മുപ്പത്തിയഞ്ചാം മാർപാപ്പ വി. ജൂലിയസ് ഒന്നാമന്‍ (കേപ്പാമാരിലൂടെ ഭാഗം-36 )

മുപ്പത്തിയഞ്ചാം മാർപാപ്പ  വി. ജൂലിയസ് ഒന്നാമന്‍  (കേപ്പാമാരിലൂടെ ഭാഗം-36 )

വി. മര്‍ക്കോസ് മാര്‍പ്പാപ്പയുടെ കാലശേഷം വി. പത്രോസിന്റെ സിംഹാസനം ഏകദേശം നാല് മാസത്തോളം ഒഴിഞ്ഞുകിടന്നു. മര്‍ക്കോസ് മാര്‍പ്പാപ്പയുടെ പിന്‍ഗാമിയും തിരുസഭയുടെ മുപ്പത്തിയഞ്ചാമത്തെ മാര്‍പ്പാപ്പയുമായി വി. ജൂലിയസ് ഒന്നാമന്‍ മാര്‍പ്പാപ്പ ഏ.ഡി. 337 ഫെബ്രുവരി 6-ാം തീയതി തിരഞ്ഞെടുക്കപ്പെട്ടു. തിരുസഭയുടെ ചരിത്രത്തില്‍ കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തിയുടെ ഇടപെടലുകള്‍ മൂലവും മറ്റും അപ്രധാനമായി തീര്‍ന്ന ഭരണകാലമായിരുന്നു മര്‍ക്കോസ് മാര്‍പ്പാപ്പയുടെതെങ്കില്‍ സഭയുടെ പരമാചാര്യന്‍ എന്ന സ്ഥാനത്തിന്റെ മഹത്വവും പ്രാധാന്യവും മനസ്സിലാക്കുകയും അചഞ്ചലമായ വിശ്വാസത്തോടും ധൈര്യത്തോടും കൂടെ സഭയെ നയിക്കുകയും ചെയ്ത ധീരനായ മാര്‍പ്പാപ്പയായിരുന്നു വി. ജൂലിയസ് മാര്‍പ്പാപ്പ.

നിഖ്യാ സൂനഹദോസിന്റെ പഠനങ്ങളെ പ്രചരിപ്പിക്കുന്നതിനും വീണ്ടും ആവിര്‍ഭവിച്ച ആര്യനിസത്തിന്റെ ഭീഷണിയില്‍ നിന്നും സഭയെയും വിശ്വാസികളെയും സംരക്ഷിക്കുന്നതിനും വളരെ ശ്രദ്ധാലുവായിരുന്നു ജൂലിയസ് മാര്‍പ്പാപ്പ. ക്രിസ്തുവിന്റെ ദൈവികതയെ സംബന്ധിച്ച പഠനത്തെ എല്ലാവരില്‍ എത്തിക്കുന്നതിനും സഭയെ പരിരക്ഷിക്കുന്നതിനും പൗരസ്ത്യ സഭയിലെ മെത്രാന്മാരോടും വളരെ പ്രത്യേകമായി ആര്യനിസത്തിനെതിരായി സത്യവിശ്വാസത്തിന്റെ ശക്തനായ പരിരക്ഷകനായിരുന്ന അലക്‌സാണ്ട്രിയായിലെ വി. അത്തനാസിയൂസിനോടു ചേര്‍ന്നും ജൂലിയസ് മാര്‍പ്പാപ്പയും തീവ്രമായി പ്രവർത്തിച്ചു. .

കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തിയുടെ ജീവിതകാലത്തു തന്നെ പൗരസ്ത്യസഭയിലേക്ക് വളരെ ശക്തമായി തിരികെയെത്തിയ ആര്യനിസം സഭയില്‍ തഴച്ചുവളരുവാന്‍ ആരംഭിച്ചു. ആര്യനിസത്തിന്റെ ശക്തനായ പ്രചാരകനായിരുന്ന നിക്കൊമെദിയായിലെ യൗസേബിയൂസ് കോണ്‍സ്റ്റാന്റിനോപ്പളിന്റെ പാത്രിയാര്‍ക്കീസായി നിയമിതിനായി. ഏ.ഡി. 337-ല്‍ കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി നിര്യാതനായതിനെ തുടര്‍ന്ന് റോമാ സാമ്രാജ്യം അദ്ദേഹത്തിന്റെ മൂന്നു മക്കള്‍ക്കിടയില്‍ വിഭജിക്കപ്പെട്ടു. എന്നാല്‍ കോണ്‍സ്റ്റന്റയിന്‍ രണ്ടാമന്‍ ചരിത്രത്തില്‍ നിന്നു പെട്ടന്നുതന്നെ അപ്രത്യക്ഷതിനായതിനെ തുടര്‍ന്ന് റോമാസാമ്രാജ്യം അദ്ദേഹത്തിന്റെ രണ്ടുമക്കള്‍ക്കിടയില്‍ വിഭജിക്കപ്പെട്ടു. കോണ്‍സ്റ്റാന്‍സിയൂസ് പൗരസ്ത്യദേശത്തിന്റെ ഭരണാധിപതിയായും കോണ്‍സ്റ്റന്‍സ് പാശ്ചാത്യദേശത്തിന്റെ ഭരണാധിപതിയായും അഭിഷേകം ചെയ്യപ്പെട്ടു. കോണ്‍സ്റ്റന്‍സ് ചക്രവര്‍ത്തി ദൃഢതയുള്ള കത്തോലിക്കാ വിശ്വാസിയായിരുന്നു എന്നാല്‍ കോണ്‍സ്റ്റാന്‍സിയൂസ് ശക്തനായ ആര്യന്‍ പക്ഷക്കാരനുമായിരുന്നു. കോണ്‍സ്റ്റന്‍സ് ചക്രവര്‍ത്തി തന്റെ ശക്തമായ വിശ്വാസപ്രഖ്യാപനങ്ങള്‍വഴിയായും നിലപാടുകള്‍ വഴിയായും സഭയെ ധീരമായി നയിക്കുകയും നാടുകടത്തപ്പെട്ട വി. അത്തനാസിയൂസിനെയും മറ്റു മെത്രാന്മാരെയും തങ്ങളുടെ രൂപതയിലേക്കു മടങ്ങിവരുവാന്‍ അനുവദിക്കുകയും ചെയ്തു. ഇത്തരമൊരു നീക്കത്തില്‍ ക്ഷൂഭിതരായ നിക്കോമെദിയായിലെ യൗസേബിയൂസും അനുയായികളും തങ്ങളുടെ ഒരു പ്രതിനിധി സംഘത്തെ പ്രസ്തുത തീരുമാനം പീന്‍വലിക്കണമെന്ന ആവശ്യവുമായി അയച്ചു. എന്നാല്‍ അവരുടെ ആവശ്യത്തെ അംഗീകരിക്കുവാന്‍ ജൂലിയസ് മാര്‍പ്പാപ്പ തയ്യാറായില്ല മാത്രമല്ല പൗരസ്ത്യ സഭയിലെ മെത്രാന്മാര്‍ക്ക് തന്റെ പൂര്‍ണ്ണ പിന്തുണ നല്‍കുകയും ചെയ്തു. എന്നാല്‍ ഏ.ഡി. 339-ല്‍ ഒരിക്കല്‍ക്കൂടി വി. അത്തനാസിയൂസ് അലക്‌സാണ്ട്രിയില്‍നിന്നും നാടുകടത്തപ്പെട്ടു.

