സിഡ്‌നി: ഓസ്‌ട്രേലിയയിലെ പ്രമുഖ കോസ്‌െമറ്റിക് സര്‍ജന്‍ ഡോ. ഡാനിയേല്‍ ലാന്‍സര്‍ വിവാദത്തില്‍. ലാന്‍സറിന്റെ ക്ലിനിക്കില്‍ സൗന്ദര്യവര്‍ധക ചികിത്സയുടെ ഭാഗമായി നടത്തുന്ന ശസ്ത്രക്രിയയ്ക്കിടെ നടന്ന സംഭവങ്ങളുടെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. കോസ്‌മെറ്റിക് സര്‍ജറിക്കിടെ ജീവനക്കാര്‍ പാട്ടു പാടുന്നതും നൃത്തം ചെയ്യുന്നതുമെല്ലാം വീഡിയോയിലുണ്ട്.
ശസ്ത്രക്രിയയ്ക്കു വിധേയനായ ആള്‍ അനസ്തീസിയയിലാണെന്നു ദൃശങ്ങളില്‍ കാണാം. അത്യന്തം സങ്കീര്‍ണമായ ശസ്ത്രക്രിയയ്ക്കിടെ ഡോ. ലാന്‍സറിന്റെ ക്ലിനിക്കില്‍ നിന്ന് പുറത്തുവന്ന വീഡിയോയാണ്് വിവാദം അഴിച്ചുവിട്ടിരിക്കുന്നത്. ഈ നടപടി ആരോഗ്യ രംഗത്തെ അശാസ്ത്രീയ പ്രവണതകളുടെ തുടര്‍ച്ചയാണെന്നും മെഡിക്കല്‍ എത്തിക്‌സിനു വിരുദ്ധമാണെന്നുമാണ് വിമര്‍ശനം.
സൗന്ദര്യവര്‍ധക ചികിത്സയുടെ പേരില്‍ നടക്കുന്ന തട്ടിപ്പിന്റെ തെളിവായും ആരോഗ്യ വിദഗ്ധര്‍ ഈ സംഭവത്തെ ചൂണ്ടിക്കാട്ടുന്നു.
ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ സെലിബ്രിറ്റി കോസ്‌മെറ്റിക് സര്‍ജന്‍ എന്ന നിലയിലാണ് ഡോ. ലാന്‍സര്‍ അറിയപ്പെടുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇയാള്‍ക്ക് ക്ലിനിക്കുകളും ആശുപത്രികളുമുണ്ട്. ലാന്‍സറിന്റെ ക്ലിനിക്കില്‍നിന്നു പുറത്തുവന്ന ദൃശ്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതും അപകടകരമായ പ്രവണതകളുടെ തുടര്‍ച്ചയുമാണെന്നും കോസ്മറ്റിക് സര്‍ജന്‍മാര്‍ അഭിപ്രായപ്പെടുന്നു.
ത്വക്ക്‌രോഗ ചികിത്സാ വിദഗ്ധനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഡോ. ലാന്‍സര്‍ കോസ്‌മെറ്റിക് സര്‍ജറി വഴിയാണ് പ്രശസ്തനായത്. ടിവി ഷോകളും ഇയാള്‍ അവതരിപ്പിക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിലും ദശലക്ഷക്കണക്കിനു ഫോളോവേഴ്‌സാണ് ലാന്‍സറിനുള്ളത്.
ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളായ എബിസി ന്യൂസിന്റെ ഇന്‍വസ്റ്റിഗേറ്റീവ് ജേര്‍ണലിസം പരിപാടിയായ ഫോര്‍ കോര്‍ണേഴ്‌സ്, സിഡ്‌നി മോര്‍ണിംഗ് ഹെറാള്‍ഡ്, ദ ഏജ് എന്നിവ ചേര്‍ന്നാണ് ക്ലിനിക്കിനുള്ളിലെ വീഡിയോകളും ദൃശ്യങ്ങളും പുറത്തുവിട്ടത്.
ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ ശക്തിയേറിയ പമ്പുകളുടെ സഹായത്താല്‍ പുറത്തേക്കു വലിച്ചെടുത്തു കളയുന്ന പ്രക്രിയയാണ് ലൈപ്പോസക്ഷന്‍. അത്യന്തം സങ്കീര്‍ണമായ ഈ ശസ്ത്രക്രിയയ്ക്കിടെയാണ് ക്ലിനിക്കിലെ ജീവനക്കാര്‍ അശ്രദ്ധമായി ആടിപ്പാടുന്നത്.
ലൈപ്പോസക്ഷന്‍ അതീവ ശ്രദ്ധയോടെ ചെയ്തില്ലെങ്കില്‍ ഏതെങ്കിലും അവയവത്തില്‍ തുളച്ചുകയറാനുള്ള സാധ്യത വളരെക്കൂടുതലാണെന്നു പ്ലാസ്റ്റിക് സര്‍ജനായ പാട്രിക് ബ്രിഗ്‌സ് പറയുന്നു.
ജീവനക്കാരുടെയും ശസ്ത്രക്രിയയ്ക്കു വിധേയനായ ആളുടെയും മുഖം മറച്ചശേഷമാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ചികിത്സയ്‌ക്കെത്തിയ ആളോടുള്ള ബഹുമാനക്കുറിവിന്റെയും അപകടകരമായ ചികിത്സാ രീതിയുെടയും നേര്‍ചിത്രമായി ഓസ്‌ട്രേലിയന്‍ സൊസൈറ്റി ഓഫ് പ്ലാസ്റ്റിക് സര്‍ജന്റ്‌സ് മുന്‍ മേധാവി മാര്‍ക്ക് ആഷ്ടണ്‍ കുറ്റപ്പെടുത്തി.
ഇത്തരത്തില്‍ പെരുമാറുന്ന ആളുകളെ സമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടിയില്ലെങ്കില്‍ ഇങ്ങനെയൊന്നും രാജ്യത്തു സംഭവിക്കില്ലെന്നു പലരും വിചാരിക്കും. എന്നാല്‍ ഓസ്‌ട്രേലിയയിലും ഇത്തരം ഗുരുതരമായ പ്രവര്‍ത്തികള്‍ ഉണ്ടാകുന്നുവെന്നാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്-മാര്‍ക്ക് ആഷ്ടണ്‍ പറഞ്ഞു.
അതേസമയം, അശ്രദ്ധമായി ശസ്ത്രക്രിയ നടത്തിയ ജീവനക്കാരെ താക്കീത് ചെയ്‌തെന്നാണ് വീഡിയോ പുറത്തുവന്നതിനു പിന്നാലെ ഡോ. ലാന്‍സര്‍ പ്രതികരിച്ചത്. എന്നാല്‍ താക്കീതില്‍ ഒതുങ്ങുന്നതല്ല വീഡിയോയിലെ ദൃശ്യങ്ങളെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
ക്ലിനിക്കില്‍ മുന്‍പ് ജോലി ചെയ്തിരുന്ന രജിസ്‌റ്റേര്‍ഡ് നഴ്സുമാരായ ലോറന്‍ ഹെവിഷും ജസ്റ്റിന്‍ നിക്സണും ഗുരുതരമായ വെളിപ്പെടുത്തലുമായി രംഗത്തുവന്നു. ജോലിയില്‍ വഴിവിട്ട കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നു ലോറന്‍ ഹെവിഷ് പറഞ്ഞു. ഒരു ദിവസം നിരവധി ശസ്ത്രക്രിയകള്‍ നടക്കുന്ന ക്ലിനിക്കുകളുടെ അവസ്ഥ വളരെ മോശമായിരുന്നെന്നു ജസ്റ്റിന്‍ നിക്സണ്‍ പറഞ്ഞു.
