ബാംഗ്ലൂരിന് മേല്‍ വിജയസൂര്യനായി ഹൈദരാബാദ് ആദ്യ നാലില്‍ തിരിച്ചെത്തി.

ബാംഗ്ലൂരിന് മേല്‍ വിജയസൂര്യനായി ഹൈദരാബാദ് ആദ്യ നാലില്‍ തിരിച്ചെത്തി.

സണ്‍റൈസേഴ്സ് ഹൈദരാബാദിനെ സംബന്ധിച്ചിടത്തോളം തങ്ങള്‍ക്ക് ചെയ്യാനുളള കാര്യങ്ങളെ കുറിച്ചുളള വ്യക്തത അവർക്ക് ഏറെ ഗുണം ചെയ്യുന്നുണ്ടെന്നാണ് വിലയിരുത്തേണ്ടത്.ഇങ്ങനെയാണ് തങ്ങള്‍ കളിക്കാന്‍ തീരുമാനിച്ചിട്ടുളളതെന്ന കൃത്യമായ ധാരണ അവർക്കുണ്ട്. ടോസ് ലഭിച്ചാല്‍ ഒരു നല്ല ടോട്ടലിലേക്ക് എത്തുക, അത് ഏത് ടോട്ടലാണെങ്കിലും തിരിച്ചുപിടിക്കാനുളള ഒരു തന്ത്രമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് എടുക്കാറ്. പക്ഷെ ഭുവനേശ്വർ കുമാറിന്‍റെ പരുക്ക് അവരുടെ പ്ലാനിംഗില്‍ ചെറിയ വ്യത്യാസം വരുത്തിയിട്ടുണ്ട്. പക്ഷെ ജെയ്സണ്‍ ഹോള്‍ഡർ ടീമിലേക്ക് എത്തിയതോട് കൂടി ഇതേ രീതിയില്‍ മുന്നോട്ട് പോയാല്‍ മതിയെന്നുളള തീരുമാനം ടീം എടുത്തിട്ടുണ്ടാകണം. അവരുടെ ക്യാപ്റ്റന്‍റെ ആത്മവിശ്വാസവും പദ്ധതികളെ കുറിച്ചുളള ഉറപ്പും മുന്നോട്ടുളള വഴികളില്‍ ഗുണം ചെയ്തിട്ടുണ്ടെന്ന് പറയാതെ വയ്യ. ടോസ് ലഭിച്ച ഉടനെ ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയും പിന്നീട് സ്ലോ ഡൗണ്‍ ചെയ്യാന്‍ പോലും സാഹചര്യമുണ്ടായിരുന്ന വിക്കറ്റിനെ അത് മുന്നില്‍ കണ്ടുകൊണ്ട് തങ്ങളിങ്ങനെയാണ് കളിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഉറപ്പിച്ചതോടെ തന്നെ അവർ പാതി ജയിച്ചുവെന്ന് പറയാം. പിന്നീട് ബൗളിംഗിന്‍റെ കാര്യത്തിലേക്ക് വരുമ്പോള്‍ ആറ് ഓവറില്‍ അറുപത് റണ്‍സല്ല നോക്കേണ്ടത് എന്ന് വിരാട് കോലിയും കൂട്ടരും മനസിലാക്കേണ്ടിയിരുന്നു. സ്ലോ വിക്കറ്റാണെന്നും , പന്ത് ബാറ്റിലേക്ക് വരുന്നില്ലയെന്നും ആദ്യ കുറച്ച് പന്തുകള്‍ കളിക്കുമ്പോള്‍ തന്നെ മനസിലാക്കേണ്ടതായിരുന്നു.

