ശ്രീനഗര്‍: കവര്‍ച്ചയ്ക്ക് ഇരയായ തെരുവ് കച്ചവടക്കാരന് ഒരു ലക്ഷം രൂപ സ്വന്തം കയ്യില്‍ നിന്ന് നല്‍കി ഐ.പി.എസ് ഓഫീസര്‍. ജമ്മു കശ്മീരിലെ ശ്രീനഗറിലാണ് സംഭവം. 90 കാരനായ അബ്ദുള്‍ റഹ്മാന്‍ എന്ന കടല വില്‍പനക്കാരനാണ് ശ്രീനഗര്‍ എസ്.എസ്.പി സന്ദീപ് ചൗധരി സഹായവുമായെത്തിയത്.
ശ്രീനഗറിലെ ബൊഹരി കദല്‍ മേഖലയില്‍ റോഡരികില്‍ വിവിധ തരം കടലകള്‍ വില്‍പന നടത്തുകയാണ് അബ്ദുള്‍ റഹ്മാന്‍. സ്വന്തം മരണാനന്തര ചടങ്ങുകള്‍ക്കു വേണ്ടി അബ്ദുള്‍ റഹ്മാന്‍ സൂക്ഷിച്ചിരുന്ന പണമാണ് കള്ളന്മാര്‍ കവര്‍ന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.
ഒറ്റയ്ക്ക് താമസിച്ചിരുന്ന അബ്ദുള്‍ റഹ്മാനെ കള്ളന്മാര്‍ മര്‍ദിക്കുകയും ഒരു ലക്ഷം രൂപ കവരുകയുമായിരുന്നു. നഷ്ടപ്പെട്ടാലോ എന്നു ഭയന്ന് അബ്ദുള്‍ റഹ്മാന്‍ കൈവശമായിരുന്നു പണം സൂക്ഷിച്ചിരുന്നത്.
അബ്ദുള്‍ റഹ്മാനുണ്ടായ ദുരനുഭവം അറിഞ്ഞതോടെ സന്ദീപ് ചൗധരി സഹായിക്കാന്‍ തയ്യാറാവുകയായിരുന്നു. സ്വന്തം കയ്യില്‍ നിന്ന് ഒരു ലക്ഷം രൂപ അബ്ദുള്‍ റഹ്മാന് അദ്ദേഹം നല്‍കുകയായിരുന്നു. സംഭവം അറിഞ്ഞതോടെ സന്ദീപിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
അതേസമയം മോഷണത്തിന് കേസ് രജിസ്റ്റര്‍ ചെയത് പൊലീസ് അന്വേഷണം ആരംഭിച്ചു. എസ്.എസ്.പി ഉള്‍പ്പെടെയുള്ളവര്‍ അന്വേഷണ പുരോഗതി വിലയിരുത്തുന്നുമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.