മുപ്പത്തിയാറാം മാർപാപ്പ ലിബേരിയസ് (കേപ്പാമാരിലൂടെ ഭാഗം-37 )

മുപ്പത്തിയാറാം  മാർപാപ്പ  ലിബേരിയസ്   (കേപ്പാമാരിലൂടെ ഭാഗം-37 )

തിരുസഭയുടെ ചരിത്രത്തില്‍ ആദ്യമായി വിശുദ്ധരുടെ ഗണത്തില്‍ ചേര്‍ക്കപ്പെടാത്ത മാര്‍പ്പാപ്പയാണ് വി. പത്രോസിന്റെ പിന്‍ഗാമിയും തിരുസഭയുടെ മുപ്പത്തിയാറാമത്തെ മാര്‍പ്പാപ്പയുമായി ഏ.ഡി. 352 മെയ് 17-ാം തീയതി തിരഞ്ഞെടുക്കപ്പെട്ട ലിബേരിയസ് മാര്‍പ്പാപ്പ. പതിനാല് കൊല്ലത്തോളം തിരുസഭയെ അദ്ദേഹം നയിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ഭരണകാലത്തെ ബലഹീനമായ ഒരു ഭരണ കാലഘട്ടമായാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്.

ആര്യനിസം എന്ന പാഷണ്ഡതയുടെ പ്രചാരകരും പക്ഷരുമായ മെത്രാന്‍മാര്‍ (ആര്യന്‍ പക്ഷക്കാരായ മെത്രാന്‍മാര്‍) പൗരസ്ത്യ സഭയുടെമേല്‍ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചുകൊണ്ടിരുന്ന ഒരു കാലഘട്ടത്തിലാണ് ലിബേരിയസ് മാര്‍പ്പാപ്പ തിരഞ്ഞെടുക്കപ്പെട്ടത്. ആര്യന്‍ പക്ഷക്കാരനായ കോണ്‍സ്റ്റാന്‍സിയൂസ് രണ്ടാമന്‍ ചക്രവര്‍ത്തി തന്റെ അധികാരം റോമാസാമ്രാജ്യം മുഴുവന്‍ ഉറപ്പിച്ചതും റോമാസാമ്രാജ്യത്തിന്റെ മുഴുവന്‍ ചക്രവര്‍ത്തിയായി സ്വയം പ്രഖ്യാപിച്ചതും ഈ കാലഘട്ടത്തില്‍ തന്നെയായിരുന്നു. ആര്യനിസത്തിന്റെ നിശിത വിമര്‍ശകനും നിഖ്യാ സൂനഹദോസിന്റെ ക്രിസ്തുവിന്റെ ദൈവികതയെക്കുറിച്ചുള്ള പഠനത്തിന്റെയും സൂനഹദോസില്‍വെച്ച് രൂപീകരിക്കപ്പെട്ട വിശ്വാസപ്രമാണത്തിന്റെയും പരിരക്ഷകനുമായിരുന്ന അത്താസിയൂസ് മെത്രാനെ മെത്രാന്‍സ്ഥാനത്തുനിന്ന് നിഷ്‌കാസിതനാക്കുവാനും നാടുകടത്തുവാനും ഏ.ഡി. 335-ല്‍ ടയിറില്‍ സമ്മേളിച്ച കൗണ്‍സില്‍ എടുത്ത തീരുമാനത്തെ അംഗീകരിക്കുവാന്‍ കോണ്‍സ്റ്റാന്‍സിയൂസ് രണ്ടാമന്‍ ചക്രവര്‍ത്തി പാശ്ചാത്യസഭയിലെ മെത്രാരുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തി.

