പ്രധാനമന്ത്രി ഇന്ന് കേദാര്‍നാഥില്‍; ശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്യും

പ്രധാനമന്ത്രി ഇന്ന് കേദാര്‍നാഥില്‍; ശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്യും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ആദി ശങ്കരാചാര്യരുടെ സമാധിസ്ഥലത്ത് സ്ഥാപിച്ച പ്രതിമ അനാച്ഛാദനം ചെയ്യാനായി ഇന്ന് കേദാർനാഥിൽ. പ്രധാനമന്ത്രി കാലത്ത് ആറര മണിക്ക് ക്ഷേത്രത്തിലെത്തുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി നേരത്തെ അറിയിച്ചിരുന്നു.

2013ലെ പ്രളയത്തിൽ ശങ്കരാചാര്യരുടെ സമാധിസ്ഥലം ഉൾപ്പടെയുള്ളവയെല്ലാം പൂർണമായി തകർന്നുപോയിരുന്നു. ഇതാണ് ഇപ്പോൾ പുനർനിർമിച്ചിരിക്കുന്നത്. മൊത്തം 130 കോടി രൂപ ചെലവിട്ടാണ് കേദാർനാഥിലെ പുനർനിർമാണ പ്രവൃത്തികൾ പൂർത്തിയാക്കിയിരിക്കുന്നത്.

പ്രതിമയുടെ പുനർനിർമാണത്തിന് പുറമെ പുരോഹിതരുടെ താമസസ്ഥലങ്ങൾ, വിവിധ സ്നാനഘട്ടങ്ങൾ, നദിയുടെ പാർശ്വഭിത്തികൾ, പോലീസ് സ്റ്റേഷൻ, ആശുപത്രി, ഗസ്റ്റ് ഹൗസുകൾ എന്നിവയും പുനർനിർമിച്ചവയിൽ ഉൾപ്പെടും. മന്ദാകിനി നദിക്ക് കുറുകെ നിർമിച്ച പാലവും പുനർനിർമിച്ചിട്ടുണ്ട്. ഇതിന് പുറമെ 400 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കേദാർപുരി പുനർനിർമാണ പ്രവൃത്തിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.

മൈസൂരുവിൽ നിന്നുള്ള ശിൽപികളാണ് പന്ത്രണ്ടടി ഉയരവും 35 ടൺ ഭാരവുമുള്ള ശങ്കരാചാര്യരുടെ പ്രതിമ തയ്യാറാക്കിയരിക്കുന്നത്. പ്രളയം ഉൾപ്പടെയുള്ള പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ കഴിയുന്ന തരത്തിലാണ് ഇതിന്റെ നിർമിതി.

അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു എന്നതിനാൽ ഏറെ രാഷ്ട്രീയ പ്രധാന്യം കൂടിയുണ്ട് പ്രധാനമന്ത്രിയുടെ ഉത്തരാഖണ്ഡ് സന്ദർശനത്തിന്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.