യു.എസിനെ കൈവിട്ട് ചൈനയെ പുണരാനൊരുങ്ങി മാര്‍ഷല്‍ ദ്വീപുകള്‍; ആശങ്ക പങ്കിട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍

യു.എസിനെ കൈവിട്ട് ചൈനയെ പുണരാനൊരുങ്ങി മാര്‍ഷല്‍ ദ്വീപുകള്‍; ആശങ്ക പങ്കിട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍

വാഷിംഗ്ടണ്‍: ആണവമാലിന്യം നീക്കാന്‍ സഹകരിക്കുന്നില്ലെന്ന പരാതിയുമായി അമേരിക്കയെ കൈവിട്ട് ചൈനയുമായുള്ള സഖ്യനീക്കത്തില്‍ മാര്‍ഷല്‍ ദ്വീപുകള്‍. നിക്ഷേപവും സാമ്പത്തിക സഹായവുമേകി സോളമന്‍ ദ്വീപുകളുടെ പിന്നാലെ മാര്‍ഷല്‍ ദ്വീപുകളിലും സ്ഥാനമുറപ്പിക്കാനുള്ള ചൈനയുടെ നീക്കം മുന്നോട്ടു പോകുന്നതിലുള്ള ആശങ്ക യു.എസ് കോണ്‍ഗ്രസ് അംഗങ്ങളും പ്രകടിപ്പിച്ചു തുടങ്ങി.

പതിറ്റാണ്ടുകളായി, മാര്‍ഷല്‍ ദ്വീപുകള്‍ ശക്തമായ അമേരിക്കന്‍ സഖ്യകക്ഷിയാണ്. പസഫിക് സമുദ്രത്തിന്റെ മധ്യഭാഗത്ത് 1200 തുരുത്തുകള്‍ ഉള്‍പ്പെടുന്ന അതിന്റെ സ്ഥാനം യുഎസ് സൈന്യത്തിന്റെ തന്ത്രപ്രധാനമായ ഔട്ട്പോസ്റ്റാക്കി മാറ്റിയിരുന്നു. എന്നാല്‍ വാഷിംഗ്ടണുമായുള്ള 'കോംപാക്റ്റ് ഓഫ് ഫ്രീ അസോസിയേഷന്‍' കരാറിന്റെ നിബന്ധനകളെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടയിലാണ് ആ വിശ്വസ്തത പരീക്ഷിക്കപ്പെടുന്നതും വിരാമത്തിലേക്കു നീങ്ങുന്നതും.

ബിക്കിനി അറ്റോളില്‍ നടത്തിയ ഒരു വലിയ തെര്‍മോ ന്യൂക്ലിയര്‍ സ്‌ഫോടനം ഉള്‍പ്പെടെ, 1940 കളിലും 50 കളിലും അമേരിക്കയുടെ ഡസന്‍ കണക്കിന് ആണവ പരീക്ഷണങ്ങള്‍ക്കു വേദിയായിരുന്നു ദ്വീപ്. ഇതു മൂലം പാരിസ്ഥിതികവും ആരോഗ്യപരവുമായി കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയെന്ന ദ്വീപുകാരുടെ അവകാശവാദങ്ങള്‍ അതേപടി അംഗീകരിക്കാന്‍ യുഎസ് വിസമ്മതിക്കുന്നു. ഇതിനിടെയാണ് ഭൗമരാഷ്ട്രീയ ആധിപത്യത്തിനായുള്ള മത്സരത്തിന്റെ ഭാഗമായി ചൈന ഈ മേഖലയിലേക്ക് ശക്തമായി ചുവടുവെക്കുന്നതിനിടെ മാര്‍ഷല്‍ ദ്വീപില്‍ സ്വാധീനത്തിനു തുനിഞ്ഞത്.

ആണവമാലിന്യം നീക്കാന്‍ അടിയന്തര നടപടി വേണമെന്ന ദ്വീപിന്റെ ആവശ്യത്തോട് യുഎസ് മുഖം തിരിച്ചതോടെയാണ് ചൈനയെ ആശ്രയിക്കാന്‍ ദ്വീപസമൂഹം തുനിയുന്നത്. ജീവനും പരിസ്ഥിതിയും ഇനിയെങ്കിലും സംരക്ഷിക്കേണ്ടതുണ്ടെന്നാണ് ദ്വീപുകാര്‍ പറയുന്നത്.
ആണവ പരീക്ഷണങ്ങളുടെ മാലിന്യം ദ്വീപുകാര്‍ക്കിടയില്‍ ഉയര്‍ന്ന കാന്‍സര്‍ നിരക്കിനും പരിസ്ഥിതി നാശത്തിനും കാരണമായെന്ന് പരക്കെ ആക്ഷേപമുണ്ട്. പ്രശ്‌നം പരിഹരിക്കുന്നതിനായി 15 കോടി യുഎസ് ഡോളര്‍ നല്‍കാമെന്നാണ് യുഎസ് വാഗ്ദാനം ചെയ്തത്. എന്നാല്‍ ഇത് അപര്യാപ്തമാണെന്ന് ദ്വീപുകാര്‍ പറയുന്നു.

രണ്ടാം ലോകമഹായുദ്ധം മുതല്‍ മൈക്രോനേഷ്യ, പലാവു എന്നിവയ്‌ക്കൊപ്പം മാര്‍ഷല്‍ ദ്വീപുകളെയും സ്വന്തം പ്രദേശം പോലെയാണ് യു.എസ് പരിഗണിച്ചത്. ചൈന പ്രത്യേകിച്ച് സജീവമാകാന്‍ ശ്രമിക്കുന്ന മേഖലയായതിനാല്‍ മാര്‍ഷല്‍ ദ്വീപുകളില്‍ യുഎസ് വികസിപ്പിച്ചെടുത്ത സൈനിക, രഹസ്യാന്വേഷണ, ബഹിരാകാശ സൗകര്യങ്ങള്‍ ഏറെ തന്ത്ര പ്രധാനവുമാണ്. അതിനു വേണ്ടി ധാരാളം യു.എസ് സമ്പത്തും അധ്വാനവും വിനിയോഗിച്ചത് മാര്‍ഷല്‍ ദ്വീപുകളുടെ സമ്പദ്വ്യവസ്ഥയ്ക്ക് ഗുണം ചെയ്തു. നിരവധി മാര്‍ഷലികള്‍ യുഎസില്‍ ജീവിതം കരുപ്പിടിപ്പിച്ചു. ആയിരക്കണക്കിന് പേരാണ് ദ്വീപുകളില്‍ നിന്ന് അര്‍ക്കന്‍സാസ്, ഹവായ്, ഒക് ലഹോമ എന്നിവിടങ്ങളിലേക്ക് കുടിയേറിയത്.

അതേസമയം, മാര്‍ഷല്‍ ദ്വീപുകള്‍, മൈക്രോനേഷ്യ, പലാവു എന്നിവയുമായുള്ള യുഎസ് കോംപാക്റ്റ് ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലായതില്‍ ഉത്ക്കണ്ഠ പ്രകടിപ്പിച്ച് ജനപ്രതിനിധിസഭയിലെ 10 ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ പ്രസിഡന്റ് ജോ ബൈഡന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന് കത്തെഴുതിയിട്ടുണ്ട്.അന്താരാഷ്ട്ര ശ്രദ്ധ ഇന്തോ-പസഫിക്കിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോഴും ഈ ഭരണം ആരംഭിച്ചതിന് ശേഷം ചര്‍ച്ചകള്‍ക്ക് ഔപചാരികമായ യോഗങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന അവര്‍ ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.