നവംബര്‍ 10 ലോക ശാസ്ത്ര ദിനം

നവംബര്‍ 10 ലോക ശാസ്ത്ര ദിനം


സമാധാനത്തിനും പുരോഗതിക്കും വേണ്ടിയുള്ള ലോക ശാസ്ത്ര ദിനം എല്ലാ വര്‍ഷവും നവംബര്‍ 10 നാണ് ആചരിക്കുന്നത്.സമാധാനത്തിനും വികസനത്തിനുമുള്ള ലോക ശാസ്ത്ര ദിനത്തിന്റെ 20 ാം പതിപ്പാണ് നവംബര്‍ 2021 ല്‍ ആഘോഷിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം,കോടിക്കണക്കിന് ആളുകളുടെ ജീവിതത്തിനും ഭൂമിക്കും ഗുരുതരമായ ഭീഷണിയായി മാറുന്ന സാഹചര്യത്തില്‍, ഈ വര്‍ഷത്തെ ആഘോഷം 'കാലാവസ്ഥാ-സജ്ജമായ കൂട്ടായ്മകള്‍ കെട്ടിപ്പടുക്കുന്നതിന്റെ' പ്രാധാന്യം എടുത്തുകാണിക്കുന്നു.

ശാസ്‌ത്രോ രക്ഷതി രക്ഷിത:(ശാസ്ത്രം സംരക്ഷിക്കപ്പെട്ടാല്‍ അത് നമ്മളെ രക്ഷിക്കും)

ലോക ശാസ്ത്ര ദിനാചരണത്തിന്റെ ശ്രേഷ്ഠമായ ലക്ഷ്യങ്ങള്‍

സമൂഹം ഇന്ന് അഭിമുഖീകരിക്കുന്ന ചില പ്രധാന ആഗോള വെല്ലുവിളികള്‍ക്ക് ശാസ്ത്രവും സാങ്കേതികവിദ്യയും നല്‍കുന്ന ചില പ്രധാന ശാസ്ത്രീയ വശങ്ങളും സാധ്യമായ പരിഹാരങ്ങളും ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ശാസ്ത്രത്തെ സമൂഹത്തിലേക്ക് അടുപ്പിക്കുക എന്നതാണ് പരമമായ ലക്ഷ്യം.ശാസ്ത്രത്തിന്റെ ഇതുവരെയുള്ള നേട്ടങ്ങളേയും ഇനിയും പിന്നിടാനുള്ള കടമ്പകളെയും കുറിച്ച് ഈ ദിനം ഓര്‍മ്മിപ്പിക്കുന്നു.ശാസ്ത്രവും സമൂഹവും തമ്മിലിള്ള അകല്‍ച്ച ഇല്ലാതാക്കുകയാണ് ഈ ദിനാചരണത്തിന്റെ മറ്റൊരു ലക്ഷ്യം .

ശാസ്ത്രം മാനവരാശിക്ക് ഒരുപാട് നേട്ടങ്ങള്‍ നല്‍കിയിട്ടുണ്ട്,നല്‍കിക്കൊണ്ടിരിക്കുന്നു.പക്ഷേ ശാസ്ത്രനേട്ടങ്ങളുടെ ഉന്നതിയില്‍ നില്‍ക്കുമ്പോഴും നാം മാനസികമായും സാംസ്‌കാരികമായും ഇരുണ്ട യുഗത്തിലേക്കുള്ള തിരിച്ചുപോക്കാണ് നടത്തിക്കൊണ്ടിരിക്കുന്നത്.അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നമ്മുടെ മനസ്സില്‍ രൂഢമൂലമായിക്കൊണ്ടിരിക്കുന്നു.വിശ്വാസത്തെ മൂലധന ധ്രുവീകരണത്തിനുള്ള ചൂഷണോപാധിയായി ചില കേന്ദ്രങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുന്നു.ശാസ്ത്രനേട്ടങ്ങളെ സാധാരണ ജനങ്ങളിലെത്തിക്കുന്നതില്‍ ഭരണകൂടങ്ങള്‍ പരാജയപ്പെടുമ്പോഴാണിത് സംഭവിക്കുന്നത്.സമൂഹത്തെ കാര്‍ന്നു തിന്നുന്ന അത്തരം സാമൂഹികാപചയങ്ങളെ നേരിടാന്‍ കെല്‍പ്പുള്ള ഭരണാധിപന്‍മാര്‍ നമുക്കില്ലാതെ പോകുന്നത് ചൂഷണത്തിന്റെ ആക്കം കൂട്ടുന്നു.

