കണ്ണൂര്‍: നഗരത്ത ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി കണ്ണൂരില്‍ തെരുവ് നായ ആക്രമണം. ഇന്നലെ രാവിലെ പതിനൊന്നോടെ നഗരത്തില്‍ ജനങ്ങളെ അക്രമിച്ച് തുടങ്ങിയ നായ ഉച്ചക്ക് ശേഷവും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓടി നടന്ന് കടിക്കുകയായിരുന്നു. കടിയേറ്റ 56 പേര്‍ ജില്ല ആശുപത്രിയില്‍ ചികിത്സ തേടി.
കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ്, എസ്.ബി.ഐ പരിസരം, പ്രഭാത് ജംഗ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.
നഗരത്തെ പരിഭ്രാന്തിയിലാക്കിയ നായ ചത്തു എന്നായിരുന്നു കോര്‍പറേഷന്‍ അറിയിച്ചത്. എന്നാല്‍ ഇന്ന് രാവിലെ കണ്ണൂര്‍ നഗരത്തില്‍ വീണ്ടും തെരുവുനായ ആക്രമണം ഉണ്ടായി. 11 പേര്‍ക്ക് കൂടിനായയുടെ കടിയേറ്റു.
ഇന്നലെ നഗരത്തില്‍ 56 പേരെ ആക്രമിച്ച തെരുവുനായയെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തി എന്ന കോര്‍പറേഷന്‍ വാദം ചോദ്യം ചെയ്യുന്ന സംഭവമായിരുന്നു ഇത്.
ഇന്നലെ ഭൂരിഭാഗം പേര്‍ക്കും കാലിനാണ് കടിയേറ്റത്. നടക്കുന്നവരെ നായ പിന്തുടര്‍ന്ന് കടിക്കുകയായിരുന്നു. പലരും കൈയ്യിലുള്ള കുടകൊണ്ടും മറ്റും പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ബാങ്കില്‍ നിന്ന് ഇറങ്ങിയ ഉടനെയും ബസിറങ്ങിയ ഉടനെയും നഗരത്തിലൂടെ നടക്കുന്നതിനിടെയും നിരവധി പേര്‍ക്ക് കടിയേറ്റു. പലര്‍ക്കും ആഴത്തിലുള്ള മുറിവേറ്റു. കടിയേറ്റവരില്‍ പ്രായമായവരും കുട്ടികളുമുണ്ട്. ഇവര്‍ക്കുള്ള വാക്‌സിന്‍ ഉള്‍പ്പെടെയുള്ള ചികിത്സ ജില്ലാ ആശുപത്രിയില്‍ നിന്നാണ് നല്‍കിയത്. വാക്‌സിനോട് അലര്‍ജി കാണിച്ച രണ്ട് പേരെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലേക്ക് നിര്‍ദേശിച്ചതായും അധികൃതര്‍ അറിയിച്ചു.
നായ മറ്റ് മൃഗങ്ങളെ ആക്രമിച്ചിട്ടുണ്ടോയെന്നും സംശയമുണ്ട്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും പ്രദേശവാസികള്‍ കുറ്റപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.