മുപ്പത്തിയേഴാം മാർപാപ്പ വി. ഡമാസൂസ് ഒന്നാമന്‍ (കേപ്പാമാരിലൂടെ ഭാഗം-38)

മുപ്പത്തിയേഴാം മാർപാപ്പ വി. ഡമാസൂസ് ഒന്നാമന്‍ (കേപ്പാമാരിലൂടെ ഭാഗം-38)

തിരുസഭയുടെ മുപ്പത്തിയേഴാമത്തെ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ഡമാസൂസ് ഒന്നാമന്‍ മാര്‍പ്പാപ്പയാണ് ആദിമസഭയില്‍ പത്രോസിന്റെ പിന്‍ഗാമിയായ മാര്‍പ്പാപ്പയുടെ അപ്രമാദിത്വത്തിനായി വാദിക്കുകയും സഭയില്‍ രക്തസാക്ഷികളായവരെ ആദരിക്കുന്ന പതിവ് ആരംഭിക്കുകയും ചെയ്തത്.

റോമില്‍ ജനിച്ച ഡമാസൂസ് മാര്‍പ്പാപ്പ ഡീക്കനായി അഭിഷ്‌ക്തനാവുകയും ഏ.ഡി. 355-ല്‍ കോണ്‍സ്റ്റാന്റിയൂസ് രണ്ടാമന്‍ ചക്രവര്‍ത്തി ലിബേരിയസ് മാര്‍പ്പാപ്പയെ നാടുകടത്തിയപ്പോള്‍ അദ്ദേഹത്തെ അനുധാവനം ചെയ്യുകയും ചെയ്തു. എന്നാല്‍ താമസിയാതെ തന്നെ ഡമാസൂസ് റോമിലേക്ക് മടങ്ങുകയും ലിബേരിയസ് മാര്‍പ്പാപ്പ ജീവനോടെ പ്രവാസത്തിലായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സ്ഥാനത്ത്  റോമിന്റെ മെത്രാനായും മാര്‍പ്പാപ്പയായും മറ്റൊരാളെ അംഗീകരിക്കില്ല എന്ന റോമിലെ വൈദികസമൂഹത്തിന്റെ തീരുമാനത്തിന് എതിരായി നിന്നു എതിര്‍ മാര്‍പ്പാപ്പയായിരുന്ന ഫെലിക്‌സ് രണ്ടാമന്റെ സഹായിയായി കുറച്ചു കാലം വര്‍ത്തിക്കുകയും ചെയ്തു.പില്‍ക്കാലത്ത് മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെടുകയും മാര്‍പ്പാപ്പയുടെ അപ്രമാദിത്വത്തിനും പ്രാഥമികതയ്ക്കുമായി വാദിക്കുകയും ചെയ്ത വ്യക്തിയെന്ന നിലയില്‍ ഡമാസൂസ് മാര്‍പ്പാപ്പയുടെ ഇത്തരമൊരു പ്രവര്‍ത്തി തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു.

ലിബേരിയസ് മാര്‍പ്പാപ്പയ്ക്ക് പ്രവാസത്തില്‍നിന്ന് തിരികെ വരുവാന്‍ അനുവാദം ലഭിച്ചപ്പോള്‍ ഡമാസൂസ് മാര്‍പ്പാപ്പ അദ്ദേഹവുമായി അനുരഞ്ജനപ്പെട്ടു. ലിബേരിയസ് മാര്‍പ്പാപ്പ കാലം ചെയ്തപ്പോള്‍ കയ്പ്പേറിയതും അക്രമാസക്തവുമായ ഒരു വിഭാഗീയത തിരുസഭയുടെ പുതിയ തലവനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് റോമില്‍ ഉരുവായി. ലിബേരിയസ് മാര്‍പ്പാപ്പയോട് വളരെയധികം വിധേയത്വം പുലര്‍ത്തിയിരുന്ന ഒരു വിഭാഗം വൈദികരും വൈദിക ശ്രേഷ്ഠരും ജൂലിയന്‍ എന്നയാളുടെ നേതൃത്വത്തില്‍ സാന്താ മരിയ ബസിലിക്കയില്‍ സമ്മേളിക്കുകയും ഡിക്കനായിരുന്ന ഉര്‍സിനിയൂസ് എന്ന വ്യക്തിയെ ലിബേരിയസ് മാര്‍പ്പാപ്പയുടെ പിന്‍ഗാമിയായി തിരഞ്ഞെടുക്കുകയും ഉടനെതന്നെ അദ്ദേഹത്തെ മാര്‍പ്പാപ്പയായി റ്റിബൂര്‍ രൂപതയുടെ മെത്രാന്‍ അഭിഷേകം ചെയ്യുകയും ചെയ്തു. എന്നാല്‍ റോമിലെ ഭൂരിഭാഗം വൈദികസമൂഹവും വിശ്വാസികളും റോമിലെ വി. ലോറന്‍സിന്റെ ബസിലിക്കയില്‍ സമ്മേളിക്കുകയും ഡമാസൂസിനെ തിരഞ്ഞെടുക്കുകയും ചെയ്തു.  നിയമപ്രകാരം ഒസ്തിയ രൂപതയുടെ മെത്രാന്‍ റോമിന്റെ മെത്രാനായി.  എ.ഡി. 366 ഒക്‌ടോബര്‍ 1-ാം തീയതി അദ്ദേഹം റോമിന്റെ മെത്രാന്റെ സ്ഥാനിക ദേവാലയമായ ലാറ്ററന്‍ ബസിലിക്കയില്‍വെച്ച് അഭിഷേകം ചെയ്യപ്പെടുകയും ചെയ്തു.