ശാസ്ത്രനേട്ടങ്ങളെ സാധാരണക്കാരനിലേക്കെത്തിക്കാന്‍ കഴിവുള്ള ശാസ്ത്രബോധമുള്ള സമൂഹത്തിനുമാത്രമേ സമൂഹത്തിലെ തിന്മകളെ തുടച്ചുനീക്കാന്‍ കഴിയൂ.ശാസ്ത്രം ശ്രേഷ്ഠമായ രണ്ട് അഭിലാഷങ്ങളെ ഒന്നിപ്പിക്കുന്നു.അറിവിനോടുള്ള ആഗ്രഹവും മാനവികതയെ സേവിക്കാനുള്ള ആഗ്രഹവും.സത്യവും വിവേകവും തേടുന്നതില്‍ സമഗ്രമായി മുഴുകിയിരിക്കുന്നവര്‍ക്ക് മാത്രമേ ശാസ്ത്രം സൃഷ്ടിക്കാന്‍ കഴിയൂ.

ശാസ്ത്രം: പരിഹാരങ്ങള്‍ കണ്ടെത്താനുള്ള വഴി

സമാധാനത്തിനായും, സാമൂഹ്യപുരോഗതിക്കായും ശാസ്ത്രം വഹിക്കുന്ന പങ്കും, നമ്മുടെ ദൈനംദിന ജീവിതത്തില്‍ അതിന്റെ പ്രാധാന്യവും എടുത്തുകാണിക്കുകയുമാണ് ശാസ്ത്രദിനാചരണത്തിന്റെ ലക്ഷ്യം.ജൈവവ്യവസ്ഥ ദുര്‍ബ്ബലമായിക്കൊണ്ടിരിക്കുന്ന ഭൂമിയിലെ ജീവിതം കൂടുതല്‍ സുസ്ഥിരമാക്കുന്നതില്‍ സ്വതന്ത്രവും പ്രാപ്യവുമായ ശാസ്ത്രം നടത്തുന്ന ശ്രമങ്ങളും പ്രചരിപ്പിക്കേണ്ടതുണ്ട്.ശാസ്ത്രം എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമല്ല. പരിഹാരങ്ങള്‍ കണ്ടെത്താനുള്ള വഴി മാത്രമാണ്.

നമ്മുടെ ചുറ്റുമുള്ള പ്രകൃതി പ്രതിഭാസങ്ങളെ നിരീക്ഷിച്ചും അറിയാന്‍ ശ്രമിച്ചും മിക്കപ്പോഴും യാദൃച്ഛികമായിട്ടാണ് ഓരോ സാങ്കേതികവിദ്യകളും കണ്ടെത്തിയത്. അവയെ ആണ് ശാസ്ത്രവികാസം എന്നും ശാസ്ത്രീയ നേട്ടങ്ങള്‍ എന്നും വിശേഷിപ്പിക്കുന്നത്.ശാസ്ത്രമെന്നാല്‍ ആരും ഉണ്ടാക്കുന്നതോ ആരാലും വളര്‍ത്തപ്പെടുന്നതോ ആരെക്കൊണ്ടും നശിപ്പിക്കാന്‍ കഴിയാത്തതോ ആയ പ്രതിഭാസമാണ്. അത് അറിവിന്റെ ഒരു അനുസ്യൂതമായ പ്രവാഹമാണ്.

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്റെ നിലനില്പിന് തന്നെ വെല്ലുവിളിയായി നമ്മുടെ മുമ്പിലെത്തിക്കഴിഞ്ഞു. നാം ഇന്നുഭവിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍, മഹാമാരികള്‍, ഇവയില്‍ പലതും അതുമായി ബന്ധപ്പെട്ടതാണ്. അവയോടൊപ്പം സാമൂഹ്യമായ ഒട്ടേറെ പ്രശ്നങ്ങളും. ഇവയെ മനസ്സിലാക്കാനും അതിജീവിക്കാനും നമ്മുടെ കയ്യിലുള്ള മാര്‍ഗ്ഗം ശാസ്ത്രവും മാനവികതയുമാണ്.

