വത്തിക്കാൻ സിറ്റി: മറ്റുള്ളവർക്കു നൽകുന്ന സ്നേഹപൂർവ്വമായ കരുതലിലൂടെയും സേവനങ്ങളിലൂടെയുമാണ് ഒരു ക്രിസ്തീയ വിശ്വാസി നിത്യജീവൻ പ്രാപിക്കുന്നതെന്നും മരണത്തെ കബളിപ്പിക്കാൻ ആർക്കും സാധിക്കുകയില്ലെന്നും ഓർമ്മപ്പെടുത്തി ലിയോ പതിനാലാമൻ മാർപാപ്പ. ക്യാസിൽ ഗണ്ടോൾഫോയിലെ തന്റെ വേനൽകാല വസതിയിൽ ത്രികാലജപ പ്രാർത്ഥന നയിച്ച് സന്ദേശം നൽകുകയായിരുന്നു മാർപാപ്പ.
കുന്നിൻ ചെരുവിലുള്ള ചെറുപട്ടണമായ ക്യാസിൽ ഗണ്ടോൾഫോയിലെ ഫ്രീഡം സ്ക്വയറിൽ മാർപാപ്പയോടൊപ്പമുള്ള പ്രാർഥനയ്ക്കായി വിശ്വാസികൾ തടിച്ചുകൂടിയുന്നു. 'ഗുരോ, നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തു ചെയ്യണം?' എന്ന് ഒരു നിയമജ്ഞൻ യേശുവിനോട് ചോദിച്ച ചോദ്യമുൾക്കൊള്ളുന്ന സുവിശേഷഭാഗമാണ് (ലൂക്ക 10 : 25-37) പാപ്പാ വിചിന്തന വിഷയമാക്കിയത്.
ആ മനുഷ്യന്റെ ഈ ചോദ്യത്തിൽ, പരാജയങ്ങൾ, തിന്മകൾ, മരണം എന്നിവയിൽനിന്ന് വിമുക്തമായ ഒരു ജീവിതത്തിനു വേണ്ടിയുള്ള മനുഷ്യഹൃദയത്തിന്റെ അടങ്ങാത്ത ആഗ്രഹമാണ് വെളിപ്പെടുന്നതെന്ന് മാർപാപ്പ പറഞ്ഞു. നിത്യജീവൻ നേടാൻ ഒരിക്കലും ബലപ്രയോഗത്തിലൂടെയോ ചർച്ചയിലൂടെയോ കഴിയുകയില്ലെന്നും മറിച്ച്, അത് നമുക്ക് അവകാശമായി ലഭിക്കുന്നതാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
മാതാപിതാക്കളിൽനിന്ന് മക്കൾക്കെന്നപോലെ, ദൈവത്തിൽ നിന്ന് മാത്രം നമുക്കു ലഭിക്കുന്ന അവകാശമാണ് നിത്യജീവൻ. പൂർണ്ണഹൃദയത്തോടെ ദൈവത്തെയും, നമ്മെപ്പോലെ തന്നെ നമ്മുടെ അയൽക്കാരെയും സ്നേഹിച്ച് ദൈവഹിതം നിറവേറ്റുമ്പോഴാണ് നമുക്ക് നിത്യജീവൻ അവകാശമാക്കാൻ സാധിക്കുന്നത് എന്നാണ് യേശു പഠിപ്പിച്ചത്.
പിതാവായ ദൈവത്തിന് നമ്മോടുള്ള സ്നേഹത്തിൻ്റെ പ്രത്യുത്തരമായാണ് ഈ രണ്ടു കാര്യങ്ങളും നാം ചെയ്യുന്നത്. ദൈവഹിതമെന്നത്, പിതാവുതന്നെ ആദ്യം അനുവർത്തിച്ച ജീവൻ്റെ നിയമമാണ്. തന്റെ പുത്രനായ യേശുവിലൂടെ ഉപാധികളില്ലാതെ നമ്മെ സ്നേഹിച്ചുകൊണ്ടാണ് അവിടുന്ന് അത് ചെയ്തത്.
കലർപ്പില്ലാത്ത സ്നേഹത്തിൻ്റെ അർത്ഥം കണ്ടെത്തണമെങ്കിൽ നാം യേശുവിലേക്ക് നോക്കണമെന്ന് പരിശുദ്ധ പിതാവ് വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. 'സ്നേഹം ഉദാരവും ക്ഷമിക്കുന്നതും വിശാലവുമാണ്. അതിനാൽ, അതൊരിക്കലും നമ്മെ നമ്മിൽത്തന്നെ ഒതുക്കി നിർത്തുന്നില്ല' - പാപ്പാ പറഞ്ഞു.
യേശു ക്രിസ്തുവിൽ ദൈവം മനുഷ്യപ്രകൃതിയോട് അടുത്തതുപോലെ നമുക്ക് ചുറ്റുമുള്ളവരെക്കുറിച്ച് കരുതലുള്ളവരാകാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. ലോകരക്ഷകനായ ക്രിസ്തുവിനെ അനുകരിച്ച്, നിരുത്സാഹവും നിരാശയും അനുഭവിക്കുന്നവർക്ക് സമാശ്വാസവും പ്രത്യാശയും പകർന്നുനൽകാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു.
ദൈവത്തെയും നമ്മുടെ അയൽക്കാരെയും സ്നേഹിക്കണമെന്ന പരമോന്നത കല്പന എല്ലാ മാനുഷിക നിയമങ്ങളെയും മറികടക്കുന്നതും അവയ്ക്ക് അവയുടെ ശരിയായ അർത്ഥം നൽകുന്നതുമാണ്. മരണത്തെ കബളിപ്പിച്ച് നമുക്ക് ഒരിക്കലും നിത്യജീവൻ നേടാൻ സാധിക്കുകയില്ല.
എന്നാൽ ഈ ജീവിതത്തിൽ നാം മറ്റുള്ളവരുമായി ഒരുമിച്ചു ചെലവഴിക്കുന്ന സമയത്ത് സ്നേഹത്തോടെയുംകരുതലോടെയും അവർക്ക് സേവനം നൽകിയാലാണ് നിത്യജീവനിലേക്ക് പ്രവേശിക്കാൻ നമുക്ക് സാധിക്കുക. നമ്മുടെ ദൈനംദിന ജീവിതത്തിൽ, ജീവൻ്റെ ശുശ്രൂഷകരും സമാധാനത്തിന്റെ നിർമ്മാതാക്കളുമായി മാറണമെന്നുള്ള ആഹ്വാനത്തോടെ പാപ്പാ ഉപസംഹരിച്ചു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.