ഒന്നാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടനു വേണ്ടി പോരാടിയ ലക്ഷക്കണക്കിന് പഞ്ചാബികളുടെ വിവരങ്ങള്‍ ഇനി ഡിജിറ്റല്‍

  ഒന്നാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടനു വേണ്ടി പോരാടിയ ലക്ഷക്കണക്കിന് പഞ്ചാബികളുടെ വിവരങ്ങള്‍ ഇനി ഡിജിറ്റല്‍

ലണ്ടന്‍:ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായി ഒന്നാം ലോകമഹായുദ്ധത്തില്‍ വീരേതിഹാസം രചിച്ച ലക്ഷക്കണക്കിന് പഞ്ചാബി സൈനികരുടെ വിസ്മൃത രേഖകള്‍ വീണ്ടെടുത്ത് ഡിജിറ്റലാക്കുന്നു.ഏറെ കാലമായി തിരഞ്ഞുവന്ന വിവരങ്ങളാണ് ലാഹോറിലെ മ്യൂസിയത്തിലേതുള്‍പ്പെടെയുള്ള ബ്രിട്ടീഷ് യുദ്ധരേഖകളില്‍ നിന്നും ശേഖരിച്ച് പൊതുസമൂഹത്തിനായി ലഭ്യമാക്കുന്ന യത്‌നം പുരോഗമിക്കുന്നതെന്ന് യു.കെ പഞ്ചാബ് ഹെറിറ്റേജ് അസോസിയേഷന്‍ ഭാരവാഹികള്‍ ലണ്ടനില്‍ അറിയിച്ചു.ഈ മാസം 14 ന് ഞായറാഴ്ച യുദ്ധസ്മരണാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി 44000 മുന്‍ സൈനികരുടെ വിവരങ്ങള്‍ ആദ്യഘട്ടത്തില്‍ പ്രസിദ്ധപ്പെടുത്തും.

ആഗോള തലത്തില്‍ ഒന്നാം ലോകമഹായുദ്ധത്തിന്റെ സ്മരണ പുതുക്കുമ്പോള്‍ ഇതള്‍ വിരിയുന്നുണ്ട് ഇന്ത്യന്‍ സൈനികരുടെ വീരോജ്വല പോരാട്ടഗാഥകള്‍.ബ്രിട്ടീഷ് യുദ്ധരേഖകളില്‍ നിന്ന് 3,20,000 ഇന്ത്യന്‍ സൈനികരുടെ വിവരങ്ങളാണ് ഇതുവരെ ലഭിച്ചത്. ജലന്ധര്‍, ലുധിയാന, സിയാല്‍കോട്ട് എന്നീ ജില്ലകളിലെ സൈനികരുടെ വിവരങ്ങള്‍ ഡിജിറ്റലാക്കിക്കഴിഞ്ഞു. ഇനിയും 25 ജില്ലകളില്‍ നിന്നുള്ള 2,75,000 സൈനികരെ കൂടി ഉള്‍പ്പെടുത്താനുണ്ടെന്നും യു.കെ പഞ്ചാബ് ഹെറിറ്റേജ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. 26,000 പേജുള്ളതാണ് ഇതു സംബന്ധിച്ച ബ്രിട്ടീഷ് യുദ്ധരേഖകള്‍.

1919 ല്‍ ലോകമഹായുദ്ധ വേളയില്‍ ബ്രിട്ടീഷ് സൈന്യത്തിലെ ഇന്ത്യന്‍ പട്ടാളക്കാരുടെ എണ്ണം മാത്രം അന്നത്തെ ഓസ്ട്രേലിയയുടെ മുഴുവന്‍ സൈനികരേക്കാള്‍ അധികമായിരുന്നുവെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്.പക്ഷേ, അത്രയേറെ പ്രാധാന്യമുണ്ടായിരുന്ന സൈന്യ ശാഖയുടെപരിമിത വിവരങ്ങള്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന അവിഭക്ത പഞ്ചാബിലെ സൈനികര്‍ ലോകത്തെ പല മേഖലകളിലും ധീരമായി പോരാടി. അക്കാലത്ത് പഞ്ചാബിലുണ്ടായിരുന്ന ഹിന്ദു-മുസ്ലീം-സിഖ് പൗരന്മാരെല്ലാവരും തന്നെ സൈനിക സേവനമനുഷ്ഠിച്ചവരാണ്. ബ്രിട്ടീഷ് ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ 8 ശതമാനം മാത്രമായിരുന്നു പഞ്ചാബികള്‍. എങ്കിലും, ബ്രിട്ടീഷ് സൈന്യത്തിലെ മൂന്നിലൊന്നു പേരും പഞ്ചാബില്‍ നിന്നുള്ളവരായിരുന്നു.







വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.