ഈ വാര്‍ത്തയറിഞ്ഞ ജൂലിയസ് മാര്‍പ്പാപ്പ ഏ.ഡി. 341-ല്‍ ഒരു സിനഡ് വിളിച്ചു ചേര്‍ക്കുകയും പ്രസ്തുത സിനഡിലേക്ക് ഇരുപക്ഷക്കാരെയും ക്ഷണിക്കുകയും ചെയ്തു. പ്രസ്തുത സിനഡില്‍ വെച്ച് മെത്രാന്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്ത പൗരസ്ത്യ മെത്രാന്മാരെ അവരുടെമേല്‍ ആര്യന്‍ പക്ഷക്കാരായ മെത്രാന്മാര്‍ ആരോപിച്ച കുറ്റങ്ങളില്‍ നിന്ന് കുറ്റവിമുക്തരാക്കി. സിനഡിനെ തുടര്‍ന്ന് മാര്‍പ്പാപ്പ പൗരസ്ത്യദേശത്തെ മെത്രാന്മാര്‍ക്ക് സിനഡ് തിരുമാനങ്ങള്‍ അറിയിച്ചുകൊണ്ട് കത്ത് എഴുതി. മാത്രമല്ല അവരുടെ നിരുത്തരവാദിത്വപരമായ പെരുമാറ്റത്തിനും തന്റെ ക്ഷണം നിരാകരിച്ചതിനും അവരെ ശകാരിക്കുകയും ചെയ്തു. എന്നാല്‍ മാര്‍പ്പാപ്പയുടെ തീരുമാനത്തില്‍ ക്ഷൂഭിതരായ പൗരസ്ത്യസഭയിലെ ആര്യന്‍ പക്ഷക്കാരായ മെത്രാന്മാര്‍ പൗരസ്ത്യദേശത്തിന്റെ ചക്രവര്‍ത്തിയായ കോണ്‍സ്റ്റാന്റിയൂസിന്റെ നേതൃത്വത്തില്‍ അന്ത്യോക്യയില്‍വെച്ച് സമ്മേളിക്കുകയും അലക്‌സാണ്ട്രിയയുടെ മേലുള്ള തങ്ങളുടെ അവകാശവാദം വീണ്ടും ഉറപ്പിക്കുകയും അത്താനാസിയൂസിനുമേലുള്ള തങ്ങളുടെ വിധിവാചകത്തെ സാധൂകരിക്കുകയും ചെയ്തു. മാത്രമല്ല യൗസേബിയൂസും അനുയായികളും റോമിന്റെ മെത്രാനും മറ്റുള്ളവരും നിഖ്യാ സൂനഹദോസിന്റെ പഠനങ്ങളെയും വിശ്വാസപ്രമാണത്തെയും ധിക്കരിച്ചുവെന്ന് ആരോപിക്കുകയും ചെയ്തു.