കപടശാസ്ത്ര വിജ്ഞാനങ്ങളെ സൂക്ഷിക്കുക


പ്രാചീന ഭാരതീയര്‍ ശാസ്ത്രരംഗത്ത് ആര്‍ജ്ജിച്ച നേട്ടങ്ങള്‍ എടുത്തുകാട്ടുകയും അതില്‍ അഭിമാനം കൊള്ളുകയും ചെയ്യുക എന്നത് തെറ്റല്ല എന്നു മാത്രമല്ല, അത് ആവശ്യമാണ് താനും.പക്ഷേ, ശാസ്ത്രത്തില്‍ ഊന്നലുകള്‍ക്കോ ഐതിഹ്യങ്ങള്‍ക്കോ ഭാവനയ്ക്കോ സ്ഥാനമില്ല എന്നത് അംഗീകരിക്കപ്പെടണം.ശാസ്ത്രം വേറെ, മിത്ത് വേറെ എന്ന തിരിച്ചറിവാണ് ശാസ്ത്ര കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നവര്‍ക്കുണ്ടാകേണ്ട പ്രഥമ യോഗ്യത. നിരീക്ഷണ പരീക്ഷണങ്ങള്‍ വഴി സത്യമെന്നു തെളിയാത്ത യാതൊന്നിനും ശാസ്ത്രത്തില്‍ ഇടമില്ല.

വിജ്ഞാന വിഷയത്തില്‍ അതിദേശീയതയ്ക്കിടം നല്‍കുക എന്ന ഭോഷത്തം ചെയ്യാത്ത യൂറോപ്യരും അമേരിക്കക്കാരും ശാസ്ത്രമടക്കമുള്ള മേഖലകളില്‍ കഴിഞ്ഞ മൂന്നു നാല് നൂറ്റാണ്ടുകള്‍ക്കിടയില്‍ വന്‍കുതിപ്പു നടത്തി.ഗതകാല മഹത്വത്തില്‍ അഭിരമിക്കുന്നതിനു പകരം അറിവിന്റെ പുതിയ ചക്രവാളങ്ങള്‍ തേടുകയും നേടുകയും ചെയ്യുന്നതില്‍ അതിനിഷ്ഠയോടെ ശ്രദ്ധ കേന്ദ്രീകരിച്ചതിനാലാണ് ആ നേട്ടം അവര്‍ക്ക് സ്വന്തമാക്കാനായത്.രാജ്യം ഭരിക്കുന്നവര്‍ ശാസ്ത്രത്തിനു പകരം കപടശാസ്ത്രത്തിനു പിന്നാലെ പോയാല്‍ ശാസ്ത്രബോധം പരിക്ഷീണമാവുകയും ഭൂതകാല മഹത്വ ദുരഭിമാനം രംഗം കീഴടക്കുകയും ചെയ്യും.

ശാസ്ത്ര ലോകത്തിന് ഇന്ത്യക്കാര്‍ നല്‍കിയ സംഭാവനകള്‍

ശാസ്ത്രസാങ്കേതിക വിദ്യയില്‍ മഹത്തായ പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ.സിന്ധു നദീതട സംസ്‌കാരത്തില്‍ ഉദ്ഭവിച്ച പ്രാചീന സമൂഹമാണ് ലോകത്തില്‍ ശാസ്ത്ര സാങ്കേതിക വിദ്യയുടെ വിത്തുപാകിയത്.ശാസ്ത്രമുള്‍പ്പെടെയുള്ള വിജ്ഞാനശാഖകള്‍ക്ക് ദേശാതിര്‍ത്തികളില്ലെന്നതാണ് യാഥാര്‍ത്ഥ്യം. വിജ്ഞാനത്തിന്റെ ആദാനപ്രദാനങ്ങളും സമ്പുഷ്ടീകരണവും കാലദേശങ്ങളിലൂടെ സംഭവിക്കുകയാണ് ചെയ്യുന്നത്.ആധുനിക ലോകത്തിന് ഇന്ത്യക്കാര്‍ നല്‍കിയ ഒഴിച്ചുകൂടാനാവാത്ത ചില പ്രധാനപ്പെട്ട സംഭാവനകള്‍ എന്തൊക്കെയാണെന്ന് നോക്കാം.ഇത്തരം സംഭാവനകളെ ശാസ്ത്രീയമായ രീതിയില്‍ തന്നെ വിലയിരുത്തപ്പെടണം.നേട്ടങ്ങള്‍ അതിഭാവുകത്വം നല്‍കി തമസ്‌കരിക്കപ്പെടുവാന്‍ ഇടയാക്കരുത്.