സ്ഥാനമേറ്റടുത്ത ഉടനെ തന്നെ ലിബേരിയസ് മാര്‍പ്പാപ്പ അത്താനാസിയൂസ് മെത്രാനോട് നീതി കാണിക്കുവാന്‍ കോണ്‍സ്റ്റാന്‍സിയൂസ് ചക്രവര്‍ത്തിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഗൗളിലെ മെത്രാന്‍മാരെ ആര്‍ള്‍സിലേയ്ക്ക് കൗണ്‍സിലിനായി അയക്കുക എന്നതായിരുന്നു ചക്രവര്‍ത്തിയുടെ മറുപടി. ചക്രവര്‍ത്തിയുടെ ആവശ്യപ്രകാരം ഏ.ഡി. 353-54 വര്‍ഷങ്ങളില്‍ ആര്‍ള്‍സില്‍ സമ്മേളിച്ച ഗൗളിലെ മെത്രാന്മാരെ മെത്രാന്‍ സ്ഥാനത്തുനിന്ന് നിഷ്‌കാസനം ചെയ്യുമെന്നും നാടുകടത്തുമെന്നും ഭീഷണിപ്പെടുത്തി അത്തനാസിയൂസ് മെത്രാന്റെ മേലുള്ള ശിക്ഷാനടപടി ശരിയാണ് എന്ന് സമ്മതിപ്പിച്ചു. ലിബേരിയസ് മാര്‍പ്പാപ്പയുടെ പ്രതിനിധിപ്പോലും പ്രസ്തുത തീരുമാനത്തിന് വഴങ്ങി. എന്നാല്‍ ലിബേരിയസ് മാര്‍പ്പാപ്പ പ്രസ്തുത തീരുമാനം അംഗീകരിക്കാതെ വിശാലമായ മറ്റൊരു കൗണ്‍സിലിനായി ചക്രവര്‍ത്തിയെ നിര്‍ബന്ധിച്ചു. ഇതിനെതുടര്‍ന്ന് ഏ.ഡി. 355-ല്‍ ചക്രവര്‍ത്തി മിലാനില്‍ ഒരു കൗണ്‍സില്‍ വിളിച്ചു ചേര്‍ത്തു. അക്രമാസക്തരായ ഒരു ജനതയാലും ചക്രവര്‍ത്തിയുടെ നിരന്തരമായ ഭീഷണികളും ഇടപെടലുകളാലും കൗണ്‍സിലില്‍ തന്നെ ഭീഷണിയുടെ നിഴലിലായിരുന്നു. തന്റെ ആഗ്രഹമാണ് സഭാനിയമെന്ന് ഭീഷണിപ്പെടുത്തിയതനുസരിച്ച് അത്തനാസിയൂസ് മെത്രാന്‍ ഒരിക്കല്‍ക്കൂടി കുറ്റക്കാരനാണെന്ന് വിധിക്കപ്പെടുകയും ആര്യന്‍ പക്ഷക്കാര്‍ കത്തോലിക്ക സഭയുമായി വീണ്ടും ഐക്യപ്പെട്ടു എന്ന് പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. പേപ്പല്‍ പ്രതിനിധികള്‍ തങ്ങളുടെമേലുള്ള സമ്മര്‍ദ്ദത്തിനു വഴങ്ങി. മാത്രമല്ല കൗണ്‍സില്‍ ഡിക്രിയില്‍ ഒപ്പുവയ്ക്കുവാന്‍ ലിബേരിയസ് മാര്‍പ്പാപ്പയോട് ചക്രവര്‍ത്തി ആജ്ഞാപിക്കുകയും ചെയ്തു. എന്നാല്‍ ഡിക്രിയില്‍ ഒപ്പുവെയ്ക്കുവാനും ചക്രവര്‍ത്തി സമര്‍പ്പച്ച കാഴ്ച്ചദ്രവ്യങ്ങള്‍ സ്വീകരിക്കുവാനും മാര്‍പ്പാപ്പ വിസമ്മച്ചതിനെതുടര്‍ന്ന് അദ്ദേഹത്തെ ബന്ധനസ്ഥനാക്കുകയും ചക്രവര്‍ത്തിയുടെ മുമ്പില്‍ ഹാജരാക്കുകയും ചെയ്തു. അത്തനാസിയൂസ് മെത്രാന്റെ മേലുള്ള ശിക്ഷാനടപടി പിന്‍വലിക്കണമെന്ന തന്റെ നിലപാടില്‍ ഉറച്ചുനിന്നതിനെതുടര്‍ന്ന് കോണ്‍സ്റ്റാന്‍സിയൂസ് രണ്ടാമന്‍ ചക്രവര്‍ത്തി ലിബേിരിയസ് മാര്‍പ്പാപ്പയെ ഏ.ഡി. 355-ല്‍ താര്‍സിലേക്ക് നാടുകടത്തി. മാര്‍പ്പാപ്പയുടെ പ്രവാസകാലം രണ്ടുവര്‍ഷത്തേയ്ക്ക് നീണ്ടുനിന്നു.

