്ട അനുവാദം നേടികൊടുക്കുകയും ചെയ്തു.

ഇതേ തുടര്‍ന്ന് അനേകം പ്രദേശവാസികള്‍ ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. രാജകുമാരന് പ്രായപൂര്‍ത്തിയായപ്പോള്‍ എദേസിയൂസ് ടൈറിലുള്ള തന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടുക്കലേക്ക് തിരിച്ചുപോയി. എന്നാല്‍ അബീസിനിയായെ മതപരിവര്‍ത്തനം ചെയ്യുന്നതില്‍ തല്‍പ്പരനായ ഫ്രൂമെന്റിയൂസാകട്ടെ അബീസിനിയായില്‍ തുടര്‍ന്നു.

പിന്നീട് വിശുദ്ധ അത്തനാസിയൂസ് ഫ്രൂമെന്റിയൂസിനെ അവിടത്തെ മെത്രാനായി വാഴിച്ചു. ഇത് സംഭവിച്ചത് 340 നും 346 നും ഇടക്കാണെന്നാണ് കരുതപ്പെടുന്നത്. ഈ കാലഘട്ടത്തില്‍ അധികാരത്തിലേറിയ രാജാവായ ഐസനാസും ക്രിസ്തീയ വിശ്വാസം പ്രഘോഷിച്ചു കൊണ്ട് ജ്ഞാനസ്‌നാനം സ്വീകരിച്ചു. ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ അതീവ പ്രയത്‌നം നടത്തിയ ഫ്രൂമെന്റിയൂസ് ധാരാളം പള്ളികള്‍ പണിയുകയും അബീസിനിയാ മുഴുവന്‍ ക്രിസ്തുമതം പ്രചരിപ്പിക്കുകയും ചെയ്തു.

അവിടത്തെ ജനങ്ങള്‍ അദ്ദേഹത്തെ അബൂന (ഞങ്ങളുടെ പിതാവ്) അല്ലെങ്കില്‍ അബ്ബാ സലാമ (സമാധാനത്തിന്റെ പിതാവ്) എന്ന പേരുകളിലായിരുന്നു വിളിച്ചിരുന്നത്. അബീസിനിയന്‍ സഭാധികാരി ഇപ്പോഴും ഈ പേരിലാണ് വിശേഷിപ്പിക്കപ്പെടുന്നത്. 365 ല്‍ കോണ്‍സ്റ്റാന്റിയൂസ് ചക്രവര്‍ത്തി ഐസനാസ് രാജാവിനും അദ്ദേഹത്തിന്റെ സഹോദരനുമായി ഒരു കത്തെഴുതുകയും അതില്‍ ഫ്രൂമെന്റിയൂസിനെ മാറ്റി പകരം അരിയന്‍ മെത്രാനായ തിയോഫിലൂസിനെ നിയമിക്കുവാനും ആവശ്യപ്പെട്ടെങ്കിലും ഐസനാസ് രാജാവ് അത് നിരസിക്കുകയായിരുന്നു.
ലാറ്റിന്‍ ജനത ഈ വിശുദ്ധന്റെ തിരുന്നാള്‍ ഒക്ടോബര്‍ 27 നും ഗ്രീക്കുകാര്‍ നവംബര്‍ 30 നും കോപ്റ്റിക് ക്രിസ്ത്യാനികള്‍ ഡിസംബര്‍ 18 നുമാണ് ആഘോഷിക്കുന്നത്. പുതിയ നിയമത്തിന്റെ ആദ്യ എത്യോപ്യന്‍ തര്‍ജ്ജിമ ഫ്രൂമെന്റിയൂസാണ് ചെയ്തതെന്നാണ് അബീസിനിയക്കാര്‍ വിശ്വസിക്കുന്നത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. അയര്‍ലണ്ടിലെ അബ്ബാന്‍

2. ഈജിപ്തിലെ അബ്രഹാം

3. കോണ്‍സ്റ്റാന്റിനോപ്പിളിലെ സിറിയാക്കൂസ്

4. കപ്പിത്തോളിനായും ദാസി എറോത്തെയിസും.

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.