മാനുവല്‍ ജനിച്ചത് 24-ാം ആഴ്ചയില്‍... തൂക്കം 630 ഗ്രാം!.. ആശുപത്രിച്ചിലവ് 15.50 ലക്ഷം രൂപ

മാനുവല്‍ ജനിച്ചത് 24-ാം ആഴ്ചയില്‍... തൂക്കം 630 ഗ്രാം!.. ആശുപത്രിച്ചിലവ് 15.50 ലക്ഷം രൂപ

നിസാര കാരണങ്ങള്‍ പറഞ്ഞ് സന്താന സൗഭാഗ്യം നഷ്ടപ്പെടുത്തി പിന്നീട് ദുരന്തമേറ്റു വാങ്ങുന്ന സ്ത്രീകള്‍ക്കിടയില്‍ ജീവന്റെ മഹത്വം തിരിച്ചറിഞ്ഞ് പ്രതിസന്ധികളും വെല്ലുവിളികളും ഏറ്റെടുക്കുന്ന ധാരാളം സ്ത്രീകളുണ്ട്. അവരില്‍ രണ്ടു പേര്‍ മാത്രമാണ് കളമശേരിയില്‍ താമസിക്കുന്ന അനു ലിബിനും അമേരിക്കയിലെ അലബാമയിലുള്ള മിഷേല്‍ ബട്ട്ലറും.

മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി (എംടിപി) ആക്ടിന്റെ ഭേദഗതി പ്രകാരം 24 ആഴ്ച വരെ പ്രായമുള്ള ഗര്‍ഭസ്ഥ ശിശുക്കളെ ഇന്ത്യയില്‍ വധിക്കാം. എന്നാല്‍ അതേ 24 ആഴ്ച പ്രായമെത്തിയപ്പോള്‍ അമ്മയുടെ ഉദരത്തില്‍ നിന്ന് പുറത്തു കടന്നവനാണ് മാനുവല്‍... ജനിക്കുമ്പോള്‍ തൂക്കം വെറും 630 ഗ്രാം!..

പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ മണിമല വീട്ടില്‍ ലിബിന്‍ എം മാണിയുടെയും അനുവിന്റെയും രണ്ടാമത്തെ കുഞ്ഞാണ് മാനുവല്‍. ജോലി സംബന്ധമായി എറണാകുളത്ത് കളമശേരിയിലാണ് ഇവര്‍ താമസിക്കുന്നത്. മൂത്ത മകള്‍ സേറയ്ക്ക് രണ്ടര വയസുള്ളപ്പോഴാണ് അനു വീണ്ടും ഗര്‍ഭിണിയായത്.

എറണാകുളത്തെ ഒരു പ്രമുഖ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെയാണ് കണ്‍സള്‍ട്ട് ചെയ്തിരുന്നത്. സ്‌കാനിംഗില്‍ മറ്റു പ്രശ്‌നങ്ങളൊന്നും കണ്ടില്ലെങ്കിലും 24 ആഴ്ചയെത്തിയപ്പോള്‍ പെട്ടന്ന് ബ്ലീഡിംഗ് ഉണ്ടാവുകയും പ്രസവം സംഭവിക്കുകയുമായിരുന്നു.

പ്രസവത്തിന് തൊട്ടുമുമ്പ് ഡോക്ടര്‍മാര്‍ നടത്തിയ കൗണ്‍സിലിംഗില്‍ ഇത്രയും നേരത്തേ ജനിക്കുന്ന കുഞ്ഞിന്റെ അതിജീവന ശേഷിയില്‍ സംശയം പ്രകടിപ്പിക്കുകയും കുഞ്ഞിന് ചില ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. 'റിസ്‌ക് എടുക്കണോ' എന്ന ചോദ്യം ഗര്‍ഭഛിദ്രത്തിലേക്കുള്ള സൂചനയായിരുന്നു.

എന്നാല്‍ ജീവന്റെ മഹത്വം തിരിച്ചറിഞ്ഞ ലിബിനും അനുവും എന്ത് പ്രതിസന്ധിയുണ്ടായാലും കുഞ്ഞിനെ നശിപ്പിക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ചു നിന്നു. വൈകാതെ പ്രസവം നടന്നു. 2017 മെയ് 17 ന് ജനിച്ച കുഞ്ഞ് നാല് മാസം വെന്റിലേറ്ററില്‍ തന്നെ കഴിഞ്ഞു.