ഇക്കാലയളവില്‍ ആര്യന്‍ പക്ഷക്കാരനും ഡീക്കനുമായിരുന്ന ഫെലിക്‌സിനെ മാര്‍പ്പാപ്പയായി ചക്രവര്‍ത്തി നിയമിച്ചു. എന്നാല്‍ ചക്രവര്‍ത്തി നിയമിച്ച മാര്‍പ്പാപ്പയെ അംഗീകരിക്കുവാന്‍ വിശ്വാസികളും പാശ്ചാത്യസഭയും തയ്യാറായില്ല. ഏ.ഡി. 357-ല്‍ കോണ്‍സ്റ്റാന്‍സിയൂസ് ചക്രവര്‍ത്തി റോമില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ വിശ്വാസികള്‍ അദ്ദേഹത്തെ ഉപരോധിക്കുകയും ലിബേരിയസ് മാര്‍പ്പാപ്പയെ തിരിച്ചുകൊണ്ടുവരണമെന്നും മാര്‍പ്പപ്പയെ തന്റെ തത്സ്ഥാനത്ത് വീണ്ടും അവരോധിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുകയും ചെയ്തു. പ്രവാസകാലത്തിനിടയില്‍ ലിബേരിയസ് മാര്‍പ്പാപ്പ തന്റെ നിലപാടുകളില്‍ അയവുവരത്തി. അദ്ദേഹം അത്തനാസിയൂസിന്റെ മേലുള്ള ശിക്ഷാനടപടികള്‍ അംഗീകരിച്ചു. മാത്രമല്ല നിഖ്യ സൂനഹദോസില്‍ അംഗീകരിക്കപ്പെട്ട പുത്രന്‍ പിതാവുമായി സത്തയില്‍ ഒന്നാണ് (Homoousios) എന്ന വിശ്വാസസംജ്ഞയ്‌ക്കെതിരായി ഏ.ഡി. 351-ല്‍ രൂപികരിക്കപ്പെട്ട സിര്‍മിയും സംജ്ഞ എന്നറിയപ്പെടുന്ന സംജ്ഞ ലിബേരിയസ് മാര്‍പ്പാപ്പ അംഗീകരിച്ചു. ഏ.ഡി. 357-ല്‍ ആര്യന്‍ പക്ഷക്കാരായ നാല് മെത്രാന്‍മാര്‍ക്ക് എഴുതിയ കത്തിലൂടെ അവരോട് ചക്രവര്‍ത്തിയോട് റോമിലേക്ക് തിരികെ വരുവാനുള്ള അനുവാദത്തിനായി മാദ്ധ്യസ്ഥം വഹിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഏ.ഡി. 358-ല്‍ പുത്രന്‍ പിതാവിന് വിധേയനാണ് എന്ന് രീതിയില്‍ രൂപികരിക്കപ്പെട്ട സിര്‍മിയും സംജ്ഞയില്‍ ഒപ്പുവയ്ക്കുവാനും അത് അംഗീകരിക്കുവാനും മാര്‍പ്പാപ്പ തയ്യാറായില്ല. എന്നാല്‍ പിന്നീട് രൂപികരിക്കപ്പെട്ട മിതമായരീതിയില്‍ രൂപികരിക്കപ്പെട്ട സംജ്ഞയില്‍ അതായത് പുത്രന്‍ സത്തയില്‍ പിതാവിനെപ്പോലെയാണ് (Homoiousios) എന്ന സംജ്ഞയില്‍ പ്രസ്തുത സംജ്ഞ നിഖ്യാ സൂനഹദോസ് അംഗീകരിച്ച വിശ്വാസസംജ്ഞയെ നിരാകരിക്കുന്നതായിരുന്നെങ്കിലും മാര്‍പ്പാപ്പ അംഗീകരിച്ചു. ലിബേരിയസ് മാര്‍പ്പാപ്പയുടെ ബലിഹീനതയെ പലപ്പോഴും മാര്‍പ്പാപ്പയുടെ അപ്രമാതിത്വത്തിനെതിരായ വാദമായി ഇപ്പോഴും പരിഗണിക്കപ്പെടുന്നു.

വിശ്വാസികളുടെ ശക്തമായ ആവശ്യമൂലവും ലിബേരിയസ് മാര്‍പ്പാപ്പ തന്റെയും ആര്യന്‍ പക്ഷക്കാരുടെയും ആവശ്യങ്ങള്‍ അംഗീകരിച്ചതിനാലും കോണ്‍സ്റ്റാന്‍സിയൂസ് ചക്രവര്‍ത്തി അദ്ദേഹത്തെ ചില നിബന്ധനകളോടെ റോമിലേക്ക് തിരികെ വരുവാന്‍ അനുവദിച്ചു. ലിബേരിയസ് മാര്‍പ്പാപ്പയുടെ അസാന്നിദ്ധ്യത്തില്‍ ചക്രവര്‍ത്തിയാല്‍ നിയമിതനായ എതിര്‍ മാര്‍പ്പാപ്പയായ ഫെലിക്‌സിനെ അംഗീകരിക്കണമെന്നതായിരുന്നു ഒരു നിബന്ധന. എന്നിരുന്നാലും വിശ്വാസികളും വൈദികരും ഫെലിക്‌സിനെ അംഗീകരിക്കുവാന്‍ തയ്യാറായില്ല എന്നു മാത്രമല്ല ലിബേരിയസ് മാര്‍പ്പാപ്പയെ മാത്രമേ 'ഒരു ദൈവം, ഒരു ക്രിസ്തു, ഒരു ബിഷപ്പ്' എന്ന് വാദിച്ചുകൊണ്ട് യഥാര്‍ത്ഥ മാര്‍പ്പാപയായി അംഗീകരിച്ചു. ലഹളയുടെ സാധ്യത മുന്നില്‍ കണ്ടുകൊണ്ട് ഫെലിക്‌സ് നഗരപ്രാന്തങ്ങളിലേക്ക് പിന്‍വലിഞ്ഞു.

