വാഷിങ്ടൺ: റഷ്യ–ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവച്ച സമാധാന പ്രമേയം ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്ലോറിഡയിൽ മൂന്ന് ദിവസം നീണ്ടുനിന്ന യുഎസ്–ഉക്രെയ്ന്‍ ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ട്രംപ്.
സെലെൻസ്കി പ്രമേയം ഇപ്പോഴും പൂർണമായി വായിച്ചിട്ടില്ലെന്നത് നിരാശാജനകമാണ്. അദേഹത്തിന്റെ സംഘം ഇത് സ്വീകരിക്കാൻ തയ്യാറാണെങ്കിലും സെലെൻസ്‌കി മടിയോടെയാണ് മുന്നോട്ട് പോകുന്നതെന്നും ട്രംപ് പറഞ്ഞു. റഷ്യയ്ക്ക് ഇതിൽ താൽപര്യമുള്ളതായി തോന്നുന്നു, എന്നാൽ സെലെൻസ്കി അതിന് തയ്യാറല്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
റഷ്യൻ പ്രസിഡന്റ് പുടിൻ ഇതുവരെ പ്രമേയത്തെ തുറന്ന പിന്തുണ നൽകിയിട്ടില്ലെങ്കിലും ചില ഭാഗങ്ങൾ പ്രവർത്തനക്ഷമമല്ലെന്ന് കഴിഞ്ഞ ആഴ്ച അഭിപ്രായപ്പെട്ടിരുന്നു. അതേസമയം ചർച്ചകളിൽ പങ്കെടുത്ത അമേരിക്കൻ ഉദ്യോഗസ്ഥരുമായി താൻ ഫോൺ വഴി വിശദമായ സംഭാഷണം നടത്തിയതായി സെലെൻസ്കി പറഞ്ഞു. യഥാർത്ഥ സമാധാനം നേടാൻ അമേരിക്കയുമായി ഞങ്ങൾ സത്യസന്ധമായി പ്രവർത്തിക്കുന്നുവെന്ന് അദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
ട്രംപ് ഭരണകൂടത്തിന്റെ പുതിയ ദേശീയ സുരക്ഷാതന്ത്ര രേഖയെ റഷ്യ സ്വാഗതം ചെയ്തതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചു. രേഖയിൽ സംഭാഷണവും ബന്ധങ്ങൾ മെച്ചപ്പെടുത്തലും പ്രാധാന്യമുള്ളതായി പറയുന്നുണ്ടെന്നും അത് മോസ്കോയുടെ നിലപാടുമായി പൊരുത്തപ്പെടുന്നതാണെന്നും അദേഹം പറഞ്ഞു.
ചർച്ചകൾ അവസാനിക്കുന്നതിനിടെ ഉക്രെയ്‌നിലെ വിവിധ ഭാഗങ്ങളിലുണ്ടായ റഷ്യൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ നാലു പേർ കൊല്ലപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.