വാഷിംഗ്ടണ്‍: വാക്കുകള്‍ക്കതീതമായ ദൈവ സ്നേഹം സൗഹൃദപ്പൂക്കള്‍ വിതറി വര്‍ണ്ണിച്ച് അമേരിക്കയുടെ 'താങ്ക്‌സ് ഗിവിംഗ് ഡേ' ആഘോഷം. നന്ദി ചൊല്ലി തീര്‍ക്കുവാനീ ജീവിതം പോരാ ' എന്ന് ഉദ്ഘോഷിക്കുന്ന ഈ മതാതീത ആഘോഷ പരിപാടി ക്രിസ്മസ് മേളത്തിനുള്ള ഒരുക്കത്തിന്റെ തുടക്കം കൂടിയായി. വീണ്ടെടുപ്പിന്റെ സ്വപ്നങ്ങളുമായി മഹാമാരിയില്‍ നിന്നു തിരികെ വരുന്ന ലോകത്തെ സംബന്ധിച്ച് ഏറെ പ്രത്യേകതകളുള്ളതാണ് ഇത്തവണത്തെ നന്ദി പ്രകടന ദിനം. ഇടവക, കുടുംബ അടിസ്ഥാനത്തിലും അല്ലാതെയും പ്രാര്‍ത്ഥനാ ശുശ്രൂഷയും സ്നേഹ വിരുന്നുകളും താങ്ക്‌സ് ഗിവിംഗ് ഡേയുടെ ഭാഗമാണെങ്കിലും മതാതീതമായി ഈ ദിനം വ്യാപകമായി ആചരിച്ചു വരുന്നു.
പ്രകൃതിയും സാഹചര്യങ്ങളും അനുകൂലമാക്കി തന്ന ദൈവത്തിനു നന്ദി പറയാന്‍ വിളവെടുപ്പുമായി ബന്ധിച്ച് എല്ലാ നവംബറിലെയും നാലാമത്തെ വ്യാഴാഴ്ചയെ അമേരിക്ക പരമ്പരാഗതമായി തിരിച്ചിട്ടിരുന്നു. 'താങ്ക്‌സ് ഗിവിംഗ് ഡേ' ആയി. 1621ല്‍ കോളനിക്കാലത്ത് ബ്രിട്ടീഷുകാര്‍ തുടങ്ങിവച്ച പതിവിന്റെ തുടര്‍ച്ച. അമേരിക്കയില്‍ മതാതീതമായ പൊതു ദേശീയ അവധി ദിനം കൂടിയാണിത്. നന്ദി സൂചക പ്രാര്‍ഥന പങ്കിട്ട് സമൃദ്ധ ഭക്ഷണവും ഒരുക്കി പ്രിയപ്പെട്ടവരുടെ ഒത്തുചേരലോടെ സമ്പൂര്‍ണ്ണമാകുന്ന സുരഭില വേള. ദൈവിക പ്രീതിയോ ദയയോ അംഗീകരിക്കുന്ന ഒരു പൊതു ആഘോഷം. ദൈവത്തിന് നന്ദി പറയാനുള്ള പ്രത്യേക ദിവസം ആയും ക്രിസ്മസിനു മുന്‍പായുള്ള തയാറെടുപ്പായും ഈ ദിനത്തെ കണക്കാക്കാം.
1863 ഒക്ടോബര്‍ മൂന്നിനാണ് പ്രസിഡന്റ് എബ്രഹാം ലിങ്കണ്‍ താങ്ക്‌സ് ഗിവിംഗ് ഡേ ആഘോഷിക്കുന്നതിനുള്ള ഔദ്യോഗിക ആഹ്വാനം രാജ്യത്തോട് നടത്തിയത്. അന്ന് ഫെഡറല്‍ അവധി ദിവസമായും പ്രഖ്യാപിച്ചു. ഫ്രാങ്ക്‌ളിന്‍ ഡി റൂസ് വെല്‍റ്റ് പ്രസിഡന്റായിരിക്കവെ 1941ല്‍ ഈ ദിനം ഔദ്യോഗികമായി അംഗീകരിച്ച് യു എസ് കോണ്‍ഗ്രസ് പ്രമേയം പാസാക്കി. തികഞ്ഞ അടുക്കും ചിട്ടയുമായി ശുഭ പ്രതീക്ഷയുടെ പര്യായം കൂടിയായി ആദ്യ കാലങ്ങളില്‍ മൂന്നു ദിവസം കൊണ്ടാടിയിരുന്നു താങ്ക്സ് ഗിവിങ്. അമേരിക്കക്കാരുടെ ജീവിതത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത വാര്‍ഷികാഘോഷം. അനുഗ്രഹങ്ങള്‍ക്കു നന്ദി സൂചകമായി പല വിദേശ രാജ്യങ്ങളിലും താങ്ക്‌സ് ഗിവിങ് ഒരു ദേശീയാഘോഷമാണ്. അമേരിക്ക, കാനഡ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലാണ് താങ്ക്‌സ് ഗിവിംഗ് വിപുലമായി കൊണ്ടാടുന്നത്.
