ഐപിഎലില്‍ ഇനി താരലേലം ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്

ഐപിഎലില്‍ ഇനി താരലേലം ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്

ന്യുഡല്‍ഹി: ഐപിഎലില്‍ ഇനി മുതല്‍ മെഗാ താര ലേലങ്ങള്‍ ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്. 2022 സീസനു മുന്നോടിയായി നടക്കുന്ന ലേലമാവും അവസാനത്തേതെന്നും ഇനി മെഗാ ലേലം ഉണ്ടാവില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2022 സീസണു മുന്‍പുള്ള മെഗാ ലേലം അടുത്ത മാസം നടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്ത സീസണ്‍ മുതല്‍ 10 ടീമുകളാണ് ഉണ്ടാവുക. നിലവിലുള്ള ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തു വിട്ടതോടെ പുതിയ രണ്ട് ഫ്രാഞ്ചൈസികള്‍ക്ക് മൂന്ന് താരങ്ങളെ വീതം ലേലത്തിനു മുന്‍പ് ടീമിലെത്തിക്കാനാവും. അങ്ങനെയെങ്കില്‍ റാഷിദ് ഖാന്‍, കെഎല്‍ രാഹുല്‍, ശ്രേയാസ് അയ്യര്‍, ബെന്‍ സ്റ്റോക്‌സ് തുടങ്ങിയ താരങ്ങളൊക്കെ ലേലത്തിനു മുന്‍പ് തന്നെ രണ്ട് ടീമുകളിലുമായി എത്തുമെന്നാണ് വിലയിരുത്തല്‍.

നായകന്‍ എം എസ് ധോണി ഉള്‍പ്പെടെ നാലു കളിക്കാരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നില നിര്‍ത്തി. ധോണിക്ക് പുറമെ രവീന്ദ്ര ജഡേജ, ഋതുരാജ് ഗെയ്ക്വാദ്, മൊയീന്‍ അലി എന്നിവരെയാണ് ചെന്നൈ നിലനിര്‍ത്തിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ച വിരാട് കോലി, ഗ്ലെന്‍ മാക്‌സ്വെല്‍, മുഹമ്മദ് സിറാജ് എന്നിവരെയാണ് നിലനിര്‍ത്തിയത്. രാജസ്ഥാന്‍ റോയല്‍സ് സഞ്ജു സാംസണെ ഒന്നാമത്തെ കളിക്കാരനായി നിലനിര്‍ത്തി. കൂടാതെ ജോസ് ബട്ലര്‍, യശസ്വി ജയ്സ്വാള്‍ എന്നിവരാണ് രാജസ്ഥാന്‍ നിലനിര്‍ത്തിയ മറ്റു കളിക്കാര്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആന്ദ്രെ റസല്‍, വെങ്കടേഷ് അയ്യര്‍, വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍ എന്നിവരെയാണ് നിലനിര്‍ത്തിയത്. ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്ത്, അക്‌സര്‍ പട്ടേല്‍, പൃഥ്വി ഷാ, ആന്റിച്ച് നോര്‍ക്കിയ എന്നിവരെ നിലനിര്‍ത്തി. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ്, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരെ നിലനിര്‍ത്തി.

സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍, ഉമ്രാന്‍ മാലിക്ക്, അബ്ദുള്‍ സമദ് എന്നിവരെ നിലനിര്‍ത്തി. പഞ്ചാബ് കിംഗ്‌സ് മായങ്ക് അഗര്‍വാളിനെയും അര്‍ഷ്ദീപ് സിംഗിനെയും നിലനിര്‍ത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.