കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ വെറുതേ വിട്ടു. കേസില്‍ ദിലീപിന്റെ പങ്ക് തെളിയിക്കാനായില്ല എന്നാണ് കോടതി കണ്ടെത്തിയത്.
കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്നു മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരെന്ന് കോടതി പറഞ്ഞു. സുനില്‍കുമാര്‍ (പള്‍സര്‍ സുനില്‍), മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ് വിപി, സലിം എന്ന വടിവാള്‍ സലീം, പ്രദീപ് എന്നിവരാണ് ഇവര്‍. പ്രതികള്‍ക്കെതിരെയുള്ള ശിക്ഷ 12 ന് പ്രഖ്യാപിക്കും.
എട്ടാം പ്രതിയായ ദിലീപിനൊപ്പം എഴാം പ്രതി ചാര്‍ളി തോമസ്, ഒമ്പതാം പ്രതി സനല്‍ കുമാര്‍, പത്താം പ്രതി ശരത് എന്നിവരെയും കോടതി വെറുതേ വിട്ടു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് വിധി പറഞ്ഞത്.
ദിലീപ് തന്റെ അഭിഭാഷകനായ അഡ്വ. രാമന്‍ പിള്ളയുടെ ഓഫീസിലാണ് ആദ്യമെത്തിയത്. തുടര്‍ന്ന് ഓഫീസില്‍ നിന്ന് അഭിഭാഷകര്‍ക്കൊപ്പം കോടതിയിലേക്ക് പോവുകയായിരുന്നു. അഡ്വ. രാമന്‍പിള്ളയുടെ ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയ ദിലീപിനോട് മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും പ്രതികരിച്ചില്ല.
തുടര്‍ന്ന് അഭിഭാഷകര്‍ക്കൊപ്പം ദിലീപ് കോടതിയില്‍ പ്രവേശിക്കുകയായിരുന്നു. അതിജീവിതയുടെ അഭിഭാഷക ടി.ബി മിനിയും കോടതിയിലെത്തി. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ളവരും അഭിഭാഷകര്‍ക്കൊപ്പം കോടതിയിലെത്തിയിരുന്നു.
വിധി കേള്‍ക്കുന്നതിനായി അഭിഭാഷകരെ കൂടാതെ പൊതുജനങ്ങളും കോടതി പരിസരത്ത് എത്തിയിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനിയടക്കം ആറ് പ്രതികള്‍ക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിട്ടുള്ളത്.
കേസിലെ മുഖ്യ ആസൂത്രകന്‍ ദിലീപ് ആണെന്നാണ് പ്രോസിക്യൂഷന്‍ വാദം. എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാല്‍ പ്രോസിക്യൂഷന് തളിവ് ഹാജരാക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.