സ്മരണാപൂര്‍വം ഗൂഗിള്‍ ഡൂഡില്‍
അമേരിക്കയില്‍ വിദേശികള്‍ക്ക് പുതിയ ജീവിതം തുടങ്ങാന്‍ സഹായിച്ച സ്വദേശികളായവര്‍ക്ക് നന്ദി പറയാനുള്ള ദിനമെന്നതാണ് ഇതിന്റെ മറ്റൊരു അതുല്യത. സിനിമാ പ്രദര്‍ശനത്തിന്റെ ഇടവേളാ മുന്നറിയിപ്പായി 1950 കളില്‍ അമേരിക്കയിലെ തിയേറ്ററുകളില്‍ ഇട്ടിരുന്ന വിഷ്വലിനു പുനര്‍ജീവന്‍ നല്‍കി ഡൂഡില്‍ ആയി അവതരിപ്പിച്ചാണ് ഗൂഗിള്‍ ഇക്കുറി താങ്ക്സ് ഗിവിങ് ദിനത്തെ ആദരിച്ചിരിക്കുന്നത്. മനസും ശരീരവും ഏക ദ്വീപാക്കി സഹജരില്‍ നിന്ന് അകല്‍ച്ച പാലിച്ച ദിനങ്ങളോടു വിട പറഞ്ഞ് ഒത്തുചേരല്‍ പുനരാരംഭിക്കാറായെന്ന ആഹ്വാനം ഗൂഗിള്‍ ഇതു വഴി നല്‍കാന്‍ ശ്രമിക്കുന്നു.
'കര്‍ത്താവ് അടുത്തിരിക്കുന്നു. ഒന്നിനെക്കുറിച്ചും ആകുലരാകരുത്; എല്ലാ സാഹചര്യങ്ങളിലും പ്രാര്‍ത്ഥനയിലൂടെയും അപേക്ഷയിലൂടെയും നന്ദിയോടെ നിങ്ങളുടെ അപേക്ഷകള്‍ ദൈവത്തില്‍ സമര്‍പ്പിക്കുക. എല്ലാ ധാരണകള്‍ക്കും അതീതമായ ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിങ്ങളുടെ മനസിനേയും ബൈബിളിലെ ഈ ലേഖന ഭാഗം നന്ദി പ്രകടന ദിനത്തിന്റെ മൂലക്കല്ലുകളായി ഗണിക്കപ്പെടുന്നു.
ഇക്കാലത്ത് ലോകം കടന്നു പോകുന്ന സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ പൊതുവെ അനുഭവിക്കുന്ന ഭയവും ആശങ്കകളും മാറ്റി നിര്‍ത്തി ദൈവത്തോട് നന്ദി പറയാന്‍ ഇതിനേക്കാള്‍ മികച്ച സമയം മറ്റൊന്നില്ലെന്ന ദര്‍ശനം സാമൂഹിക ശാസ്തര്ജ്ഞര്‍ പങ്കുവയ്ക്കുന്നണ്ട്. ദൈവത്തോടുള്ള നന്ദിക്കു മനസുകളില്‍ സ്ഥാനമുണ്ടാകേതിന്റെ പ്രാധാന്യത്തെക്കുറിച്ച് നിരന്തരം ഓര്‍മ്മിപ്പിക്കേണ്ടതുണ്ട്.
ഉല്‍ക്കര്‍ഷ ചിന്തകള്‍ നാമ്പിട്ടു വളരാന്‍ അനിവാര്യമാണത്. താങ്ക്സ് ഗിവിംഗ് സാര്‍ത്ഥകമാകുന്നതിന്റെ അനുബന്ധമായി ദൈവം അനുഗ്രഹങ്ങളുടെ വാതിലുകള്‍ തുറക്കുമെന്ന വിശ്വാസത്തോടെയാണ് ഉണ്ണിയേശുവിനെ വരവേല്‍ക്കാന്‍ പരമ്പരാഗതമായി ഒരുങ്ങി വന്നത്. ഒരോ അണുവിലും ദൈവത്തെ മഹത്വപ്പെടുത്താനുള്ള കര്‍ത്തവ്യം ഓര്‍മ്മിപ്പിക്കുന്നു ഈ ദിനം.