ഇന്ത്യന്‍ ശാസ്ത്രജ്ഞനായ വിശ്വേശ്വരയ്യ ലോകത്തിന് നല്‍കിയത്, 'ഓട്ടോമാറ്റിക് സ്ലൂയിസ് ഗേറ്റുകളും' 'ബ്ലോക്ക് ഇറിഗേഷന്‍ സിസ്റ്റവും' ആണ്.ഇവ ഇന്നും എഞ്ചിനീയറിംഗ് മേഖലയിലെ അത്ഭുതങ്ങളായി കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്റ്റംബര്‍ 15 എഞ്ചിനീയര്‍ ദിനമായി ആഘോഷിക്കുന്നു.

മേഘനാദ് സാഹയുടെ താപ അയണീകരണ സമവാക്യം എന്നറിയപ്പെടുന്ന കണ്ടുപിടിത്തം ജ്യോതിര്‍ഭൗതികത്തിലെ ഒരു പ്രധാന സംഭാവനയായി കരുതുന്നു.സാഹ സമവാക്യം ഉപയോഗിച്ച് നക്ഷത്രങ്ങളുടെ വര്‍ണരാജി അപഗ്രഥിച്ചാല്‍ അതിന്റെ താപനില അറിയാല്‍ സാധിക്കുമെന്നത് അസ്ട്രോഫിസിക്സിന്റെ വളര്‍ച്ചയുടെ നാഴികകല്ലായി.ശ്രീനിവാസ രാമാനുജന്‍ ചെറുപ്പത്തിലേ മരിച്ചെങ്കിലും ഗണിതശാസ്ത്ര വിശകലനം, അനന്ത ശ്രേണി, സംഖ്യ സിദ്ധാന്തം, തുടര്‍ ഭിന്നസംഖ്യകള്‍ എന്നിവയ്ക്ക് സംഭാവന നല്‍കി. ഹര്‍ ഗോബിന്ദ് ഖോറാന ഒരു ജീവനുള്ള കോശത്തില്‍ കൃത്രിമ ജീന്‍ സമന്വയിപ്പിച്ചു. അദ്ദേഹത്തിന്റെ മറ്റ് വിവിധ പഠനങ്ങള്‍ ബയോടെക്‌നോളജിയുടെയും ജീന്‍ തെറാപ്പിയുടെയും അടിസ്ഥാനമായി.പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനായ വെങ്കിട്ടരാമന്‍ രാധാകൃഷ്ണനാണ് അള്‍ട്രാലൈറ്റ് എയര്‍ക്രാഫ്റ്റുകളുടെയും കപ്പലുകളുടെയും രൂപകല്‍പ്പനയും നിര്‍മ്മാണവും ലോകത്തിന് നല്‍കിയത്.