തുടര്‍ന്ന് റോമില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ വളരെ വലിയ ലഹളതന്നെ റോമില്‍ പൊട്ടി പുറപ്പെട്ടു. ഏകദേശം 150 പേരോളം ഈ ലഹളക്കിടയില്‍ മരണമടയുകയും ലഹള നിയന്ത്രണാധീതമാവുകയും ചെയ്തു. സഭയിലും സമൂഹത്തിലും സമാധാനം ഉളവാകുകയും ലഹളയ്ക്ക് ഒരു അവസാനമുണ്ടാവുകയും ചെയ്തത് സഭാസമൂഹം മുഴുവന്‍ ഡമാസൂസിന്റെ തിരഞ്ഞെടുപ്പ് അംഗീകരിക്കുകയും റോമിലെ ദേവാലയങ്ങളും ആശ്രമങ്ങളും സഭയ്ക്കുണ്ടാായിരുന്ന മറ്റു സ്ഥാവരജംഗമ വസ്തുക്കളും മാര്‍പ്പാപ്പയുടെ നീയന്ത്രണത്തിന്‍ കീഴിലാക്കാന്‍ സമ്മതിക്കുയും ചെയ്തപ്പോള്‍ മാത്രമാണ്. ഇത്തരമൊരു നീക്കം തിരുസഭയില്‍ നൂറ്റാണ്ടുകളോളം അതായത് ഏകദേശം ആറാം നൂറ്റാണ്ടോളം നീണ്ടുനിന്ന മറ്റൊരു വിവാദത്തിന് തിരി കൊളുത്തുന്നതായിരുന്നു. ഇത് കഠിനമായ താപസജീവിതം നയിച്ചിരുന്ന സന്ന്യാസികളും ഭൗതീക ജീവിതം ആഗ്രഹിച്ചിരുന്ന വൈദികസമൂഹവും തമ്മിലുള്ള വിഭാഗീയതയിലേക്ക് നയിച്ചു. തന്റെ അധികാരം സ്ഥാപിക്കുന്നതിനായി ഒരു മാര്‍പ്പാപ്പ അക്രമത്തിന്റെ മാര്‍ഗം സ്വീകരിച്ചത് ഇറ്റലിയിലെ മെത്രാന്‍മാര്‍ക്ക് അംഗീകരിക്കാന്‍ സാധിക്കാത്തതും ഞെട്ടലുളവാക്കുന്നതുമായിരുന്നു. ഏ.ഡി. 368-ല്‍ തന്റെ ജന്മദിനാഘോഷത്തിനായി ഒത്തുചേര്‍ന്ന മെത്രാന്മരോട് ഡമാസൂസ് മാര്‍പ്പാപ്പ ഉര്‍സിനിയൂസിനും അനുയായികള്‍ക്കുമെതിരെ താന്‍ ചെയ്ത പ്രവര്‍ത്തികളെ അംഗീകരിക്കുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങള്‍ ജന്മദിനാഘോഷത്തിനാണ് ഒത്തുകൂടിയിരിക്കുന്നതെന്നും ആരെയും വിചാരണകൂടാതെ ശിക്ഷിക്കുവാനല്ലെന്നുമായിരുന്നു അവരുടെ മറുപടി. ഡമാസൂസ് മാര്‍പ്പാപ്പയുടെ ഭരണകാലം മുഴുവന്‍ ഉര്‍സൂനിയൂസും അദ്ദേഹത്തിന്റെ അനുയായികളും തമ്മിലുള്ള അഭിപ്രായവിത്യാസം തുടര്‍ന്നു.ഡമാസൂസ് മാര്‍പ്പാപ്പ തന്റെ അധികാരം റോമില്‍ ഉറപ്പിച്ചതിനെ തുടര്‍ന്ന് ഉര്‍സൂനിയൂസിനെ റോമില്‍ നിന്ന് റോമിന്റെ പ്രീഫെക്ട് നിഷ്‌കാസിതനാക്കി. തുടര്‍ന്ന് ഉര്‍സൂനിയൂസ് എ.ഡി. 373-ല്‍ ആര്യന്‍ ബിഷപ്പായിരുന്ന ഒക്‌സെന്റിയൂസിന്റെ സഹായിയായി മിലാനില്‍ വര്‍ത്തിച്ചു. ഏ.ഡി. 375-ല്‍ വാലെന്റയിന്‍ ചക്രവര്‍ത്തി ഉര്‍സൂനിയൂസിനെ കോളോഞ്ഞോയിലേക്ക് നാടുകടത്തി. അതിനിടയില്‍ റോമില്‍ അരങ്ങേറിയ ലഹള സംബന്ധിച്ച് അദ്ദേഹത്തിന് റോമന്‍ പ്രീഫെക്ടിനു മുമ്പില്‍ രണ്ട് തവണ വിചാരണ നേരിടേണ്ടി വന്നു.