ബ്ലാക്ക് ഫ്രൈഡേ, സൈബര്‍ മണ്‍ഡേ
അവധിക്കാല ഷോപ്പിംഗ് സീസണിന്റെ ആരംഭം കൂടിയാണിത്. താങ്ക്സ് ഗിവിങ്ങിന് ശേഷമുള്ള വെള്ളിയാഴ്ച നടക്കുന്ന വാര്‍ഷിക ഷോപ്പിംഗ് ഇവന്റ് 'ബ്ലാക്ക് ഫ്രൈഡേ' എന്ന പേരില്‍ വളര്‍ന്നു കഴിഞ്ഞു. അടുത്ത തിങ്കള്‍ 'സൈബര്‍ മണ്‍ഡേ'. 1950, 60 കളില്‍ യു.എസിലാണ് ഈ വാക്കുകള്‍ ആദ്യമായി ഉപയോഗിച്ചു തുടങ്ങിയത്. ഈ ദിവസം ഷോപ്പിങ്ങിനായി നിരവധി ആളുകള്‍ എത്തുന്നതിനാല്‍ പൊലീസിന് ജനങ്ങളെ നിയന്ത്രിക്കുക ദുഷ്‌കരമായി. അതു സൂചിപ്പിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരാണ് 'ബ്ലാക്ക് ഫ്രൈഡേ' എന്ന പദം ആദ്യമായി ഉപയോഗിക്കാന്‍ തുടങ്ങിയത.്
1980 കളില്‍ വ്യാപാരികള്‍ക്ക് ഈ ദിവസം ഏറ്റവും മികവുറ്റതായി മാറിത്തുടങ്ങി. വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വ്യാപാരം നടക്കുന്നതും ലാഭം കൊയ്യുന്നതുമായ ദിനമായി ഇത്. എല്ലാവരും ഈ ദിനം കാത്തിരിയ്ക്കുന്ന അവസ്ഥയിലെത്തി. വലിയ ലാഭം കിട്ടിത്തുടങ്ങിയപ്പോള്‍ വ്യാപാരികളും ബ്ലാക്ക് ഫ്രൈഡേ എന്ന് സ്നേഹത്തോടെ വിളിയ്ക്കാന്‍ തുടങ്ങി. ബ്ലാക്ക് എന്നത് എല്ലാവര്‍ക്കും അശുഭ നിറമാകുമ്പോള്‍ വ്യാപാരികള്‍ക്ക് മറിച്ചാണ്. ലാഭം സൂചിപ്പിക്കാനായി കറുപ്പ് നിറത്തിലുള്ള മഷിയാണ് അവര്‍ ഉപയോഗിക്കുന്നത്, നഷ്ടം ചുവപ്പ് നിറത്തിലും. അതിനാലാണ് ലാഭം കൊണ്ടുവരുന്ന ഈ ദിനത്തെ അവര്‍ ബ്ലാക്ക് ഫ്രൈഡേ എന്ന് സന്ദേഹമെന്യേ വിളിച്ചത്.
താങ്ക്സ് ഗിവിംഗ് ചടങ്ങിന് ശേഷമുള്ള വെള്ളിയാഴ്ച എല്ലാവര്‍ക്കും ഷോപ്പിംഗ് നടത്താന്‍ കഴിയണമെന്നില്ല, അതിനാല്‍ ഇത്തരം ആളുകള്‍ക്കായി അതിനു ശേഷമുള്ള തിങ്കളാഴ്ച ഓണ്‍ലൈന്‍ വ്യാപാരം നടത്താന്‍ അവസരം നല്‍കാന്‍ തുടങ്ങി. 2000 ത്തിന് ശേഷമാണ് ഈ പ്രവണത ആരംഭിച്ചത്. ഈ ദിവസങ്ങളില്‍ കടകളില്‍ നേരിട്ടെത്തി സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്തവര്‍ ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയും ചെയ്തു. വ്യാപാരികള്‍ ഈ ദിവസങ്ങളില്‍ വലിയ ഓഫറുകള്‍ നല്‍കാറുണ്ട്. ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ ഈ ദിവസം വലിയ തോതിലുള്ള വ്യാപാരം നടക്കുന്നു; ലാഭക്കൊയ്ത്തും. ഇതാണ് 'സൈബര്‍ മണ്‍ഡേ'.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.