ഈ നാല് മാസക്കാലമത്രയും മുലപ്പാല്‍ പിഴിഞ്ഞ് നല്‍കുന്നതിനായി രാത്രിയും പകലും മൂന്നു നേരം വീതം അനുവിന് ആശുപത്രിയില്‍ ചെല്ലേണ്ടതായി വന്നു. 2017 സെപ്റ്റംബര്‍ 14 ന് കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്തു. ഇതിനിടെ വെന്റിലേറ്റര്‍ ചാര്‍ജും മരുന്നും മറ്റ് ആശുപത്രി ചിലവുമായി 15.50 ലക്ഷം രൂപ മുടക്കു വന്നതായി ലിബിന്‍ പറഞ്ഞു.

മാനുവലിന് രണ്ടേകാല്‍ വയസെത്തിയപ്പോഴാണ് മൂന്നാമത്തെ കുട്ടി മൈക്കിളിന്റെ ജനനം. അവനും പൂര്‍ണ വളര്‍ച്ചെത്താതെ 27-ാം ആഴ്ചയിലായിരുന്നു ജനിച്ചത്. തൂക്കത്തില്‍ ജേഷ്ഠനേക്കാള്‍ അല്‍പ്പം കൂടി മെച്ചം... 1.100 കിലോ ഗ്രാം. തുടക്കത്തില്‍ 15 ദിവസം വെന്റിലേറ്ററില്‍. പിന്നീട് 30 ദിവസം ഇന്‍കുബേറ്ററില്‍. മൈക്കിളിന് ആശുപത്രിയില്‍ വന്ന ചെലവ് 4.50 ലക്ഷം രൂപ.

മൂന്നു വര്‍ഷത്തിനുള്ളില്‍ രണ്ട് കുഞ്ഞുങ്ങളുണ്ടായപ്പോള്‍ ലിബിന്‍-അനു ദമ്പതികള്‍ അവര്‍ക്കു വേണ്ടി ചെലവഴിച്ചത് 20 ലക്ഷം രൂപയാണ്. ഇത്രയും തുക പെട്ടന്ന് കണ്ടെത്തേണ്ടി വന്നത് കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെ പ്രതികൂലമായി ബാധിച്ചെങ്കിലും മനുഷ്യ ജീവന് നോട്ടു കെട്ടുകളേക്കാള്‍ വിലയുണ്ടെന്ന തിരിച്ചറിവാണ് അവരെ നയിച്ചത്. മാനുവലും മൈക്കിളും ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാന്‍മാരാണ്.

നിസാര കാരണങ്ങള്‍ പറഞ്ഞ് സന്താന സൗഭാഗ്യം നഷ്ടപ്പെടുത്തി പിന്നീട് ദുരന്തമേറ്റു വാങ്ങുന്ന സ്ത്രീകള്‍ കണ്ടു പടിക്കേണ്ട മാതൃകയാണ് അനു എന്ന ഈ വീട്ടമ്മയും ഭര്‍ത്താവ് ലിബിനും. ഡോക്ടര്‍മാര്‍ പോലും ഭ്രൂണഹത്യയിലേക്ക് വിരല്‍ ചൂണ്ടിയപ്പോഴും നിഷ്‌കളങ്ക ജീവനെ നശിപ്പിക്കില്ലെന്ന അവരുടെ ഉറച്ച തീരുമാനത്തിന്റെ ഫലമാണ് കളമശേരിയിലെ വീട്ടില്‍ ചേച്ചി സേറയ്‌ക്കൊപ്പം പറന്നു കളിക്കുന്ന കുട്ടിക്കുറുമ്പന്‍മാരായ മാനുവലും മൈക്കിളും.

മാസം തികയാതെ ജനിച്ചു; പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് കര്‍ട്ടിസ് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി

മേരിക്കയിലെ അലബാമയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഒരു സംഭവം അറിയുക. അലബാമ സ്വദേശിനിയായ മിഷേല്‍ ബട്ട്ലര്‍ എന്ന യുവതി 21 ആഴ്ചയും ഒരു ദിവസവും മാത്രമെത്തിയപ്പോള്‍ രണ്ട് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. കര്‍ട്ടിസ് മീന്‍സ്, കാസ്യ മീന്‍സ് എന്നിങ്ങനെയാണ് കുഞ്ഞുങ്ങള്‍ക്ക് അവള്‍ പേരിട്ടത്.

