ഇനി സുഖമായി ഉറങ്ങാം! ഉറക്കമില്ലാത്തവര്‍ക്കായി പ്രത്യേകം ഡയറ്റ് വികസിപ്പിച്ച് ഗവേഷകര്‍

ഇനി സുഖമായി ഉറങ്ങാം! ഉറക്കമില്ലാത്തവര്‍ക്കായി പ്രത്യേകം ഡയറ്റ് വികസിപ്പിച്ച് ഗവേഷകര്‍

ഉറക്കം ഇല്ലായ്മ എന്നത് ഒരു ആഗോള ആരോഗ്യ പ്രശ്നമായി മാറിയിരിക്കുകയാണ്. മാനസിക സമ്മര്‍ദം, പാരിസ്ഥിതിക പ്രശ്നങ്ങള്‍, വര്‍ധിച്ച സ്‌ക്രീന്‍ ടൈം തുടങ്ങിയ ഘടകങ്ങള്‍ നമ്മുടെ ഉറക്കത്തെ കാര്‍ന്നെടുക്കാറുണ്ട്. ഉറക്കമില്ലായ്മ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും.

വായു, വെള്ളം, ഭക്ഷണം പോലെ തന്നെ മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണ് ഉറക്കം. നമ്മള്‍ ഉറങ്ങുന്ന സമയമാണ് ശരീരം വീണ്ടെടുക്കല്‍ പ്രക്രിയ ശക്തമാക്കുന്നത് എന്നതാണ് അതിന്റെ കാരണം. ഉറക്കം കുറയുന്നത് നമ്മുടെ പ്രതിരോധ ശേഷിയെ തകിടം മറിക്കും എന്നതാണ് ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന പ്രധാന കാരണം.

ഉറങ്ങാനും ഡയറ്റ്

ഉറക്കം മെച്ചപ്പെടുത്താന്‍ പ്രത്യേകം ഡയറ്റ് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ചിക്കാഗോ സര്‍വകലാശാലയിലേയും കൊളംബിയ സര്‍വകലാശാലയിലേയും ഗവേഷകര്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഭക്ഷണക്രമത്തിലെ ചില മാറ്റങ്ങള്‍ ഉറക്കത്തെ മെച്ചപ്പെടുത്താന്‍ സാഹായിക്കുമെന്ന് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

പകല്‍ സമയത്ത് കൂടുതല്‍ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് രാത്രിയിലെ ഉറക്കത്തിന്റെ ഗുണ നിലവാരം 16 ശതമാനം വരെ മെച്ചപ്പെടുത്തുമെന്ന് പുതിയ പഠനത്തില്‍ പറയുന്നു. ഭക്ഷണത്തിന്റെ ഗുണ നിലവാരവും ഉറക്കത്തിന്റെ ആഴവും തമ്മിലുള്ള വ്യക്തമായ ബന്ധം പഠനത്തില്‍ വിശദീകരിക്കുന്നുണ്ട്. ഭക്ഷണ ക്രമത്തിലെ മാറ്റങ്ങള്‍ നമ്മള്‍ എത്ര നന്നായി വിശ്രമിക്കുന്നു എന്നതില്‍ വലിയ വ്യത്യാസമുണ്ടാക്കുമെന്ന് കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു.

പ്രത്യേകം രൂപീകരിച്ച ആപ്പ് വഴിയാണ് ഭക്ഷണ ക്രമീകരണങ്ങളും ഉറക്കവും നിരീക്ഷിച്ചത്. അതിനായി 'സ്ലീപ്പ് ഫ്രാഗ്മെന്റേഷന്‍' എന്ന ഒരു അളവുകോല്‍ ഗവേഷകര്‍ വിശകലനം ചെയ്തിരുന്നു. ഇത് രാത്രിയില്‍ ഒരു വ്യക്തി എത്ര തവണ ഉണരുന്നു അല്ലെങ്കില്‍ ഉറക്കത്തിന്റെ ഭാരം കുറഞ്ഞതും ആഴമേറിയതുമായ ഘട്ടങ്ങള്‍ക്കിടയിലെ മാറ്റങ്ങള്‍ കൃത്യമായി രേഖപ്പെടുത്താന്‍ സഹായിച്ചു.

പകല്‍ സമയം കൂടുതല്‍ പഴങ്ങളും പച്ചക്കറികളും കഴിക്കുകയും ധാന്യങ്ങള്‍ പോലുള്ള സങ്കീര്‍ണമായ കാര്‍ബോ ഹൈഡ്രേറ്റുകള്‍ കഴിക്കുകയും ചെയ്തവര്‍ക്ക് ആ രാത്രി കൂടുതല്‍ നേരം ആഴത്തിലുള്ളതും തടസമില്ലാത്തതുമായ ഉറക്കം ലഭിച്ചതായി പഠനം പറയുന്നു. ദിവസവും അഞ്ച് കപ്പ് പഴങ്ങളും പച്ചക്കറികളും കഴിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഉറക്കത്തിന്റെ ഗുണനിലവാരത്തില്‍ ശരാശരി 16 ശതമാനം പുരോഗതി കാണാന്‍ കഴിഞ്ഞതായി ഗവേഷകര്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.