ഏ.ഡി. 379-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ തെയൊഡോസിയൂസ് റോമന്‍ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായി സ്ഥാനാരോഹണം ചെയ്തു. റോമന്‍ സാമ്രാജ്യത്തിലെതന്നെ ആദ്യത്തെ കത്തോലിക്ക ചക്രവര്‍ത്തിയായിരുന്നു അദ്ദേഹം. ഏ.ഡി. 380 ഫെബ്രുവരി 27-ാം തീയതി അദ്ദേഹം പുറപ്പെടുവിച്ച വിളംബരം വഴിയായി ക്രിസ്തുമതത്തെ റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു. എന്നിരുന്നാലും പൗരസ്ത്യ സഭയിലെ മെത്രാന്മാരുമായുള്ള അദ്ദേഹത്തിന്റെ വ്യവഹാരങ്ങള്‍ തികച്ചും ബാലിശമായിരുന്നു. മാത്രമല്ല പൗരസ്ത്യ സഭാനേതൃത്വത്തോടുള്ള തന്റെ ധിക്കാരപരമായ സമീപനം തുടരുകയും ചെയ്തു. അന്ത്യേക്യയിലെ സഭാസമൂഹത്തിന്റെ നേതൃസ്ഥാനത്തെ ചൊല്ലി വിഭാഗീയത ഉടലെടുത്തപ്പോള്‍ പൗരസ്ത്യസഭാസമൂഹം മുഴുവന്‍ സമ്മതനായിരുന്ന മെലെസിയൂസ് മെത്രാന് പകരം സഭാസമ്മതനല്ലാത്ത പൗളീനൂസിനെ മാര്‍പ്പാപ്പ പിന്തുണച്ചു. ഇത് പൗരസ്ത്യസഭാ നേതാക്കന്മരുടെ അപ്രീതിക്കു കാരണമാവുകയും കേസറിയായുടെ മെത്രാനും പൗരസ്ത്യ സന്ന്യാസത്തിന്റെ പിതാവായി അറിയപ്പെടുന്ന വി. ബേസില്‍ പോലും അദ്ദേഹത്തെ 'ധാര്‍ഷ്ട്യനായ മാര്‍പ്പാപ്പ' എന്നു വിശേഷിപ്പിക്കുകയും ചെയ്തു. ഏ.ഡി. 381-ല്‍ മെലെസിയൂസ് മെത്രാന്‍ കാലം ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ട ഫ്‌ളാവിയനുമായി ഐക്യപ്പെടുവാനോ അനുരഞ്ജനപ്പെടുവാനോ ഡമാസൂസ് മാര്‍പ്പാപ്പ തയ്യാറായില്ല.

