ദുബായ്: ഒരു മാസം നീണ്ടുനില്‍ക്കുന്ന ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഫോട്ടോഗ്രഫി മത്സരം പ്രഖ്യാപിച്ച് ഗ്ലോബല്‍ വില്ലേജ്. വിജയികള്‍ക്ക്  ട്രോഫിയും 50,000 ദിർഹം വരെ സമ്മാനത്തുകയും ലഭിക്കുന്നതാണ് മത്സരം. ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്‍റർനാഷണല്‍ ഫോട്ടോഗ്രഫി അവാർഡുമായി സഹകരിച്ചാണ് അമ്പതുവർഷത്തെ ഒരുമയെന്നുളള വിഷയത്തെ മുന്‍നിർത്തി ഗ്ലോബല്‍ വില്ലേജ് ഫോട്ടോ ഗ്രഫി മത്സരം പ്രഖ്യാപിച്ചിട്ടുളളത്. യുഎഇയുടെ വൈവിധ്യം മനോഹരമായി പകർത്തിയിട്ടുളള ഫോട്ടോയ്ക്ക് സമ്മാനം ലഭിക്കും. പ്രഫഷണല്‍ ആയവരും അല്ലാത്തവരുമായ എല്ലാവരേയും ഈ ഫോട്ടോഗ്രഫി മത്സരത്തിലേക്ക് ഞങ്ങള്‍ ക്ഷണിക്കുകയാണെന്ന് എച്ച്ഐപിഎ സെക്രട്ടറി ജനറല്‍ അലി ബിന്‍ താലിത് പറഞ്ഞു. യുഎഇ എല്ലാ സംസ്കാരങ്ങളെയും വൈവിധ്യത്തേയും ഉള്‍ക്കൊളളുന്നരാജ്യമാണ്. സഹിഷ്ണുതയ്ക്ക് മാതൃകയായ രാജ്യത്തിന്‍റെ സുവർണ ജൂബിലി ആഘോഷമാക്കാമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വിവിധ സംസ്കാരങ്ങള്‍ ഒന്നിച്ചു ചേരുന്ന ഇടമാണ് ഗ്ലോബല്‍ വില്ലേജ്, അവിടെ നിന്ന് ഒപ്പിയെടുക്കുന്ന അസാധാരണ ചിത്രമാണ് കാത്തിരിക്കുന്നതെന്ന് ഗ്ലോബല്‍ വില്ലേജ് സിഇഒ ബദർ അന്‍വാഹി പറഞ്ഞു. ഡിസംബർ രണ്ട് വരെ അപേക്ഷകള്‍ പരിഗണിക്കും. 18 വയസിന് മുകളിലുളളവരായിരിക്കണം മത്സരാർത്ഥികള്‍. പ്രൊഫഷണല്‍ ക്യാമറകളുപയോഗിച്ച് ഫോട്ടോയെടുക്കുന്നവരാണെങ്കില്‍ ഗ്ലോബല്‍ വില്ലേജിന്‍റെ വെബ്സൈറ്റില്‍ അപേക്ഷ നല്‍കി അനുമതി വാങ്ങിയിരിക്കണം.
 മത്സരത്തിനെത്തുന്ന എല്ലാ ഫോട്ടോകളും എച്ച്ഐപിഎയുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യും. ഒന്നാം സമ്മാനം 50,000 ദിർഹവും ട്രോഫിയുമാണ്. രണ്ടാം സമ്മാനം നേടുന്നവർക്ക് 26,000 ദിർഹവും ട്രോഫിയും ഗ്ലോബല്‍ വില്ലേജ് ഗുഡീ ബാഗും ലഭിക്കും.  മൂന്നാം സമ്മാനത്തിന്  26,000 ദിർഹവും ഗ്ലാസ് ട്രോഫിയുമാണ് സമ്മാനം. ആദ്യ പത്ത് സ്ഥാനങ്ങളിലെത്തുന്ന റണ്ണേഴ്സ് അപ്പിന് ഗ്ലോബല്‍ വില്ലേജ് എക്സപീരിയന്‍സ് പാക്ക് സമ്മാനമായി ലഭിക്കും. 2022 ജനുവരി നാലിനാണ് സമ്മാനാർഹരെ പ്രഖ്യാപിക്കുക.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.