ഏ.ഡി. 359-ല്‍ പൗരസ്ത്യസഭയിലെയും പാശ്ചാത്യസഭയിലെയും മെത്രാന്‍മാര്‍ സെലൂസ്യായിലും റിമ്‌നിയിലും ചക്രവര്‍ത്തിയുടെ നിര്‍ദ്ദേശപ്രകാരം സമ്മേളിക്കുകയും രാജകീയ നിര്‍ബന്ധപ്രകാരം അര്‍ദ്ധ-ആര്യന്‍ വിശ്വാസപ്രമാണത്തെ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ലിബേരിയസ് മാര്‍പ്പാപ്പ പ്രസ്തുത കൗണ്‍സിലില്‍ പങ്കെടുക്കുകയോ തന്റെ പ്രതിനിധികളെ കൗണസിലിലേക്ക് അയക്കുകയോ ചെയ്തില്ല. ഏ.ഡി. 361-ല്‍ കോണ്‍സ്റ്റാന്‍സിയൂസ് രണ്ടാമന്‍ ചക്രവര്‍ത്തി മരണമടഞ്ഞതിനുശേഷം മാര്‍പ്പാപ്പ റിമ്‌നിയിലെ കൗണ്‍സിലില്‍ അംഗീകരിച്ച ഡിക്രികള്‍ അസാധുവാണെന്ന് പ്രഖ്യാപിച്ചു.
പിന്നീട് റോമിലെ മേരി മേജര്‍ ബസിലിക്കയായി നാമകരണം ചെയ്യപ്പെട്ട ബസിലിക്ക പണികഴിപ്പിച്ചത് ലിബേരിയസ് മാര്‍പ്പാപ്പയാണ്. ലിബേരിയസ് മാര്‍പ്പാപ്പയുടെ ഭരണകാലത്തുതന്നെ റോമന്‍ വിജാതിയ മതങ്ങളുടെ ശക്തമായ തിരിച്ചുവരവും നമുക്ക് ദര്‍ശിക്കുവാന്‍ സാധിക്കും കോണ്‍സ്റ്റാന്‍സിയൂസ് ചക്രവര്‍ത്തിയുടെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ട ജൂലിയന്‍ ചക്രവര്‍ത്തി റോമന്‍ വിജാതിയ മതങ്ങളെ റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു. എന്നാല്‍ ജൂലിയന്‍ ചക്രവര്‍ത്തിയുടെ അത്തരം പ്രയത്‌നങ്ങള്‍ വേണ്ടത്ര ഫലം കണ്ടില്ല. എന്നു മാത്രമല്ല ഏ.ഡി. 364-ല്‍ പേര്‍ഷ്യക്കാരുമായി നടന്ന യുദ്ധത്തില്‍ അദ്ദേഹം ഗലീയക്കാരനായ യേശുവേ നീ വിജയിച്ചു എന്നു വിളിച്ചുപറഞ്ഞുകൊണ്ട് മരണപ്പെടുകയും ചെയ്തു. ഏ.ഡി. 366 സെപ്റ്റംബര്‍ 24-ാം തീയതി നീണ്ട പതിനാലുവര്‍ഷത്തെ സംഭവബഹുലമായ തന്റെ പേപ്പസിക്കു നാന്ദികുറിച്ചുകൊണ്ട് ലിബേരിയസ് മാര്‍പ്പാപ്പ കാലം ചെയ്തു.

Liberius succeeded Julius on May 17, 352. He has the ignoble distinction of being the first pope who was not canonized. Liberius initially opposed the deposing of Athanasius but after he was deposed from office himself by Constantius, the Arian emperor, and sent to Thrace to do hard labor, he eventually bent to the emperor’s will. The emperor allowed Liberius to return, but had set up an antipope, Felix II. It was the emperor’s intention to have Liberius and Felix rule simultaneously, but when Liberius returned, the Roman people rejected Felix, who was extremely unpopular, and gave their unfailing support to Liberius. After Constantius died in 361, Liberius felt comfortable upholding the orthodox position of the Nicene faith. Liberius died on September 24, 366.

ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26