'എന്നെ തല്ലേണ്ടമ്മാവാ...ഞാന്‍ നന്നാവില്ല': ന്യൂനപക്ഷ ക്ഷേമത്തില്‍ അടി ചോദിച്ചു വാങ്ങി പിണറായി സര്‍ക്കാര്‍

 'എന്നെ തല്ലേണ്ടമ്മാവാ...ഞാന്‍ നന്നാവില്ല': ന്യൂനപക്ഷ ക്ഷേമത്തില്‍ അടി ചോദിച്ചു വാങ്ങി പിണറായി സര്‍ക്കാര്‍

കിട്ടാനുള്ള അടി ഇരന്നു വാങ്ങിയില്ലെങ്കില്‍ ഇരിക്കപ്പൊറുതിയില്ല എന്നു പറഞ്ഞതു പോലെയായി സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 ആനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച പിണറായി സര്‍ക്കാരിന്റെ അവസ്ഥ. 'എന്നെ തല്ലേണ്ടമ്മാവാ...ഞാന്‍ നന്നാവില്ല' എന്ന് സംസ്ഥാന സര്‍ക്കാര്‍ ഒരിക്കല്‍ കൂടി സുപ്രീം കോടതിയില്‍ തെളിയിച്ചു.

നിയമസഭാ കൈയ്യാങ്കളി കേസില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അടക്കമുള്ളവര്‍ക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിലെത്തി പ്രഹരമേറ്റു വാങ്ങിയതിന്റെ വേദന മാറും മുമ്പാണ് ന്യൂനപക്ഷ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുകയും കനത്ത തിരിച്ചടി എറ്റു വാങ്ങുകയും ചെയ്തത്.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളില്‍ പിന്തുടര്‍ന്നു വന്ന 80:20 ആനുപാതം റദ്ദാക്കി അവ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത സര്‍ക്കാര്‍ പിന്നീട് ചിലരുടെ നിരന്തര സമ്മര്‍ദ്ദത്തിനും വോട്ടു ബാങ്ക് കാണിച്ചുള്ള ഭീഷണിയ്ക്കും വഴങ്ങിയാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

ഭരണ സ്വാധീനമുപയോഗിച്ചും വസ്തുതകള്‍ വളച്ചൊടിച്ചും വര്‍ഷങ്ങളായി കൈവശം വച്ച ആനുകൂല്യങ്ങള്‍ മറ്റ് ന്യൂനപക്ഷ സമുദായങ്ങള്‍ക്കു കൂടി പങ്കു വയ്‌ക്കേണ്ടി വരുന്നതിലെ അസ്വസ്ഥത ചില മുസ്ലീം സംഘടനാ നേതാക്കള്‍ നേരത്തേ തന്നെ പ്രകടിപ്പിച്ചിരുന്നു.

പൊതുവായ പദ്ധതികളില്‍ 80% വിഹിതം മുസ്ലീം സമുദായത്തിനും ബാക്കി 20% ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, ജൈന, പാര്‍സി എന്നീ അഞ്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമായി മാറ്റിവച്ചുകൊണ്ടുള്ള ഉത്തരവാണ് അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ഹൈക്കോടതി റദ്ദാക്കിയത്.

ക്രിസ്ത്യന്‍ പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി സമിതിയുടെ ടേംസ് ഓഫ് റഫറന്‍സ് സര്‍ക്കാര്‍ നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതുകൂടി പരിഗണനയില്‍ എടുത്താണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവുണ്ടായത്.

ഇതേ തുടര്‍ന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തപ്പോഴാണ് 'ഇരട്ടച്ചങ്കുള്ളവര്‍ക്ക്' ഇരട്ട മുഖവുമുണ്ടെന്ന് ക്രൈസ്തവരടക്കമുള്ള മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ബോധ്യമായത്. നയാ പൈസയില്ലെന്ന് നാഴികയ്ക്ക് നാല്‍പ്പതു വട്ടം വിലപിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പൊതു ഖജനാവില്‍ നിന്നാണ് ഇത്തരം കാര്യങ്ങള്‍ക്കായി പണം ചെലവാക്കുന്നത് എന്നത് ഏറെ പ്രതിഷേധാര്‍ഹമാണ്.