ഫ്രഡ്ജില്‍ മനുഷ്യകൊഴുപ്പ്, വൃത്തിയില്ലാതെ സര്‍ജിക്കല്‍ ഉപകരണങ്ങള്‍
ക്ലിനിക്കിനുള്ളിലെ അനാരോഗ്യകരമായ പ്രവണതകളുടെ ചിത്രങ്ങളും ഫോര്‍ കോര്‍ണര്‍ പുറത്തുവിട്ടിട്ടുണ്ട്. ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത കൊഴുപ്പ് അടുക്കളയിലെ ഒരു സാധാരണ ഫ്രഡ്ജില്‍ സൂക്ഷിച്ചിരിക്കുന്നതു പുറത്തുവിട്ട ചിത്രങ്ങളില്‍ കാണാം. കുടിവെള്ള കുപ്പികള്‍ക്കു തൊട്ടടുത്താണ് സിറിഞ്ചുകളുടെ സ്ഥാനം. ഷൂസുകള്‍ക്കും അഴുക്കുപിടിച്ച വസ്ത്രങ്ങള്‍ക്കും അരികില്‍ ഒരു സ്യൂട്ട്‌കേസിലാണ് അലക്ഷ്യമായി സര്‍ജിക്കല്‍ ഉപകരണങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. സീല്‍ ചെയ്യാത്ത ബാഗിലാണ് സിറിഞ്ചുകള്‍ സൂക്ഷിച്ചിരിക്കുന്നത്.
ക്ലിനിക്കിനുള്ളിലെ ഫ്രഡ്ജില്‍നിന്നുള്ള ദൃശ്യങ്ങള്‍
ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത കൊഴുപ്പ് ജീവനക്കാര്‍ പ്ലാസ്റ്റിക് ബാഗുകളിലാക്കി വീട്ടില്‍ കൊണ്ടുപോകാറുണ്ടെന്നും മുന്‍ ജീവനക്കാര്‍ വെളിപ്പെടുത്തുന്നു. കൊഴുപ്പ് നഴ്‌സുമാരുടെ വീടുകളിലെ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ ആവശ്യപ്പെടും. ക്ലിനിക്കുകളില്‍ പതിവായി നടക്കുന്ന ഓഡിറ്റിന് മുന്നോടിയായാണ് ബാഗുകളില്‍ കൊഴുപ്പ് വീട്ടിലേക്ക് കൊണ്ടുപോകുന്നത്. പരിശോധനയെക്കുറിച്ച് ആരോഗ്യവകുപ്പ് നേരത്തെ മുന്നറിയിപ്പു നല്‍കുന്നതിനാല്‍ എല്ലാം മറച്ചുവയ്ക്കാന്‍ ഇഷ്ടം പോലെ സമയം ലഭിക്കുമെന്ന് മുന്‍ ജീവനക്കാര്‍ പറയുന്നു.
ഫ്രിഡ്ജില്‍ സിറിഞ്ചുകള്‍ അലക്ഷ്യമായി സൂക്ഷിച്ചിരിക്കുന്നു
യാതൊരു വൃത്തിയും സുരക്ഷാ മുന്‍കരുതലുകളും ഇല്ലാതെയാണ് ശസ്ത്രക്രിയ ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്നതെന്നും ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്. അതേസമയം ആരോപണങ്ങള്‍ എല്ലാം ലാന്‍സര്‍ നിഷേധിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കഴിഞ്ഞ മുപ്പതു വര്‍ഷമായി ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇതുവരെ അണുബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ലാന്‍സര്‍ അവകാശപ്പെട്ടു.
നിലവിലെ നിയമങ്ങള്‍ അനുസരിച്ച്, അടിസ്ഥാന മെഡിക്കല്‍ ബിരുദമുള്ള ആര്‍ക്കും കോസ്‌മെറ്റിക് സര്‍ജനാകാം. കോസ്‌മെറ്റിക് സര്‍ജറികളില്‍ നിയന്ത്രണം കൊണ്ടുവരാന്‍ പ്ലാസ്റ്റിക് സര്‍ജന്മാര്‍ ദശാബ്ദങ്ങളായി ശ്രമിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.