ബ്രിട്ടീഷ് ഭരണത്തില്‍നിന്നു മോചനം നേടി ബാര്‍ബഡോസ്; പരമാധികാര റിപബ്ലിക് രാഷ്ട്രമായി പ്രഖ്യാപിച്ചു

ബ്രിട്ടീഷ് ഭരണത്തില്‍നിന്നു മോചനം നേടി ബാര്‍ബഡോസ്; പരമാധികാര റിപബ്ലിക് രാഷ്ട്രമായി പ്രഖ്യാപിച്ചു

ബ്രിഡ്ജ്ടൗണ്‍: നൂറ്റാണ്ടുകള്‍ നീണ്ട ബ്രിട്ടീഷ് ഭരണത്തില്‍നിന്നു മോചനം നേടി കരീബിയന്‍ ദ്വീപ് രാഷ്ട്രമായ ബാര്‍ബഡോസ്. രാജ്യത്തിന്റെ പരമാധികാരിസ്ഥാനത്തുനിന്ന് എലിസബത്ത് രാജ്ഞിയെ ഔദ്യോഗികമായി നീക്കം ചെയ്യുകയും പ്രഥമ പ്രസിഡന്റായി സാന്‍ഡ്ര മേസണ്‍ അധികാരമേല്‍ക്കുകയും ചെയ്തു.

ചൊവ്വാഴ്ച ചാള്‍സ് രാജകുമാരന്‍ പങ്കെടുത്ത വര്‍ണാഭമായ ചടങ്ങിലാണ് എലിസബത്ത് രാജ്ഞിയെ രാഷ്ട്രത്തലവന്റെ സ്ഥാനത്തുനിന്ന് നീക്കിയതായി പ്രഖ്യാപിച്ചത്. പിന്നീട് ലോകത്തിലെ ഏറ്റവും പുതിയ പരമാധികാര റിപബ്ലിക് രാഷ്ട്രമായി ബാര്‍ബഡോസിനെ പ്രഖ്യാപിക്കുകയും ചെയ്തു. തലസ്ഥാനമായ ബ്രിഡ്ജ്ടൗണില്‍ അര്‍ധരാത്രിയിലായിരുന്നു ചടങ്ങുകള്‍.

ഗവര്‍ണര്‍ ജനറലായിരുന്ന സാന്‍ഡ്ര മേസണ്‍ ആദ്യ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. 2018 മുതല്‍ രാജ്യത്തിന്റെ ഗവര്‍ണര്‍ ജനറലാണ് സാന്‍ഡ്ര. ബ്രിട്ടണില്‍നിന്ന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 55-ാം വാര്‍ഷിക ദിനമായ നവംബര്‍ 30നായിരുന്നു റിപബ്ലിക് പ്രഖ്യാപനവും രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞയും. ഔദ്യോഗിക അധികാര കൈമാറ്റത്തെ സൂചിപ്പിക്കാന്‍ ബ്രിട്ടീഷ് രാജവാഴ്ചയുടെ റോയല്‍ സ്റ്റാന്‍ഡേര്‍ഡ് പതാക താഴ്ത്തുകയും സ്വന്തം പതാക ഉയര്‍ത്തുകയും ചെയ്തു.

കഴിഞ്ഞവര്‍ഷം രാഷ്ട്രത്തലവന്റെ സ്ഥാനത്തുനിന്ന് ബ്രിട്ടീഷ് രാജ്ഞിയെ നീക്കം ചെയ്യുന്നതായി ബാര്‍ബഡോസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പരമാധികാര റിപബ്ലിക് പ്രഖ്യാപനത്തെ ആഘോഷത്തോടെയാണ് ബാര്‍ബഡോസ് ജനത വരവേറ്റത്. രാജ്യത്ത് കോവിഡ് 19നെ തുടര്‍ന്ന് പ്രഖ്യാപിച്ച കര്‍ഫ്യൂ ഒഴിവാക്കി ജനങ്ങള്‍ക്ക് ആഘോഷിക്കാന്‍ സര്‍ക്കാര്‍ അവസരമൊരുക്കിയിരുന്നു. ചാള്‍സ് രാജകുമാരന് പുറമെ ബാര്‍ബേഡിയന്‍ ഗായികയായ റിഹാനയും ചടങ്ങില്‍ പങ്കെടുത്തു. പുതിയ തുടക്കമായാണ് ചടങ്ങിനെ ചാള്‍സ് രാജകുമാരന്‍ വിശേഷിപ്പിച്ചത്. എല്ലായ്‌പ്പോഴും താന്‍ ബാര്‍ബഡോസിന്റെ സുഹൃത്തായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

1625-ലാണ് ബാര്‍ബഡോസിന്റ തീരത്ത് ആദ്യ ഇംഗീഷ് കപ്പല്‍ എത്തുന്നത്. ദീര്‍ഘകാല അടിമത്തത്തിനു ശേഷം 1966 നവംബര്‍ 30-ന് ബാര്‍ബഡോസ് സ്വാതന്ത്ര്യം നേടി. ഒരു കാലത്ത് ബാര്‍ബഡോസ് അടിമക്കച്ചവടത്തിന്റെ കേന്ദ്രമായിരുന്നു. 1627-നും 1833നും ഇടയില്‍ ഇംഗ്ലീഷ് യജമാനന്മാരുടെ കരിമ്പുതോട്ടങ്ങളില്‍ ജോലി ചെയ്യാനായി ആറുലക്ഷത്തോളം ആഫ്രിക്കന്‍ അടിമകളെ ബാര്‍ബഡോസില്‍ എത്തിച്ചിരുന്നെന്നാണ് കണക്കുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.