കൊച്ചി: മലങ്കര സഭയിലെ പള്ളിത്തര്‍ക്കങ്ങള്‍ ഭൂരിപക്ഷമനുസരിച്ച് സംരക്ഷിക്കാന്‍ നിയമം നിര്‍മിക്കണമെന്ന നിയമ പരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശ സ്വാഗതാര്‍ഹമെന്ന് യാക്കോബായ സഭ. തങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യമാണിതെന്നും നിയമ നിര്‍മാണം വഴി തര്‍ക്കങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം ഉണ്ടാക്കാനാകുമെന്നും യാക്കോബായ സഭ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു.
ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള പള്ളിത്തര്‍ക്കത്തില്‍ പള്ളികളിലെ ഭൂരിപക്ഷമനുസരിച്ച് അവകാശം സംരക്ഷിക്കാന്‍ നിയമം നിര്‍മിക്കണമെന്നാണ് ജസ്റ്റിസ് കെ.ടി.തോമസ് അധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ശുപാര്‍ശ നടപ്പായാല്‍ പള്ളിത്തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ സുപ്രീം കോടതി വിധി മറികടക്കുന്ന സാഹചര്യമുണ്ടാകും. സര്‍ക്കാര്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചകള്‍ ഫലം കാണാത്ത സാഹചര്യത്തിലാണ് ശുപര്‍ശ.
ഹിത പരിശോധനയിലൂടെ ഭൂരിപക്ഷം തെളിയിക്കപ്പെട്ടാല്‍ തങ്ങളുടെ കൈവശമുള്ള പള്ളികളും വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് ശുപാര്‍ശയെ കുറിച്ച് പ്രതികരിക്കവേ മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. ഹിതപരിശോധന വഴി ന്യൂനപക്ഷമാകുന്ന വിഭാഗത്തിന്റെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം. ചര്‍ച്ചകളിലൂടെ അവര്‍ക്ക് പുതിയ പള്ളിയോ അതേ പള്ളിയില്‍ തന്നെ പ്രാര്‍ത്ഥനയ്ക്കുള്ള അവസരമോ ഒരുക്കാം. നിലനില്‍ക്കുന്ന രീതിയില്‍ മുന്നോട്ടു പോകുന്നത് അപകടമാണ്. പുതിയ ശുപാര്‍ശയെ ശുഭപ്രതീക്ഷയോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഭാതര്‍ക്കം ജനാധിപത്യ രീതിയില്‍ പരിഹരിക്കാനുള്ള വഴിയാണ് ജസ്റ്റിസ് കെ.ടി.തോമസ് കമ്മിഷന്റെ ശുപാര്‍ശയിലൂടെ ഉണ്ടായിരിക്കുന്നതെന്ന് സഭാ വക്താവ് ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപൊലീത്ത പറഞ്ഞു. ശുപാര്‍ശ സുപ്രീംകോടതി വിധിയ്ക്ക് എതിരല്ലെന്നും 2017-ലെ സുപ്രീംകോടതി വിധിയില്‍ ഈ വിഷയത്തില്‍ സര്‍ക്കാരിന് നിയമനിര്‍മാണം നടത്താമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം സുപ്രീം കോടതി വിധിയെ നിയമ നിര്‍മാണങ്ങളിലൂടെ അട്ടിമറിക്കാനുള്ള ശ്രമം നീതി ന്യായ വ്യവസ്ഥയോടുള്ള വെല്ലു വിളിയാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മന്‍ പറഞ്ഞു. നിയമവിരുദ്ധമായ ഒരു ശുപാര്‍ശ നല്‍കിയാല്‍ സ്വീകരിക്കില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.