1952 ല്‍ ഇന്ത്യന്‍ ഭൗതികശാസ്ത്രജ്ഞനായ നരിന്ദര്‍ സിംഗ് കപാനിയാണ് ആദ്യത്തെ ഫൈബര്‍ ഒപ്റ്റിക്കല്‍ കേബിള്‍ കണ്ടുപിടിച്ചത്. ഫൈബര്‍ ഒപ്റ്റിക്‌സിന്റെ പിതാവെന്ന് അറിയപ്പെടുന്നത് ഇദ്ദേഹമാണ്.കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് ബൈനറി കോഡ് ഇന്ന് വളരെ ജനപ്രിയമാണ്.ബി സി മൂന്നാം നൂറ്റാണ്ടില്‍ ഛന്ദസ്സൂത്രം എഴുതിയ ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞനായ പിംഗളനാണ് ആദ്യം ദ്വയാംശസമ്പ്രദായം എന്ന ആശയം ആദ്യം ഉപയോഗിച്ചത്.പൂജ്യം ലോകത്തിന് പരിചയപ്പെടുത്തിയത് ഭാരതീയരാണ്. BC 200-ല്‍ ജീവിച്ചിരുന്ന പിംഗളന്‍ തന്നെയാണ് തന്റെ ഛന്ദാസൂത്രത്തില്‍ പൂജ്യം ഉപയോഗിച്ചിരുന്നത്.പൂജ്യത്തെ ഒരു നമ്പര്‍ ആയി കണക്കാക്കി അതുപയോഗിച്ചു ക്രിയകള്‍ ചെയ്യുന്നതും സ്ഥാന മൂല്യത്തോടെ സംഖ്യകള്‍ എഴുതുന്നതുമാണ് ഭാരതത്തിന്റെ സംഭാവന.

ഇന്ത്യയുടെ ആദ്യ ചന്ദ്രയാത്ര പേടകമാണ് ചന്ദ്രയാന്‍ 1.ചന്ദ്രനില്‍ മുമ്പ് കരുതിയിരുന്നതിനെക്കാളധികം ഐസ് രൂപത്തിലുള്ള ജലമുണ്ടെന്ന സുപ്രധാന കണ്ടെത്തലിന് ഈ ഉപഗ്രഹം കാരണമായി.ബി സി ആറാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ജീവിച്ചിരുന്ന ഒരു ശസ്ത്രക്രിയാ വിദഗ്ദ്ധനായിരുന്നു സുശ്രുതന്‍. ‘സുശ്രുതസംഹിത’ എന്ന വൈദ്യശാസ്ത്ര ഗ്രന്ഥത്തിന്റെ കര്‍ത്താവാണ് അദ്ദേഹം.അതുകൊണ്ടുതന്നെ പുരാതന ഭാരതത്തില്‍ ജീവിച്ചിരുന്ന ആ വൈദ്യശാസ്ത്രപ്രതിഭയെ പ്ലാസ്റ്റിക് സര്‍ജറിയുടെ പിതാവായും ലോകം ഇന്ന് അംഗീകരിക്കുന്നു.ഭാരതീയശാസ്ത്രജ്ഞനായ ആര്യഭടന്‍ , പൈയുടെ വില നാലു ദശാംശസ്ഥാനം വരെ കൃത്യമായി നിര്‍ണ്ണയിച്ചിരുന്നു.

ബട്ടണുകള്‍ ആദ്യമായി പിറവികൊണ്ടത് നമ്മുടെ പിന്‍ഗാമികളുടെ സിന്ധുനദീതട നാഗരികതയിലാണ്.ഭാരതീയരാണ് ഷാംപൂവിന്റെ ഉപജ്ഞാതാക്കള്‍.ഷാംപൂ എന്ന പദം ഹിന്ദിയിലെ ചാംപൊ എന്ന പദത്തില്‍ നിന്നാണ് പിറന്നത്. 1762 കളില്‍ മുഗള്‍ സാമ്രാജ്യകാലത്ത് ബംഗാളിലെ നവാബുമാര്‍ക്ക് തല മസാജ് ചെയ്യാനായി ഉപയോഗിച്ചിരുന്ന മസ്സാജ് ഓയിലായിട്ടായിരുന്നു ഇത് ആദ്യം ഉപയോഗിച്ചിരുന്നത്. 1762 കളിലാണ് ഈ പദം ഇംഗ്ലീഷില്‍ ഉപയോഗിക്കപ്പെടുന്നത്.പരുത്തികൊണ്ടുള്ള വസ്ത്രങ്ങള്‍ അഥവാ കോട്ടണ്‍ വസ്ത്രങ്ങള്‍ ലോകത്തിനു പരിചയപ്പെടുത്തിയത് ഇന്ത്യക്കാരാണ്.4000 വര്‍ഷങ്ങള്‍ക്കു മുമ്പ് സിന്ധു നദീതട നാഗരികതയില്‍ നിലവിലുണ്ടായിരുന്ന മോഹന്‍ജൊ ദാരോയില്‍ നിന്നുള്ള ഖനനത്തില്‍ ഏഷ്യയിലെ തനതുവര്‍ഗ്ഗത്തില്‍പ്പെട്ട പരുത്തിയില്‍ നെയ്ത വസ്ത്രാവശിഷ്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഭാരതം ശാസ്ത്രസാങ്കേതിക വഴിയില്‍