സാമൂഹത്തിലെ വിവിധ മത വിഭാഗങ്ങള്‍ക്കിടയില്‍ തുല്യനീതി ഉറപ്പാക്കുവാന്‍ ഉത്തരവാദിത്വമുള്ള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കേസിന് പോകുന്നത് തെറ്റെന്ന് പറയുന്നില്ല. എന്നാല്‍ വസ്തുതകളെ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കേരള ഹൈക്കോടതി റദ്ദാക്കിയ ഒരു വിധിക്കെതിരേ ആണ് ഒരു വിഭാഗത്തിന്റെ പ്രീതി സമ്പാദിക്കാന്‍ പൊതു നികുതിപ്പണം ചെലവഴിച്ച് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീലിനു പോകുന്നത് എന്നോര്‍ക്കണം.

കേരളത്തിന്റെ പൊതുബോധം മതേതര മൂല്യങ്ങളില്‍ അധിഷ്ഠിതമാണ്. അതിന് വിരുദ്ധമായി സര്‍ക്കാരിന്റെ പക്ഷത്തുനിന്നുള്ള എല്ലാ നീക്കങ്ങളും സമൂഹത്തില്‍ വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതും സര്‍ക്കാരിന്റെ നിഷ്പക്ഷ നിലപാടുകളെ ചോദ്യം ചെയ്യുന്നതുമാണ്.

വ്യക്തിയുടെ അന്തസും രാഷ്ട്രത്തിന്റെ ഐക്യവും ഉറപ്പു വരുത്തുന്ന ഒരു സാഹോദര്യ ബോധം ജനതയ്ക്കിടയില്‍ സൃഷ്ടിക്കുവാനുള്ള സ്ഥിതിഗതികള്‍ ഉണ്ടാക്കുക എന്നതാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വം. ഈ പശ്ചാത്തലത്തിലാണ് 80:20 വിഷയത്തില്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീലിനു പോയ നടപടിയെ മതപ്രീണനമായി വ്യാഖ്യാനിക്കുന്നതും ഇത് മതേതര മൂല്യങ്ങളെ ഹനിക്കുന്നതാണെന്ന് പറയേണ്ടി വരുന്നതും.

എന്താണ് ന്യൂനപക്ഷ അവകാശങ്ങളിലെ അനീതി?

മുസ്ലീം, ക്രിസ്റ്റ്യന്‍, സിഖ്, ജൈന, ബുദ്ധ, പാര്‍സി എന്നിങ്ങനെയുള്ള ആറു വിഭാഗങ്ങളാണ് ന്യൂനപക്ഷ ആനുകൂല്യങ്ങളും അവകാശങ്ങളും തുല്യ പദവിയും ലഭിക്കുന്ന ഇന്ത്യന്‍ മത ന്യൂനപക്ഷങ്ങള്‍. ഭൂരിപക്ഷത്തിന്റെ സംഘടിത ശക്തിമൂലം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍, പാരമ്പര്യങ്ങള്‍, മൂല്യങ്ങള്‍, വിശ്വാസങ്ങള്‍ എന്നിവ ധ്വംസിക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ് ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കിയത്.

ഭരണഘടന പ്രാബല്യത്തില്‍ വന്ന നാള്‍ മുതല്‍ എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും ഭരണഘടനാപരമായ ഈ അവകാശങ്ങള്‍ ലഭ്യമായി. 1992 ല്‍ ദേശീയ ന്യൂനനപക്ഷ കമ്മീഷനും 2006 ല്‍ ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രാലയവും രൂപീകരക്കപ്പെട്ടു. കൂടാതെ ന്യൂനപക്ഷ ക്ഷേമത്തിനായി വിവിധ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പുകളും പ്രവര്‍ത്തന സജ്ജമായി. അതിലേക്ക് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തുക അനുവദിക്കുകയും പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുകയും ചെയ്തു.

