വിനോദ സഞ്ചാരികൾക്ക് മനം കുളിർപ്പിക്കുന്ന കാഴ്ചയൊരുക്കി കാടിന് നടുവിൽ ചിത്രശലഭങ്ങളുടെ വീട്

വിനോദ സഞ്ചാരികൾക്ക് മനം കുളിർപ്പിക്കുന്ന കാഴ്ചയൊരുക്കി കാടിന് നടുവിൽ ചിത്രശലഭങ്ങളുടെ വീട്

കാടിനു നടുവിൽ തന്നെ വനത്തിലെ പൂമ്പാറ്റകൾ ഒത്തുകൂടുന്നൊരു സ്ഥലമുണ്ട്. അതാണ് നിലമ്പൂർ തേക്ക് മ്യൂസിയത്തോടു ചേർന്നുള്ള ബട്ടർ ഫൈ ഗാർഡൻ. വിനോദ സഞ്ചാരികൾക്ക് മനം കുളിർപ്പിക്കുന്ന കാഴ്ചാനുഭവം നിലമ്പൂർ തേക്ക് മ്യൂസിയം സമ്മാനിക്കുന്നു.

പ്രകൃതിയെ സ്നേഹിക്കുന്ന സഞ്ചാരികൾക്ക് ഈ മ്യൂസിയം എന്നും മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിക്കുന്നു. സീസൺ ആയതോടെ പൂമ്പാറ്റകൾ ഇപ്പോൾ കൂട്ടമായി ഇങ്ങോട്ട് പറന്നെത്തിത്തുടങ്ങി. ഇതോടെ തേക്ക് മ്യൂസിയത്തിലെത്തുന്ന വിനോദ സഞ്ചാരികൾക്കും വ്യത്യസ്തമായ കാഴ്ച്ചയുടെ അനുഭൂതി പകരുന്നു.


ഓരോയിനം പൂമ്പാറ്റകൾക്കും ഇഷ്ടപ്പെട്ട ചെടികൾ നട്ടുപിടിപ്പിച്ചാണ് ബട്ടർ ഫ്ലൈ ഗാർഡൻ ഒരുക്കിയിരിക്കുന്നത്. അതേപോലെ ഭക്ഷണത്തിനും മുട്ടയിടാനും പ്രത്യേകം ചെടികൾ തിരഞ്ഞെടുക്കുന്ന പൂമ്പാറ്റകളാണ് അധികവും. അതുകൊണ്ടു തന്നെ രണ്ടിനവും ഇവിടെ ശാസ്ത്രീയമായി നട്ടുവളർത്തിയിട്ടുണ്ട്.  ഈ ചെടികളിൽ ചിലത് അവയുടെ ജീവൻ രക്ഷാ ഉപാധികൾ കൂടിയാണ്. കിലുക്കിച്ചെടിയുടെ നീരൂറ്റിക്കുടിക്കുന്നതോടെ നീലക്കടുവയുടെ ശരീരം അരുചിയാകുകയും മറ്റു ജീവികൾ അതിനെ വേട്ടയാടുന്നതിൽ നിന്ന് രക്ഷയാകുകയും ചെയ്യുന്നുവെന്ന് അധികൃതർ പറയുന്നു.

അധികം ചൂടും അധികം തണുപ്പും ഇല്ലാത്ത ഒക്ടോബർ നവംബർ മാസങ്ങളിലാണ് ഇവിടെ കൂടുതൽ ചിത്രശലഭങ്ങളും എത്തുന്നത്. ദേശാടനം നടത്തുന്ന ശലഭങ്ങളുടെയും ഇഷ്ടതാവളമാണിവിടെ. സീസൺ ആയാൽ ഗാർഡനെ പൊതിഞ്ഞ് ശലഭങ്ങളെത്താറുണ്ട്. നനഞ്ഞ മണ്ണിൽ നിന്നും ധാതുഘടകങ്ങൾ വലിച്ചെടുക്കാനായി പൂമ്പാറ്റകൾ കൂട്ടംകൂടി നടത്തുന്ന മഡ്പഡ്‌ലിങ് വേറിട്ട കാഴ്ചകയാകും. 

തേക്ക് മ്യൂസിയത്തിന് പിറകിലായി. മൂന്ന് ഏക്കറോളം സ്ഥലത്താണ് ബട്ടർ ഫ്ലൈ ഗാർഡൻ. കുറ്റിച്ചെടികൾ, വള്ളിച്ചെടികൾ, ജല സസ്യങ്ങൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തിയാണ് ഉദ്യാനമൊരുക്കിയത്. നടപ്പാതയിൽ ചിലയിടങ്ങളിൽ പന്തൽ പോലെ വള്ളിച്ചെടികൾ പടർത്തിയത് സഞ്ചാരികൾക്കും ഏറെ ആനന്ദമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.