ഭാരതം ഇന്ന് നേരിടുന്ന രണ്ട് പ്രധാന പ്രശ്‌നങ്ങള്‍ ഉല്‍പ്പാദനാധിഷ്ടിതവും സ്ഥായിയുമായ വികസനത്തിന്റെ അഭാവവും അതിവേഗം വര്‍ദ്ധിച്ചു വരുന്ന അസമത്വങ്ങളുമാണ്.കേവല ദാരിദ്ര്യത്തേക്കാള്‍ രൂക്ഷമായ ആപേക്ഷിക ദാരിദ്ര്യം നമ്മുടെ രാജ്യത്തെ ചൂഴ്ന്നു നില്‍ക്കുന്നു. കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കുന്ന ഉല്‍പ്പാദനത്തിനും, പാരിസ്ഥിതിക ആഘാതവും മലിനീകരണവും പരമാവധി കുറയ്ക്കുന്ന വികസനത്തിനും എല്ലാവര്‍ക്കും നല്ല ആരോഗ്യസേവനവും വിദ്യാഭ്യാസവും നല്‍കുന്നതിനുമൊക്കെ ശാസ്ത്രത്തിന്റെ രീതികളും പ്രയോഗവും അവലംബിച്ച് മുന്നോട്ട് പോയേ തീരൂ. അന്ധവിശ്വാസങ്ങള്‍ കൊടി കുത്തി വാഴുന്ന, ജാതിമത ചിന്തകളാല്‍ വിഘടിച്ചു നില്ക്കുന്ന ഒരു സമൂഹത്തിന് ശാസ്ത്രീയ ചിന്തയിലൂടെ നേടേണ്ട നല്ല ഭാവി അപ്രാപ്യമായിരിക്കും.

സുസ്ഥിര വികസന വെല്ലുവിളികളെ നേരിടാന്‍ സര്‍ക്കാരുകളും പൗരന്മാരും ശാസ്ത്രത്തിന്റെ ഭാഷ മനസ്സിലാക്കുകയും ശാസ്ത്രീയ സാക്ഷരത നേടുകയും വേണം. മറുവശത്ത്, ശാസ്ത്രജ്ഞര്‍ നയരൂപകര്‍ത്താക്കള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും അവരുടെ ഗവേഷണ ഫലങ്ങള്‍ സമൂഹത്തിന് പ്രസക്തവും മനസ്സിലാക്കാവുന്നതുമാക്കാന്‍ ശ്രമിക്കുകയും വേണം.

ഇന്നത്തെ വെല്ലുവിളികള്‍ അച്ചടക്കങ്ങളുടെ പരമ്പരാഗത അതിരുകള്‍ മുറിച്ചുകടക്കുകയും നവീകരണത്തിന്റെ ജീവിതചക്രത്തില്‍ വ്യാപിക്കുകയും ചെയ്യുന്നു.ഗവേഷണം മുതല്‍ വിജ്ഞാന വികസനവും അതിന്റെ പ്രയോഗവും വരെ. ശാസ്ത്രവും സാങ്കേതികവിദ്യയും നവീകരണവും കൂടുതല്‍ സമത്വവും സുസ്ഥിരവുമായ വികസനത്തിന് വേണ്ടിയുള്ള നമ്മുടെ പരിശ്രമത്തെ സഹായിക്കുന്നതാകണം.ശാസ്‌ത്രോ രക്ഷതി രക്ഷിത:'ശാസ്ത്രം സംരക്ഷിക്കപ്പെട്ടാല്‍ അത് നമ്മളെ രക്ഷിക്കും'.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.