പക്ഷേ, കാസ്യ ഒരു ദിവസത്തിന് ശേഷം മരിച്ചു. കര്‍ട്ടിസും അതിജീവിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍ മിഷേലിന്റെ കണ്ണിമ ചിമ്മാതെയുള്ള പരിചരണത്തിലും പ്രാര്‍ത്ഥനയിലും എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്ത് കര്‍ട്ടിസ് മീന്‍സ് അതിജീവിച്ചു.

മാസം തികയാതെ ജനിച്ച് അതിജീവിക്കുന്ന കുട്ടികളില്‍ ഗിന്നസ് റെക്കോര്‍ഡിന് അര്‍ഹനായിരിക്കുകയാണ് ഇപ്പോള്‍ ഒന്നര വയസുകാരനായ  കര്‍ട്ടിസ്. കുരുന്നു  ജീവന് അമ്മ നല്‍കിയ സമാനതകളില്ലാത്ത കരുതലിന് കാലം കാത്തു വച്ച സമ്മാനം.


2020 ജൂലൈയില്‍ അലബാമയിലെ ഒരാശുപത്രിയില്‍ മിഷേല്‍ ജന്മം നല്‍കുമ്പോള്‍ 420 ഗ്രാം മാത്രമായിരുന്നു കര്‍ട്ടിസിന് ഭാരം. അതിജീവിക്കാന്‍ ഒരു ശതമാനം മാത്രമുള്ള സാധ്യതകളെ വെല്ലുവിളിച്ച് ഇപ്പോള്‍ സന്തുഷ്ടനും ആരോഗ്യവാനുമായി 16 മാസം പ്രായമുള്ള കര്‍ട്ടിസ് അതിജീവനത്തിന്റെ ഒരു പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ചതായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് 2021 നവംബര്‍ പത്തിന് സ്ഥിരീകരിച്ചു.

സാധാരണയായി 280 ദിവസമാണ് ഗര്‍ഭാവസ്ഥ. എന്നാല്‍ 148 ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് കര്‍ട്ടിസ് ജനിക്കുന്നത്. ഇത്രയും നേരത്തെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ അതിജീവിക്കില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ താന്‍ ആകെ തകര്‍ന്ന് പോയെന്ന് കര്‍ട്ടിസിന്റെ അമ്മ മിഷേല്‍ പറഞ്ഞു.

ഗര്‍ഭധാരണ കാലാവധി തികയാന്‍ 19 ആഴ്ചകള്‍ക്ക് മുന്‍പു തന്നെ ജനിച്ചെങ്കിലും കര്‍ട്ടിസ് ചികിത്സയോട് അസാധാരണമായി പ്രതികരിച്ചു. അലബാമ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരെയും ജീവനക്കാരെയും ഇത് അത്ഭുതപ്പെടുത്തി. കര്‍ട്ടിസിന് ശ്വസന സഹായവും ഹൃദയത്തിനും ശ്വാസകോശത്തിനും പ്രവര്‍ത്തിക്കാന്‍ ആവശ്യമായ മരുന്നുകളും നല്‍കി ജീവന്‍ നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞു. 275 ദിവസം ആശുപത്രിയില്‍ ചെലവഴിച്ചതിന് ശേഷമാണ് കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്തത്.

കര്‍ട്ടിസിന് ഇപ്പോഴും ഓക്സിജനും ഫീഡിംഗ് ട്യൂബും ആവശ്യമാണെങ്കിലും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കാരണം ജീവന്റെ വിലയറിയുന്ന അവന്റെ അമ്മ നല്‍കുന്ന കരുതല്‍ അത്ര മഹത്തരമാണ്.

പ്രസവത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴും നിസാര കാരണങ്ങള്‍ പറഞ്ഞ് കുഞ്ഞുങ്ങളെ വധ ശിക്ഷയ്ക്ക് വിധേയരാക്കുന്ന കൊലയാളികളായ അമ്മമാര്‍ കണ്ടു പഠിക്കണം മിഷേല്‍ എന്ന ഈ അമ്മ ലോകത്തിനു നല്‍കിയ ജീവന്റെ സന്ദേശം.

മതങ്ങളും മഹത് വ്യക്തികളും ഗര്‍ഭഛിദ്രത്തെപ്പറ്റി എന്ത് പറയുന്നു... നാളെ വായിക്കുക.

ഈ ലേഖന പരമ്പരയുടെ മുന്‍ അധ്യായങ്ങള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.