ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായുള്ള നരേന്ദ്ര മോഡിയുടെ കൂടിക്കാഴ്ച 30 ന് വത്തിക്കാനില്‍

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായുള്ള നരേന്ദ്ര മോഡിയുടെ കൂടിക്കാഴ്ച 30 ന് വത്തിക്കാനില്‍


കൊച്ചി:ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കൂടിക്കാഴ്ച ഈ മാസം 30 ന് ആയിരിക്കുമെന്നു വിവരം ലഭിച്ചതായി കെ.സി.ബി.സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ റോം സന്ദര്‍ശനത്തിനിടെ വത്തിക്കാനില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് കെ.സി.ബി.സി അധ്യക്ഷന്‍ കൂടിയായ സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിജയാശംസകള്‍ നേര്‍ന്നു.

ജി-20 ഉച്ചകോടിക്കായി ഈ ആഴ്ച അവസാനം പ്രധാനമന്ത്രി മോഡി റോമിലേക്ക് തിരിക്കും. ഈ മാസം 30, 31 തീയതികളിലാണ് ജി-20 ഉച്ചകോടി. ഇതിന്റെ മുന്നോടിയായാണ് മാര്‍പ്പാപ്പയുമായുള്ള കൂടിക്കാഴ്ച.സൗഹൃദ സന്ദര്‍ശനമാകും പ്രധാനമന്ത്രിയുടേത്. രണ്ട് പതിറ്റാണ്ടിനു ശേഷമാണ് വത്തിക്കാന്‍ ഭരണാധികാരിയും ആഗോള കത്തോലിക്കാ സഭയുടെ തലവനുമായ മാര്‍പ്പാപ്പയുമായി ഇന്ത്യന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്.

2018 ല്‍ ബംഗ്ലാദേശും മ്യാന്‍മറും സന്ദര്‍ശിക്കാനെത്തിയ മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് കത്തോലിക്കാ സഭാ മേലദ്ധ്യക്ഷന്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ജനുവരിയില്‍ കര്‍ദ്ദിനാള്‍മാരായ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ എന്നിവര്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നായിരുന്നു പ്രധാനമന്ത്രി നല്‍കിയ ഉറപ്പ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.