കാന്‍ബറ: കോവിഡ് വാക്‌സിനേഷന്‍ നിരക്കില്‍ ലക്ഷ്യത്തിന് അരികിലെത്തി ഓസ്‌ട്രേലിയ. രാജ്യത്ത് 16 വയസിനു മുകളില്‍ പ്രായമുള്ള 80 ശതമാനം പേരും ഇരട്ട ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിച്ചു.
ഇതൊരു സുപ്രധാന നാഴികക്കല്ലാണെന്നും ഇൗ നേട്ടം കൈവരിക്കാന്‍ സഹായിച്ച നഴ്സുമാരും ഡോക്ടര്‍മാരും ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൗരന്മാര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇനിയും വാക്‌സിനെടുക്കാത്തവര്‍ എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
70 വയസിനു മുകളില്‍ പ്രായമുള്ള ഓസ്ട്രേലിയക്കാരില്‍ 99 ശതമാനം പേര്‍ ആദ്യ ഡോസ് കുത്തിവയ്പ്പ് സ്വീകരിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ രണ്ടു ഡോസും സ്വീകരിച്ചവരാണ്.
വാക്‌സിനേഷന്‍ നിരക്കില്‍ ഓസ്ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറിക്കാണ് ഒന്നാം സ്ഥാനം. ഫെഡറല്‍ സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം, 95 ശതമാനത്തിനടുത്ത് ആളുകളും സമ്പൂര്‍ണ വാക്സിനേഷന്‍ കൈവരിച്ചു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനവും തൊട്ടുപിന്നിലായുണ്ട്. വാക്സിനെടുക്കേണ്ട ജനസംഖ്യയുടെ 90 ശതമാനം പേര്‍ ഇരട്ട ഡോസ് വാക്സിനെടുത്ത് സമ്പൂര്‍ണ വാക്സിനേഷന്‍ കൈവരിച്ചു. വിക്ടോറിയ സംസ്ഥാനത്ത് 85 ശതമാനത്തിനടുത്ത് ആളുകള്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തവരാണ്.
അതേസമയം നോര്‍ത്തേണ്‍ ടെറിട്ടറിയും പടിഞ്ഞാറന്‍ ഓസ്ട്രേലിയയും വാക്‌സിനേഷന്‍ നിരക്കില്‍ ഏറെ പിന്നിലാണ്. ഇവിടങ്ങളില്‍ 65 ശതമാനം പേര്‍ മാത്രമാണ് സമ്പൂര്‍ണ വാക്സിനേഷന്‍ കൈവരിച്ചത്. ക്വീന്‍സ്ലാന്‍ഡില്‍ ഈ കണക്ക് 66 ശതമാനവും സൗത്ത് ഓസ്ട്രേലിയയില്‍ 69 ശതമാനവുമാണ്.
വാക്‌സിനേഷന്‍ നിരക്കില്‍ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയാണ് ഏറ്റവും പിന്നില്‍ നില്‍ക്കുന്നത്.
ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ സംസ്ഥാനങ്ങളും ഓസ്ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറിയും ക്രിസ്മസിനു മുന്നോടിയായി അന്തര്‍സംസ്ഥാന അതിര്‍ത്തികള്‍ തുറക്കുമ്പോള്‍, പടിഞ്ഞാറന്‍ ഓസ്ട്രേലിയ ജനുവരി അവസാനമോ അല്ലെങ്കില്‍ ഫെബ്രുവരി ആദ്യമോ അതിര്‍ത്തികള്‍ തുറക്കുമെന്നാണു പ്രഖ്യാപിച്ചിരിക്കുന്നത്.
പടിഞ്ഞാറന്‍ ഓസ്ട്രേലിയയും ക്വീന്‍സ്ലന്‍ഡും വരും ദിവസങ്ങളില്‍ 80 ശതമാനം വാക്‌സിനേഷന്‍ നിരക്ക് കൈവരിക്കുമെന്ന പ്രതീക്ഷ പ്രധാനമന്ത്രി പങ്കുവച്ചു. വാക്സിനെടുത്ത ഓസ്ട്രേലിയന്‍ പൗരന്മാരോടു നന്ദി പറഞ്ഞ സ്‌കോട്ട് മോറിസണ്‍, വാക്സിന്‍ എടുക്കാത്തവര്‍ ഉടന്‍ സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.