പൂർണ്ണ ദണ്ഡവിമോചന സാധ്യതകൾ നവംബർ മാസം മുഴുവനുമായി നീട്ടി പ്രഖ്യാപിച്ചു

പൂർണ്ണ ദണ്ഡവിമോചന സാധ്യതകൾ നവംബർ മാസം മുഴുവനുമായി നീട്ടി പ്രഖ്യാപിച്ചു

വത്തിക്കാൻ: ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്ന കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മരിച്ചവിശ്വാസികൾക്ക് വേണ്ടിയുള്ള പൂർണ ദണ്ഡവിമോചന സാധ്യതകൾ നവംബർ മാസം മുഴുവനുമായി പ്രഖ്യാപിച്ചു. അപ്പസ്തോലിക് പെനിറ്റെൻഷ്യറിയിൽ നിന്നും ഒക്ടോബർ 22ന് പുറപ്പെടുവിച്ച ഡിക്രിയിലാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പരമ്പരാഗത രീതിയനുസരിച്ച് നവംബർ മാസത്തിൽ രണ്ട് സാധ്യതകളാണ് പൂർണദണ്ഡവിമോചനത്തിനായി സഭ നൽകിയിരിക്കുന്നത്. ഒന്നാമത്, സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷിക്കുന്ന നവംബർ ഒന്നിനോടനുബന്ധിച്ച് നവംബർ മാസത്തിലെ ഒന്നു മുതൽ എട്ടു വരെയുള്ള ദിവസങ്ങളിൽ എപ്പോഴെങ്കിലും ഒരു സെമിത്തേരി സന്ദർശിച്ച് മരിച്ചവർക്കുവേണ്ടി പ്രാർത്ഥിക്കുക എന്നതാണ്. രണ്ടാമത്, സകല മരിച്ചവരുടെയും തിരുനാൾ ദിനമായ നവംബർ രണ്ടിന് ഏതെങ്കിലും ദേവാലയത്തിലോ പ്രാർത്ഥനാലയത്തിലോ ചെന്ന് "സ്വർഗസ്ഥനായ പിതാവേ" എന്ന പ്രാർത്ഥനയും വിശ്വാസപ്രമാണവും ചൊല്ലുക എന്നതാണ്. ഈ രണ്ടു സാധ്യതകളെയാണ് നവംബർ മാസം മുഴുവനുമായി ഈ വർഷം നീട്ടി നൽകിയിരിക്കുന്നത്.

ഈ വർഷത്തെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ടും സകല മരിച്ചവരുടെയും ഓർമദിനത്തിൽ ആളുകൾ സെമിത്തേരികളിലും പ്രാർത്ഥനാ ഇടങ്ങളിലും കൂട്ടം കൂടുന്നത് ഒഴിവാക്കുന്നതിനുമായി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള മെത്രാന്മാരുടെ അപേക്ഷ പരിഗണിച്ചാണ് ഈ ഒരു പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. മേജർ പെനിറ്റെൻഷ്യറി ആയിട്ടുള്ള കർദ്ദിനാൾ മൗറോ പിയാചെൻസയാണ് ഈ ഡിക്രിയിൽ ഒപ്പു വച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വീട്ടിൽനിന്നും പുറത്തുപോകാൻ കഴിയാത്തവർക്കും ഈ ദിവസങ്ങളിൽ ദണ്ഡവിമോചന സാധ്യതകൾ പ്രയോജനപ്പെടുത്തുവാനുള്ള അവസരം ഉണ്ടായിരിക്കുകയാണ്. ഒപ്പം മറ്റുള്ളവർക്ക് വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാനും കുമ്പസാരം എന്ന കൂദാശ സ്വീകരിക്കുവാനും സെമിത്തേരികൾ സന്ദർശിക്കുവാനും കൂടുതൽ സമയം അനുവദിച്ചു നൽകുന്നു.

അജപാലന ശുശ്രൂഷ നിർവഹിക്കുന്ന വൈദികരോട് ഈ നവംബർ മാസത്തിൽ കൂടുതലായി കൂദാശകൾ പരികർമ്മം ചെയ്യാൻ നിർദേശിക്കുന്നുണ്ട്. വൈദികർ സകല മരിച്ചവരുടെയും തിരുനാൾ ദിനത്തിൽ മൂന്ന് വിശുദ്ധ കുർബാന അർപ്പിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. അങ്ങനെ കൂടുതൽ ആളുകൾക്ക് വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ കഴിയും. കുമ്പസാരങ്ങൾ നടത്തുന്നതിലും രോഗികൾക്ക് വിശുദ്ധ കുർബാന എത്തിച്ചു നൽകുന്നതിലും വൈദികർ ഉദാരത കാണിക്കണമെന്നും ഡിക്രി ഓർമ്മപ്പെടുത്തുന്നു.

പാപത്തിന്റെ കാലികശിക്ഷയിൽനിന്ന് ഒഴിവുതരുന്ന പൂർണ ദണ്ഡവിമോചനം പാപത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള ഉറച്ച തീരുമാനത്തിൽ നിന്ന് കൂടിയാണ് സാധ്യമാകുന്നത്. രോഗത്താലോ പ്രായാധിക്യത്താലോ മറ്റ് ഗുരുതര കാരണങ്ങളാലോ വീടുകളിൽനിന്ന് പുറത്തു പോകാൻ സാധിക്കാത്തവർക്ക് ഭവനത്തിൽതന്നെ ഈശോയുടെയോ മാതാവിന്റേയോ ചിത്രത്തിന് മുൻപിൽ രോഗികളായിട്ടുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്നത് വഴി പൂർണ്ണ ദണ്ഡവിമോചനത്തിൽ പങ്കെടുക്കാവുന്നതാണ്. എന്നാൽ ഇവർ പാപത്തിൽനിന്ന് ഒഴിഞ്ഞു നിൽക്കാനും സാധിക്കുന്ന ഏറ്റവും അടുത്ത സമയത്ത് തന്നെ ദണ്ഡവിമോചനത്തിനുള്ള മൂന്ന് മാനദണ്ഡങ്ങളായ വിശുദ്ധ കുർബാന സ്വീകരണം, കുമ്പസാരം, പരിശുദ്ധ പിതാവിന്റെ നിയോഗത്തിനുവേണ്ടിയുള്ള പ്രാർത്ഥന എന്നിവ നടത്താമെന്ന് മനസ്സിൽ നിശ്ചയിക്കുകയും വേണം. വീടുകളിൽ ഉള്ളവർക്കായി മരിച്ചവരെ അനുസ്മരിക്കുന്ന പ്രഭാത-സായാഹ്ന പ്രാർത്ഥനകൾ, ജപമാല, ദൈവകരുണയുടെ ജപമാല തുടങ്ങിയ പ്രാർത്ഥനകളും ഡിക്രി നിർദേശിക്കുന്നുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26