നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം വൈകിപ്പോയി; കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി വീതം നഷ്ടപരിഹാരം നല്‍കണം: വരുണ്‍ ഗാന്ധി

നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം വൈകിപ്പോയി; കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി വീതം നഷ്ടപരിഹാരം നല്‍കണം: വരുണ്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്രം വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി ബിജെപി എംപി വരുണ്‍ ഗാന്ധി. നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം വൈകിപ്പോയി. നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം നേരത്തെ തന്നെ സ്വീകരിച്ചിരുന്നുവെങ്കില്‍ നിരപരാധികളായ നിരവധി കര്‍ഷകരുടെ ജീവന്‍ രക്ഷിക്കാമായിരുന്നെന്ന് വരുണ്‍ ഗാന്ധി കുറ്റപ്പെടുത്തി.

സമരത്തിനിടെ ജീവന്‍ ത്യജിക്കേണ്ടി വന്ന കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പ്രധാനമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു. പ്രതിഷേധക്കാരായ കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുക, ലഖിംപൂരിലെ കര്‍ഷക മരണത്തില്‍ കുറ്റാരോപിതനായ കേന്ദ്രമന്ത്രിക്കെതിരെ നടപടി സ്വീകരിക്കുക, മിനിമം താങ്ങുവില ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും കത്തില്‍ വരുണ്‍ ഗാന്ധി ഉന്നയിച്ചിട്ടുണ്ട്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ പ്രധാനമന്ത്രിയുടെ ഹൃദയവിശാലതയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് വരുണ്‍ ഗാന്ധി കത്ത് ആരംഭിക്കുന്നത്. പോരാട്ടത്തില്‍ എഴുന്നൂറില്‍പ്പരം കര്‍ഷക സഹോദരങ്ങള്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ടെന്നും അങ്ങേയറ്റം പ്രയാസകരവും പ്രതികൂലവുമായ സാഹചര്യങ്ങളില്‍ അവര്‍ സമാധാനപരമായി പ്രതിഷേധിച്ചെന്നും വരുണ്‍ ഗാന്ധി കത്തില്‍ പരാമര്‍ശിച്ചു.

എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം നേരത്തെ എടുത്തിരുന്നെങ്കില്‍ അനേകം നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നുവെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും വരുണ്‍ കൂട്ടിച്ചേര്‍ത്തു. കര്‍ഷകരുടെ നിര്യാണത്തില്‍ അനുശോചിക്കണമെന്നും അവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും വരുണ്‍ ഗാന്ധി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.