മുംബൈ: ഒമിക്രോണ്‍ വ്യാപനം കൂടിയ രാജ്യങ്ങളില്‍ നിന്നെത്തിയ ആറ് യാത്രക്കാര്‍ക്ക് കോവിഡ്. മഹാരാഷ്ട്ര ആരോഗ്യവകുപ്പാണ് ഈ കാര്യം അറിയിച്ചത്. യാത്രക്കാരിൽ കുറച്ച് പേര്‍ക്ക് നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളപ്പോള്‍ മറ്റ് ചിലര്‍ ലക്ഷണങ്ങള്‍ ഇല്ലാത്തവരുമാണെന്ന് അധികൃതര്‍ പറഞ്ഞു. എല്ലാവരുടെയും സ്രവ സാമ്പിളുകള്‍ ജനിതക പരിശോധനക്കായി അയച്ചു.
യാത്രക്കാരായ ആറുപേരില്‍ രണ്ട് പേര്‍ നൈജീരിയയില്‍ നിന്നെത്തിയവരാണ്. ഇവരുടെ സമ്പര്‍ക്കങ്ങള്‍ പരിശോധിക്കുകയാണ്. ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണെങ്കിലും ഇന്ത്യയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ അര്‍ധരാത്രി മുതല്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവില്‍ വന്നിട്ടുണ്ട്.
അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇന്നലെ അര്‍ധരാത്രി പ്രാബല്യത്തില്‍ വന്നതോടെ സംസ്ഥാന ആരോഗ്യ വിദഗ്ധരുടെയും വിമാനത്താവളം, തുറമുഖം ഹെല്‍ത്ത് ഓഫീസര്‍മാരുടെയും ലാന്‍ഡ് ബോര്‍ഡര്‍ ക്രോസിംഗ് ഓഫീസര്‍മാരുടെയും യോഗം ഉടന്‍ ചേരണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ കണക്‌ഷന്‍ ഫ്ലൈറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യരുത്. ഐ.സി.യു, ഓക്സിജന്‍ കിടക്കകള്‍, വെന്റിലേറ്റുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ആരോഗ്യ സംവിധാനങ്ങളുടെ ലഭ്യത ഉറപ്പാക്കണം. ഓക്സിജന്‍ സിലിണ്ടറുകള്‍, മരുന്ന് വിതരണം ശക്തമാക്കണം. വീടുകളില്‍ എത്തി വാക്സിന്‍ നല്‍കുന്നതുള്‍പ്പെടയുള്ള നടപടികള്‍ വേഗത്തിലാക്കണം. അടുത്ത 31ഓടെ ഒരു ഡോസ് വാക്സിനെങ്കിലും എല്ലാവര്‍ക്കും ലഭ്യമായെന്ന് ഉറപ്പാക്കണം. പ്രതിദിന നിരീക്ഷണം ശക്തിപ്പെടുത്തണം എന്നിവയാണ് മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ പ്രധാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.