ലണ്ടന്‍:അനധികൃത കുടിയേറ്റത്തിനു ശമിച്ച അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് ഇംഗ്ലീഷ് ചാനലില്‍ മുങ്ങി 27 പേര്‍ മരിച്ചു. ഫ്രാന്‍സിന്റെ വടക്കന്‍ തീരമായ കലൈസയ്ക്ക് സമീപമായിരുന്നു അഭയാര്‍ഥികള്‍ തിങ്ങി നിറഞ്ഞ ചെറിയ ഡിങ്കി മുങ്ങിയത്. ഫ്രാന്‍സിനെയും ബ്രിട്ടനെയും വേര്‍തിരിക്കുന്ന കടലിടുക്കില്‍ ഇതുവരെയുണ്ടായ ഏറ്റവും വലിയ ബോട്ട് ദുരന്തമാണിത്.
31 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി ഫ്രാന്‍സ് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് 27 ആണെന്നു സ്ഥിരീകരിച്ചതായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.രണ്ടുപേരെ ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുത്തി. ആളൊഴിഞ്ഞ ഡിങ്കിയും സമീപത്ത് അനങ്ങാതെ പൊങ്ങിക്കിടക്കുന്ന ആളുകളെയും കണ്ട ഒരു മത്സ്യതൊഴിലാളിയാണ് ആദ്യം രക്ഷാപ്രവര്‍ത്തകരെ വിളിച്ചറിയിച്ചത്. വൈകാതെ, മൂന്ന് ബോട്ടുകളും മൂന്ന് ഹെലികോപ്റ്ററുകളും ഉള്‍പ്പെട്ട ഫ്രഞ്ച്-ബ്രിട്ടീഷ് സംയുക്ത ടീം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
ദുരന്തവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മനിന്‍ പറഞ്ഞു.'ഞങ്ങള്‍ കണ്ട ഏറ്റവും വലിയ അഭയാര്‍ത്ഥി ദുരന്തമാണിത്' - അദ്ദേഹം പറഞ്ഞു.ക്രിമിനല്‍ കള്ളക്കടത്തുകാരുടെ ഇരകളാവുകയാണ് അഭയാര്‍ത്ഥികളെന്നും കുടിയേറ്റക്കാരുടെ ദുരിതം കള്ളക്കടത്തുകാര്‍ മുതലെടുക്കുകയാണെന്നും അദ്ദേഹം ഒരു ട്വീറ്റില്‍ എഴുതി.ബോട്ട് മുങ്ങിയതിനെ ' വന്‍ ദുരന്തം' എന്നാണ് ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്സ് വിശേഷിപ്പിച്ചത്.
ബോട്ടിലുണ്ടായിരുന്നവരുടെ പൗരത്വം അറിവായിട്ടില്ല. മരിച്ചവരില്‍ ഒരാള്‍ ബ്രിട്ടീഷ് സായുധ സേനയില്‍ ജോലി ചെയ്തിരുന്ന ഒരു അഫ്ഗാന്‍ സൈനികനാണെന്ന് ലണ്ടന്‍ ആസ്ഥാനമായുള്ള ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.യുകെയില്‍ നിന്നുള്ള സഹായത്തിനായി വളരെക്കാലം കാത്തിരുന്നു നടക്കാതെ വന്നപ്പോള്‍ ഇയാള്‍ കുടുംബത്തോടൊപ്പം അപകടകരമായ അനധികൃത മാര്‍ഗ്ഗം സ്വീകരിക്കുകയായിരുന്നു.കടല്‍ സാധാരണയിലും ശാന്തമായതിനാലാണ് ചെറിയ ഡിങ്കി ബോട്ടില്‍ ഇത്രയും അധികം ആളുകള്‍ കയറിയതെന്ന് മത്സ്യതൊഴിലാളി പറഞ്ഞു.
ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ (ഐഒഎം) 2014-ല്‍ ഡാറ്റ ശേഖരിക്കാന്‍ തുടങ്ങിയതിന് ശേഷം ചാനലില്‍ ഉണ്ടായ ഏറ്റവും വലിയ ജീവഹാനിയായാണ് സംഭവത്തെ വിശേഷിപ്പിച്ചത്. അപകടങ്ങള്‍ക്കിടയിലും ചാനല്‍ കടക്കാന്‍ ചെറിയ ബോട്ടുകളോ ഡിങ്കികളോ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം ഈ വര്‍ഷം കുത്തനെ ഉയര്‍ന്നു. ഈ പ്രശ്‌നം ലണ്ടനും പാരീസും തമ്മിലുള്ള സംഘര്‍ഷംത്തിനും ഇടയാക്കുന്നുണ്ട്.