തിരുസഭയില്‍ ഉടലെടുത്ത ഇത്തരം വിഭാഗീയതകളുടെ പശ്ചാത്തലത്തില്‍ തെയൊഡോസിയൂസ് ചക്രവര്‍ത്തി ഏ.ഡി. 381-ല്‍ കോണ്‍സ്റ്റാനിപ്പോളില്‍ ഒരു സൂനഹദോസ് വിളിച്ചു ചേര്‍ത്തു. ഏകദേശം നൂറ്റമ്പതിലധികം പൗരസ്ത്യ പിതാക്കന്മാര്‍ സമ്മേളിച്ച പ്രസ്തുത സൂനഹദോസ് ഡമാസൂസ് മാര്‍പ്പാപ്പയെ തീര്‍ത്തും അവഗണിച്ചു. പ്രസ്തുത സൂനഹദോസ് പരിശുദ്ധാത്മാവ് പരിശുദ്ധത്രീത്വത്തിലെ ഒരു വ്യക്തിയാണെന്നും പരിശുദ്ധാത്മാവ് പിതാവില്‍ നിന്നു പുറപ്പെടുന്നുവെന്നുമുള്ള വിശ്വാസസത്യം നിഖ്യാ വിശ്വാപ്രമാണത്തോട് ചേര്‍ത്തു. മാത്രമല്ല കോണ്‍സ്റ്റാന്റിനോപ്പിളന്റെ പാത്രിയാര്‍ക്കീസിനെ റോമിന്റെ മെത്രാനായ മാര്‍പ്പാപ്പയ്ക്ക് താഴെ രണ്ടാമനായി പ്രഖ്യാപിക്കുകയും ചെയ്തു.

ഡമാസൂസ് മാര്‍പ്പാപ്പ പാഷണ്ഡതകളെയും വിമത പ്രസ്ഥാനങ്ങളെയും നേരിടുന്നതില്‍ കര്‍ക്കശ്യക്കാരനായിരുന്നു. ആര്യനിസത്തെ നിയന്ത്രിക്കുന്നതിന് അദ്ദേഹം ശക്തമായി പ്രയത്‌നിച്ചു. ഏ.ഡി. 381-ല്‍ മിലാന്റെ മെത്രാനായ വി. അബ്രോസിന്റെ നേതൃത്വത്തില്‍ പാശ്ചാത്യസഭയിലെ മെത്രാന്‍മാര്‍ മിലാനില്‍ സമ്മേളിക്കുകയും ആര്യനിസത്തെ വീണ്ടും ഖണ്ഡിക്കുകയും ചെയ്തു. പ്രസ്തുത സിനഡിലേക്ക്  ആര്യനിസത്തെ ഖണ്ഡിച്ചുകൊണ്ടും വിമര്‍ശിച്ചു കൊണ്ടും മൂന്നു കത്തുകള്‍ അയച്ചു. ക്രിസ്തുവിന്റെ മനുഷ്യത്വത്തെ നിരാകരിച്ച അപ്പോളിനാരിയനിസമെന്ന (Appollinarianism) എന്ന പാഷണ്ഡതയും പരിശുദ്ധാത്മാവിന്റെ ദൈവികതയെ നിരാകരിച്ച മസെഡൊണിയനിസം (Macedonianism) പാഷണ്ഡതയെയും റോമില്‍ വെച്ചു തുടര്‍ച്ചയായി നടന്ന സിനഡുകള്‍ മൂലം ദണ്ഡിച്ചു.