യൗസേബിയൂസിന്റെയും അനുയായികളുടെയും ആരോപണങ്ങളും നിലപാടുകളും അറിഞ്ഞതിനെ തുടര്‍ന്ന് ജൂലിയസ് മാര്‍പ്പാപ്പ റോമാസാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിമാരായ കോണ്‍സ്റ്റന്‍സിനോടും കോണ്‍സ്റ്റാന്റിയൂസിനോടും പ്രശ്‌നപരിഹാരത്തിനായി ഒരു സൂനഹദോസ് വിളിച്ചു ചേര്‍ക്കുവാന്‍ ആവശ്യപ്പെട്ടു. ഇതിനേതുടര്‍ന്ന് ഏ.ഡി. 343-ല്‍ സാര്‍ദിക്കായില്‍ ഇപ്പോഴത്തെ ബള്‍ഗേറിയയില്‍ ഒരു കൗണ്‍സില്‍ വിളിച്ചുചേര്‍ത്തു. കൗണ്‍സിലില്‍ നാടുകടത്തപ്പെട്ട അത്തനാസിയൂസും സന്നിഹതനായിരിക്കണമെന്ന് പാശ്ചാത്യസഭയിലെ മെത്രാന്മാര്‍ ആവശ്യപ്പെട്ടതിനാല്‍ പ്രസ്തുത കൗണ്‍സിലില്‍ പങ്കെടുക്കുവാന്‍ പൗരസ്ത്യദേശത്തെ മെത്രാന്മാര്‍ വിസമ്മതിച്ചു. അവരുടെ അസാന്നിദ്ധ്യത്തില്‍പ്പോലും കൗണ്‍സില്‍ നടപടികള്‍ തുടരുകയും അത്തനാസിയൂസിനെ അലക്‌സാണ്ട്രിയയുടെ മെത്രാനായി വീണ്ടും സ്ഥിരീകരിക്കുകയും നിഖ്യാ സൂനഹദോസിന്റേ പഠനങ്ങളെ വീണ്ടും അംഗീകരിക്കുകയും ആര്യനിസത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് പ്രസ്തുത പഠനങ്ങള്‍ തെറ്റാണെന്ന് വീണ്ടും പ്രഖ്യാപിക്കുകയും ചെയ്തു. മാത്രമല്ല, മാര്‍പ്പാപ്പയെ സഭാകര്യങ്ങളുടെ ഉന്നതാധികാരിയും ന്യായിധിപനുമായി പ്രഖ്യാപിച്ചുകൊണ്ട് കുറ്റം വിധിക്കപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്യപ്പെടുന്ന മെത്രാന്മാര്‍ക്ക് മാര്‍പ്പാപ്പയോട് അപ്പീല്‍ നടത്തുന്നതിനുള്ള അവകാശം നല്‍കുകയും ചെയ്തു. പൗരസ്ത്യദേശത്തിന്റെ ഭരണാധികാരിയായ കോണ്‍സ്റ്റാന്റിയൂസ് വി. അത്തനാസിയൂസിനെ തന്റെ രൂപതായായ അലക്‌സാണ്ട്രിയയിലേക്ക് തിരികെ വരുന്നതിനായി അനുവദിക്കുകയും ചെയ്തു.

ഏ.ഡി. 350-ല്‍ തന്റെ സഹോദരനായ കോണ്‍സ്റ്റാന്റിയൂസുമായി നടന്ന യുദ്ധത്തില്‍ കോണ്‍സ്റ്റന്‍സ് കൊല്ലപ്പെടുകയും കോണ്‍സ്റ്റാന്റിയൂസ് ചക്രവര്‍ത്തിയുടെ കീഴില്‍ റോമാസാമ്രാജ്യം വീണ്ടും ഒരു സാമ്രാജ്യമായി മാറുകയും ചെയ്തു. ഏ.ഡി. 352 ഏപ്രില്‍ 12-ന് ജൂലിയസ് ഒന്നാമന്‍ മാര്‍പ്പാപ്പ തന്റെ ധീരമായ പ്രവർത്തനങ്ങൾക്ക്  ശേഷം ഇഹലോകവാസം വെടിഞ്ഞു.

St. Julius I succeeded Pope Mark on February 6, 337. Julius was a staunch defender of the Nicene faith and took a firm stance against the Arians heresy. A number of orthodox bishops who were deposed toward the end of Constantine’s life were allowed to return to their dioceses after the death of Constantine. Recognizing this as a threat, the Arian bishops appealed to the pope to prevent their return, but Julius refused. Julius defended Athanasius as much as he could. When Athanasius was deposed yet again in 339, Julius called a synod in Rome in 341 which cleared Athanasius and the other orthodox bishops of the errors with which the Arians had charged them. When the synod was over, Julius sent letters to the Eastern bishops rebuking them for not accepting his invitation to come to the synod. In 346 Julius received Athanasius in Rome and sent him with a letter to his community. In addition to his involvement in the Arian struggle, Julius also is said to have split the celebration of Jesus’ birth into two solemnities: Epiphany and the Nativity. St. Julius pope died on April 12, 352


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26