ബീച്ച് യാത്ര ഇഷ്ടമുള്ളവരാണോ? എങ്കില്‍ ഈ ബീച്ച് ബെസ്റ്റാണ്!

 ബീച്ച് യാത്ര ഇഷ്ടമുള്ളവരാണോ? എങ്കില്‍ ഈ ബീച്ച് ബെസ്റ്റാണ്!

ബീച്ചുകള്‍ ഇഷ്ടമില്ലാത്തവര്‍ വിരളമാണ്. പ്രതിദിനം പതിനായിരങ്ങളാണ് ഇന്ത്യയിലെ ഓരോ ബീച്ചുകളിലും എത്തുന്നത്. കേരളത്തിലെ ബീച്ചുകളെല്ലാം മനോഹരങ്ങളായ കാഴ്ചകള്‍ വാഗ്ദാനം ചെയ്യുന്നതാണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വിഭിന്നമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ മറഞ്ഞിരിക്കുന്ന രാധാനഗര്‍ ബീച്ച്. ഇന്ത്യയിലെ എന്നല്ല ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ബീച്ചുകളിലൊന്നാണിത്.

അടുത്തിടെ ട്രിപ്പ് അഡൈ്വസറിന്റെ ട്രാവലേഴ്സ് ചോയ്സ് ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് 2025 റാങ്കിംഗില്‍ രാധാനഗര്‍ ബീച്ചിനെ ഏഷ്യയിലെ അഞ്ചാമത്തെ മികച്ച ബീച്ചായി തിരഞ്ഞെടുത്തിരുന്നു. സമൃദ്ധമായ ഉഷ്ണമേഖലാ പരിസ്ഥിതി, തിളങ്ങുന്ന നീല ജലാശയങ്ങള്‍, മിനുസമാര്‍ന്ന പൊടി നിറഞ്ഞ വെളുത്ത മണല്‍ എന്നിവയാണ് രാധാനഗര്‍ ബീച്ചിന്റെ പ്രത്യേകത. സ്വരാജ് ദ്വീപ് എന്നറിയപ്പെടുന്ന ഹാവ്‌ലോക്ക് ദ്വീപിലാണ് ഇത് സ്ഥിതിചെയ്യുന്നത്.

രാജ്യത്തെ തിരക്കേറിയ ബീച്ചുകളില്‍ നിന്ന് വ്യത്യസ്തമായി ശാന്തതയും സ്വച്ഛമായ അന്തരീക്ഷവും ആണ് രാധാനഗര്‍ ബീച്ച് പ്രദാനം ചെയ്യുന്നത്. അതിനാല്‍ തന്നെ സമാധാനവും പ്രകൃതി സൗന്ദര്യവും ആഗ്രഹിക്കുന്ന ആളുകള്‍ക്ക് രാധാനഗര്‍ ഒരു മികച്ച ഓപ്ഷനായിരിക്കും.

ഏകദേശം രണ്ട് കിലോമീറ്റര്‍ നീളമുള്ള കടല്‍ത്തീരത്ത് അതിമനോഹരമായ കാഴ്ചകള്‍ ആസ്വദിക്കാന്‍ വിനോദ സഞ്ചാരികള്‍ക്ക് സൗകര്യമുണ്ട്. രാധാനഗര്‍ ബീച്ചിനെ 'ഇന്ത്യയുടെ സൂര്യാസ്തമയ പോയിന്റ്' എന്നാണ് വിളിക്കുന്നത്. അതിന് ഒരു കാരണവുമുണ്ട്. സൂര്യന്‍ അസ്തമിക്കുമ്പോള്‍ ഇവിടത്തെ ആകാശം ഓറഞ്ച്, പിങ്ക്, പര്‍പ്പിള്‍ നിറങ്ങളിലേക്ക് മാറുന്നത് അതിമനോഹരമായ ഒരു കാഴ്ചയാണ്.

ആഴം കുറഞ്ഞതും ശുദ്ധവുമായ വെള്ളം സ്നോര്‍ക്കെല്ലിങിനും നീന്തലിനും അനുയോജ്യമാണ്. വൈവിധ്യമാര്‍ന്ന സമുദ്ര ജീവികളുടെ ആവാസ കേന്ദ്രമായതിനാല്‍ ഈ ബീച്ച് സ്‌കൂബ ഡൈവിങിനേയും സ്നോര്‍ക്കെല്ലിങിനേയും പ്രോത്സാഹിപ്പിക്കുന്നു.

എങ്ങനെ എത്തിച്ചേരാം?

രാധാനഗര്‍ ബീച്ചിലേക്ക് എത്താന്‍ സഞ്ചാരികള്‍ ആദ്യം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തലസ്ഥാനമായ പോര്‍ട്ട് ബ്ലയറിലേക്ക് എത്തണം. കൊച്ചിയില്‍ നിന്ന് രണ്ട് മണിക്കൂര്‍ വിമാന യാത്രയാണ് പോര്‍ട്ട് ബ്ലയറിലേക്ക് ഉള്ളത്. അവിടെ നിന്ന് ഹാവ്ലോക്ക് ദ്വീപിലേക്കുള്ള ഫെറി സര്‍വീസ് ആയിരിക്കും സഞ്ചാരികളെ കാത്തിരിക്കുന്നത്. ദ്വീപില്‍ എത്തിക്കഴിഞ്ഞാല്‍ അല്‍പ നേരത്തെ യാത്രയ്ക്ക് ശേഷം മനോഹരമായ കാഴ്ചകള്‍ ഉള്ള രാധാനഗര്‍ ബീച്ചിലേക്ക് എത്താം. ബീച്ചിലേക്ക് ടാക്സി സൗകര്യവും ഉണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.