ഒട്ടാവ: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ മിഡില്‍ ഈസ്റ്റില്‍ സമാധാനവും സുസ്ഥിരതയും നിലനിര്‍ത്തണമെന്ന് ജി-7 രാജ്യങ്ങള്‍. സംഘര്‍ഷത്തിന് അയവ് വരുത്തണമെന്നും ലോക നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. ഇസ്രയേലിന്റെ സുരക്ഷയ്ക്കുള്ള പിന്തുണ തങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രാദേശിക അസ്ഥിരതയുടേയും ഭീകരതയുടേയും പ്രധാന ഉറവിടം ഇറാനാണ്. ഇറാന് ഒരിക്കലും ആണവായുധം കൈവശം വെയ്ക്കാന്‍ കഴിയില്ലെന്ന നിലപാട് തന്നെയാണ് ഇപ്പോഴും ആവര്‍ത്തിക്കുന്നതെന്നും ജി-7 രാജ്യങ്ങളുടെ പ്രതിനിധികള്‍ വ്യക്തമാക്കി. അന്താരാഷ്ട്ര ഊര്‍ജ്ജ വിപണികളിലെ പ്രത്യാഘാതങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കുകയും വിപണി സ്ഥിരത സംരക്ഷിക്കുന്നതിന് സമാന ചിന്താഗതിക്കാരായ രാജ്യങ്ങളെ പങ്കാളികളാക്കിക്കൊണ്ട് ഏകോപിപ്പിക്കാന്‍ തയ്യാറാകുകയും ചെയ്യുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച ആരംഭിച്ച ഉച്ചകോടിക്ക് ഇന്ന് സമാപനമാകും. അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സന്ദര്‍ശനം വെട്ടിച്ചുരുക്കി തിരികെ മടങ്ങി. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ നിന്ന് എത്രയും വേഗം ആളുകള്‍ ഒഴിഞ്ഞു പോകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഒപ്പിടാന്‍ പറഞ്ഞ കരാറില്‍ ഇറാന്‍ ഒപ്പിടേണ്ടതായിരുന്നു. അവര്‍ അത് ചെയ്തില്ലെന്നും ട്രംപ് വ്യക്തമാക്കി.
ജി-7 കൂട്ടായ്മയിലെ മിക്കരാജ്യങ്ങളും ഇസ്രയേലിനെ പിന്തുണക്കുന്നവരാണ്. കാനഡയിലെ കനാനാസ്‌കിസില്‍ മൂന്ന് ദിവസമായി നടക്കുന്ന ഉച്ചകോടിയിലെ പ്രധാന ചര്‍ച്ചാ വിഷയവും ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം തന്നെ ആയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.