സ്വതസിദ്ധമായ ശൈലിയില്‍ നിന്നും മാറി ബാറ്റുവീശി ദേവ് ദത്ത് പടിക്കല്‍ പുറത്താകുന്നു. തൊട്ടുപിന്നാലെ വിരാട് കോലിയും പുറത്തായത് ബാംഗ്ലൂർ റോയല്‍ ചലഞ്ചേഴ്സിന് വലിയ തിരിച്ചടിയായി.ഇന്നിംഗ്സിന് സ്ഥിരത കൊടുക്കാന്‍ വിരാട് കോലിക്ക് സാധിക്കുമായിരുന്നു. പക്ഷെ തുടർച്ചയായ ഏഴാം തവണയാണ് പഞ്ചാബില്‍ നിന്നുളള സന്ദീപ് ശർമ ഇത്തരത്തില്‍ പുറത്താക്കുന്നത്. ഇതോടെ വലിയ സമ്മർദ്ദം ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുടെ മേല്‍ വരികയും അടിച്ച് റണ്‍സെടുക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നു. റാഷിദ് ഖാന്‍റെ സാന്നിദ്ധ്യം കൂടിയായതോടെ ഒരു കുറഞ്ഞ ടോട്ടലിലേക്ക് എത്തേണ്ടിവരുന്നു. 140 ലക്ഷ്യമിട്ട് പോയിരുന്നെങ്കില്‍ പോലും ജയസാധ്യതയുണ്ടായിരുന്നു. സണ്‍റൈസേഴ്സിനെ സംബന്ധിച്ചിടത്തോളം തുടക്കത്തില്‍ തന്നെ ഡേവിഡ് വാർണറെ നഷ്ടപ്പെട്ടു. ജയപരാജയങ്ങള്‍ എങ്ങോട്ട് വേണമെങ്കിലുമാകാമെന്നുളള സന്ദർഭങ്ങളില്‍ സ്വന്തം കഴിവില്‍ വിശ്വാസമർപ്പിച്ച് അടിച്ച് കളിക്കാന്‍ ശ്രമിക്കുന്ന മനീഷ് പാണ്ഡെയാണ് പിന്നീടെത്തിയത്. നേരത്തെ, രാജസ്ഥാനെതിരായ ഒരു മത്സരത്തില്‍ അത്തരത്തിലായിരുന്നു അദ്ദേഹത്തിന്‍റെ ബാറ്റിംഗ്. ബാംഗ്ലൂരിനെതിരെയും അദ്ദേഹത്തിന്‍റെ ചെറിയ ഇന്നിംഗ്സ് ടീമിന് ഗുണമായി. അതോടൊപ്പം.നേരത്തെ പ്രതീക്ഷിച്ച സ്ട്രൈക്ക്റേറ്റില്‍ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന വിലയിരുത്തലില്‍ ടീമില്‍ നിന്നും മാറ്റി നിർത്തിയ വൃദ്ധിമാന്‍ സാഹയെ പ്രിയം കാർഗിന് പകരം പരീക്ഷിച്ചത്, ജോണി ബെയർസ്റ്റോയ്ക്ക് പകരം ജെയ്സണ്‍ ഹോള്‍ഡറെ ടീമില്‍ നിലനിർത്തിയത്. ഇതെല്ലാം സണ്‍റൈസേഴ്സിന് ഗുണം ചെയ്തു.

വിരാട് കോലിയിലേക്ക് വരുമ്പോള്‍ അദ്ദേഹത്തിന്‍റെ ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന സംശയങ്ങള്‍ ഒരു പക്ഷെ ഈ സീസണില്‍ മറികടക്കാന്‍ കഴിഞ്ഞുവെന്നുവേണം പറയാന്‍. ടീം പരാജയപ്പെടുമ്പോള്‍ ടീമിനുളളില്‍ സജീവമായി നില്‍ക്കാന്‍ കോലിക്ക് കഴിഞ്ഞു. പ്രതീക്ഷയ്ക്ക് ഒത്തുയരാത്ത താരങ്ങളെ പിന്തുണയ്ക്കാനും നിർണായക സമയങ്ങളില്‍ ആ പിന്തുണയ്ക്ക് പകരമായി അവർക്ക് കളിക്കാനും സാധിക്കുന്നുണ്ടെന്നുളളത് ചെറിയ കാര്യമല്ല. ഒരു വേള പ്ലേ ഓഫ് ഉറപ്പിച്ചിരുന്ന ബാംഗ്ലൂരിനും വിരാട് കോലിക്കും ഇനിയുളള മത്സരം നിർണായകമായിരിക്കുകയാണ്. എന്നിരുന്നാല്‍ തന്നെയും യുവതാരങ്ങളെ പിന്തുണച്ച്, മുതിർന്ന താരങ്ങളുമായി സൗഹൃദം സ്ഥാപിച്ച് ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്ന വിരാട് കോലി ക്യാപ്റ്റനെന്ന നിലയില്‍ മെച്ചപ്പെട്ടിട്ടുണ്ടെന്ന് പറയാതെ വയ്യ.

RCB 120/7 (20)SRH 121/5 (14.1)

സോണി ചെറുവത്തൂർ
(കേരളാ രഞ്ജി ടീം മുന്‍ ക്യാപ്റ്റന്‍ , ഗോള്‍ഡ് 101.3 കമന്‍റേറ്റർ)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.