എന്നാല്‍ കേരളത്തില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ അത്ര സുതര്യമായിരുന്നില്ല. അതില്‍ അനീതിയും പക്ഷപാതിത്വവുമുണ്ടായിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, പി.എസ്.സി പരീക്ഷകള്‍ക്കുവേണ്ടിയുള്ള സൗജന്യ കോച്ചിംഗ് സെന്ററുകള്‍ എന്നിവയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് ഫണ്ട് അനുവദിച്ചിട്ടുണ്ട്.

ഇത് ന്യൂനപക്ഷ വിഭാഗത്തിലെ ഒരു വിഭാഗത്തിന് മാത്രമായി 80 ശതമാനവും മറ്റ് അഞ്ച് വിഭാഗങ്ങക്കെല്ലാമായി 20 ശതമാനവും നല്‍കുക എന്ന നിലപാടാണ് കേരളം സ്വീകരിച്ചത്. ഇത് തികച്ചും പക്ഷപാതപരമായ അനുപാതമാണ്. കൂടാതെ മദര്‍ തെരേസ, ജോസഫ് മുണ്ടശ്ശേരി എന്നിവരുടെ പേരിലുള്ള സ്‌കോളര്‍ഷിപ്പുകള്‍ പോലും ഈ അനുപാതത്തിലാണ് വിതരണം ചെയ്തത് എന്നറിയുമ്പോഴേ ഈ അനീതിയുടെ ആഴം ബോധ്യമാവുകയുള്ളൂ.

'ഒരു മതത്തിനും മുന്‍ഗണനയോ പദവിയോ പ്രത്യോക നിലയോ അനുവദിച്ചുകൂടാ. ദേശീയ ജീവിതത്തിലോ അന്താരാഷ്ട്ര ബന്ധങ്ങളിലോ ഒരു മതത്തിനും പ്രത്യേക അവകാശങ്ങള്‍ക്ക് അനുമതി ഉണ്ടായിക്കൂടാ. അത് ജനാധിപത്യത്തിന്റെ മൗലീക തത്വങ്ങളുടെ ലംഘനവും മതത്തിന്റെയും ഗവണ്‍മെന്റിന്റെയും ഉത്തമ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധവുമായിരിക്കും. സഹിഷ്ണുതയുടെയും അച്ചടക്കത്തിന്റേതുമായ മതനിഷ്പക്ഷതയാണ് നമ്മുടെ കാഴ്ചപ്പാട്.

ഇതിന് ദേശീയവും അന്തര്‍ ദേശീയവുമായ ഒരു ദീര്‍ഘ വീക്ഷണമുണ്ട്. മറ്റുള്ളവര്‍ക്ക് നിഷേധിക്കുന്ന അവകാശങ്ങളും പ്രത്യേക ആനുകൂല്യങ്ങളും കൊണ്ട് ഒരു പൗര സംഘവും സ്വയം അഹങ്കരിക്കാന്‍ പാടില്ല. ഏതൊരാളും അയാളുടെ മതം നിമിത്തം ഏതെങ്കിലും വിധത്തിലുള്ള അവശതയോ വിവേചനമോ അനുഭവിച്ചു കൂടാ. എല്ലാവരും ഒരുപോലെ പൊതുജീവിതത്തില്‍ പൂര്‍ണ്ണമായി പങ്കു വഹിക്കുന്നതിന് സ്വതന്ത്രരായിരിക്കണം' എന്ന മുന്‍ രാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണന്റെ സുവ്യക്തമായ കാഴ്ചപ്പാടാണ് രാഷ്ട്രീയ നേതൃത്വത്തിന് ഉണ്ടാകേണ്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.