ഡമാസൂസ് മാര്‍പ്പാപ്പ വി. ജെറോമിനെ റോമിലേക്ക് വിളിപ്പിക്കുകയും അദ്ദേഹത്തെ തന്റെ സെക്രട്ടറിയായി നിയമിക്കുകയും ചെയ്തു. മാര്‍പ്പാപ്പയുടെ ആവശ്യപ്രകാരം ജെറോം ഗ്രീക്കില്‍ നിന്ന് ലാറ്റിനിലേക്ക് പുതിയനിയമഗ്രന്ഥം വിവര്‍ത്തനം ചെയ്യുകയും വുൾഗാത്ത (Vulgate) എന്ന പേരില്‍ പ്രകാശനം ചെയ്യുകയും ചെയ്തു. ഡമാസൂസ് മാര്‍പ്പാപ്പയ്ക്ക് വിശ്വാസത്തിനായി ജീവത്യാഗം ചെയ്ത രക്തസാക്ഷികളോട് പ്രത്യേകമായ ഭക്തിയുണ്ടായിരുന്നു. അദ്ദേഹം രക്തസാക്ഷികളെ സഭയില്‍ ആദരിക്കുന്ന പതിവ് പ്രോത്സാഹിപ്പിച്ചു. മാത്രമല്ല അദ്ദേഹം രക്തസാക്ഷികളുടെ കബറിടങ്ങള്‍ മനോഹരമാക്കുകയും അവരുടെ കബറിടങ്ങളില്‍ തന്റെ തന്നെ വാക്യങ്ങളടങ്ങിയ സ്മാരകശിലകള്‍ സ്ഥാപിക്കുകയും ചെയ്തു.

ഡമാസൂസ് മാര്‍പ്പാപ്പ വി. പത്രോസിന്റെ പിന്‍ഗാമിയുടെ അപ്രമാദിത്വത്തിനും മറ്റുസഭാസമൂഹങ്ങള്‍ക്കിടയില്‍ റോമിന്റെ പ്രാഥമികതയ്ക്കുമായി അക്ഷീണം വാദിച്ചു. റോമിനെ വി. പത്രോസിന്റെ സിംഹാസനം എന്നു വിശേഷിപ്പിച്ചു. പുതിയ റോമായി വിശേഷിപ്പിക്കപ്പെട്ടിരുന്ന കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പ്രാഥമികതയ്ക്കായുള്ള വാദങ്ങള്‍ രാഷ്ട്രീയ പ്രേരണകളെയും സൂനഹദോസ് തീരുമാനങ്ങളെയും അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതായിരുന്നതെങ്കില്‍ റോമിന്റെ പ്രാഥമികതയ്ക്കായുള്ള ഡമാസൂസ് മാര്‍പ്പാപ്പയുടെ അവകാശവാദം മാര്‍പ്പാപ്പയാണ് വി. പത്രോസിന്റെ യഥാര്‍ത്ഥ പിന്‍ഗാമിയും ക്രിസ്തുനാഥന്റെ വാഗ്ദാനങ്ങളുടെ (മത്താ.16:18) സൂക്ഷിപ്പുകാരനുമെന്നുമുള്ള വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതായിരുന്നു. വി. പത്രോസിന്റെ അപ്രമാദിത്വത്തെയും റോമിന്റെ പ്രഥമികതയെയും ഏ.ഡി. 381-ല്‍ റോമില്‍ വെച്ചുനടന്ന സിനഡില്‍ അംഗീകരിച്ചു. ഡമാസൂസ് മാര്‍പ്പാപ്പ തന്റെ എണ്‍പതാമത്തെ വയസ്സില്‍ ഏ.ഡി. 384 ഡിസംബര്‍ 11-ാം തീയതി ഇഹലോകവാസം വെടിഞ്ഞു.

St. Damasus I succeeded Liberius on October 1, 366. Damasus was the son of a priest and was born in Rome. After Liberius died there was a succession controversy. There were two claimants to the papacy, Damasus, who had served as Antipope Felix’s deacon, and Ursinus, who had served as Pope Liberius’s deacon. The upper class supported Damasus, whereas the clergy and the laity supported Ursinus. Violence erupted and there was a massacre of 137 people. It is said that Damasus dispatched his men to attack the supporters of Ursinus. The skirmish between Damasus and Ursinus lasted for a few years, even after Ursinus was exiled. While his tactics were questionable, to say the least, Damasus was a skilled leader. He condemned Apollinarianism in the Roman synods of 368 and 369 and fought vigorously against Arianism. In addition to his battles against heresies, he made Latin the official liturgical language of Rome, and after appointing St. Jerome to be his secretary, commissioned him to make a new translation of the Bible from the original languages. Jerome used the Greek New Testament and the Greek Septuagint version of the Hebrew Scriptures and translated them into Latin; the result became known as the Vulgate. Damasus was a firm supporter of papal primacy and claimed that he, as St. Peter’s successor, inherited the promise given to Peter in Matthew 16:18. He also had a great devotion to the martyrs, which he expressed by composing eulogies in their honor and had them engraved on slabs he placed near their tombs. Damasus died on December 11, 384.

ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26