പരസ്പരം പഴി ചാരി ബ്രിട്ടനും ഫ്രാന്‍സും
ദുരന്തം തന്നെ ഞെട്ടിച്ചെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.മനുഷ്യക്കടത്തു തടയുന്നതിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഫ്രാന്‍സിനോട് അദ്ദേഹം ആവശ്യപ്പെട്ടു. ആളുകളെ കടത്തുന്ന സംഘങ്ങള്‍ 'അക്ഷരാര്‍ത്ഥത്തില്‍ കൊലപാതക ശ്രമം നടത്തി രക്ഷപ്പെടുകയാണ്', ജോണ്‍സണ്‍ പറഞ്ഞു.അതേസമയം, ആഭ്യന്തര നേട്ടത്തിനായി വിഷയം രാഷ്ട്രീയവത്കരിക്കുന്നത് ബ്രിട്ടന്‍ അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആവശ്യപ്പെട്ടു.യൂറോപ്യന്‍ യൂണിയന്റെ അതിര്‍ത്തി നിരീക്ഷണ ഏജന്‍സിയായ ഫ്രോണ്ടക്സിന് കൂടുതല്‍ സാമ്പത്തിക സ്രോതസുകള്‍ ലഭിക്കണമെന്ന് മാക്രോണ്‍ പറഞ്ഞു. ചാനലിനെ ശ്മശാനമാക്കാന്‍ ഫ്രാന്‍സ് അനുവദിക്കില്ലെന്നും മാക്രോണ്‍ അറിയിച്ചു.ബ്രിട്ടനും പ്രതിരോധ ദൗത്യത്തിന്റെ ഭാഗമാകണമെന്ന് ആഭ്യന്തര മന്ത്രി ഡാര്‍മനിന്‍ പറഞ്ഞു.
മനുഷ്യാവകാശ ഗ്രൂപ്പുകളും അഭയാര്‍ത്ഥി വിഷയ വിദഗ്ധരും പറയുന്നത്, അഭയാര്‍ത്ഥികളെ തടയുന്ന സര്‍ക്കാര്‍ നയങ്ങളും കര്‍ശനമായ നിരീക്ഷണവും ആളുകളെ കൂടുതല്‍ അപകടസാധ്യതകളിലേക്ക് തള്ളിവിടുന്നുവെന്നാണ്. 'കടത്തുകാരെ മാത്രം കുറ്റപ്പെടുത്തുന്നത് ഫ്രഞ്ച്, ബ്രിട്ടീഷ് അധികാരികളുടെ ഉത്തരവാദിത്തം മറച്ചുവെക്കലാണ്,' അഭയാര്‍ഥികളെയും കുടിയിറക്കപ്പെട്ടവരെയും പിന്തുണയ്ക്കുന്ന ഒരു അഭിഭാഷക ഗ്രൂപ്പായ എല്‍ ഔബര്‍ഗെ ഡെസ് മൈഗ്രന്റ്‌സ് പറഞ്ഞു.
ഫ്രഞ്ച് അധികാരികള്‍ പറയുന്നതനുസരിച്ച്, ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ ഇതുവരെ 31,500 അഭയാര്‍ത്ഥികള്‍ ഈ ഭാഗത്ത് കടല്‍ കടക്കാന്‍ ശ്രമിച്ചു. ഇവരില്‍ 7,800 പേരെ കടലില്‍ നിന്നു രക്ഷപ്പെടുത്തി. ഓഗസ്റ്റ് മുതല്‍ മനുഷ്യക്കടത്ത് ഇരട്ടിയായിട്ടുണ്ട്.യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലേക്ക് വന്‍തോതില്‍ മനുഷ്യക്കടത്തുണ്ടാകുന്നതിനുള്ള പ്രധാന കാരണം മിഡില്‍ ഈസ്റ്റിലെയും അഫ്ഗാനിസ്ഥാനിലെയും സംഘര്‍ഷങ്ങളാണെന്ന് പത്രപ്രവര്‍ത്തകനും അക്കാദമിക് വിദഗ്ധനുമായ പീറ്റര്‍ ഹുമി പറഞ്ഞു.
മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമുള്‍പ്പെടെ എട്ട് കുടിയേറ്റക്കാരുടെ മൃതദേഹങ്ങള്‍ രണ്ടു മാസം മുമ്പ് തെക്കന്‍ സ്പെയിനിന്റെ കടല്‍ തീരത്ത് കണ്ടെത്തിയിരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു ഇവര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.